| Thursday, 11th January 2024, 3:34 pm

'അതിന് മാത്രം ആ സിനിമയില്‍ നിങ്ങള്‍ എന്താണ് ചെയ്തതെന്ന് ഭാര്യ ചോദിച്ചു': ശിവരാജ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കന്നഡ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് ശിവരാജ് കുമാര്‍. മുന്‍ സൂപ്പര്‍ സ്റ്റാര്‍ രാജ് കുമാറിന്റെ മകനാണ് ശിവരാജ് കുമാര്‍. മാസ് സിനിമകളിലൂടെ ആരാധകരുടെ സ്വന്തം ശിവണ്ണയായി മാറിയ താരത്തിന്റെ ആദ്യ ചിത്രം 1986ല്‍ പുറത്തിറങ്ങിയ ‘ആനന്ദ്’ ആണ്.
കന്നഡയില്‍ 125ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ശിവണ്ണ പോയ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ജയിലറിലെ അതിഥിവേഷത്തിലൂടെ തമിഴിലും അരങ്ങേറി.

ചിത്രത്തിലെ നരസിംഹന്‍ എന്ന കഥാപാത്രത്തെ എല്ലാ ഭാഷയിലെയും ആരാധകര്‍ ഒരുപോലെ ഏറ്റെടുത്തിരുന്നു. ആ വേഷത്തിന് കിട്ടിയ അംഗീകാരത്തെപ്പറ്റി താരത്തിന്റെ പ്രതികരണം ഇങ്ങനെയായികുന്നു.

‘ആ സിനിമ തെരഞ്ഞെടുക്കാനുള്ള പ്രധാനകാരണം രജിനി സാര്‍ തന്നെയായിരുന്നു. അതുപോലെ നെല്‍സണ്‍ എന്ന സംവിധായകന്‍ രജിനി സാറിനെ എങ്ങനെ അവതരിപ്പിക്കുമെന്ന് അറിയാനും കൂടിയായിരുന്നു അതില്‍ അഭിനയിച്ചത്. എന്നാല്‍ ആ കഥാപാത്രത്തിന് ഇത്രയും പ്രശംസ കിട്ടുമെന്ന് കരുതിയില്ല. എവിടെ ചെന്നാലും ആളുകള്‍ നരസിംഹന്‍ എന്ന കഥാപാത്രത്തെപ്പറ്റി മാത്രമേ ചോദിക്കുന്നുള്ളൂ.

എനിക്ക് ഇപ്പോഴും അറിയില്ല, ആ കഥാപാത്രത്തിന് ഇത്രയും പ്രശംസ കിട്ടാനുള്ള കാരണമെന്തെന്ന്? എന്റെ ഭാര്യയും എന്നോട് ചോദിച്ചു, എല്ലാവരും ആ സിനിമയെപ്പറ്റി മാത്രമാണല്ലോ പറയുന്നത്. എന്താ നിങ്ങള്‍ ആ സിനിമയില്‍ ചെയ്തതെന്ന്. ചുമ്മാ നടന്നു വരുന്നു, സിഗരറ്റ് വലിക്കുന്നു, പുറകില്‍ നിന്ന് ടിഷ്യൂ പേപ്പര്‍ ബോക്സ് എടുത്തു വെക്കുന്നു. വേറൊന്നും നിങ്ങള്‍ ചെയ്തില്ലല്ലോ. പക്ഷേ ആ കഥാപാത്രത്തിന് ഇത്രയും റീച്ച് കിട്ടുക എന്നത് നിസാരകാര്യമല്ല’ ശിവരാജ് കുമാര്‍ പറഞ്ഞു.

ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലറിലും താരം പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ് വുഡ്സ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ മില്ലര്‍ ജനുവരി 12ന് തിയേറ്ററുകളിലെത്തും. പ്രിയങ്ക മോഹന്‍, സന്ദീപ് കിഷന്‍, ജോണ്‍ കൊക്കന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍.

ജി.വി.പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. സിദ്ധാര്‍ത്ഥ നുനി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമ സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജന്‍, അരുണ്‍ ത്യാഗരാജന്‍ എന്നിവരാണ് നിര്‍മിക്കുന്നത്

Content Highlight: Shivaraj Kumar about his role in Jailer

We use cookies to give you the best possible experience. Learn more