ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ഇമോഷണല്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ചിത്രത്തില്‍ ജയറാമിന് പുറമെ മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയുമുണ്ടായിരുന്നു.
വന്‍ താരനിര തന്നെ ഒരുമിച്ച ഓസ്ലറില്‍ നെഗറ്റീവ് കഥാപാത്രമായെത്തിയ നടനാണ് ജഗദീഷ്. സേവി പൊന്നൂസ് എന്ന ആ കഥാപാത്രം സിനിമ കാണുന്ന ഒരാളില്‍ ഏറെ വെറുപ്പും ദേഷ്യവും തോന്നിപ്പിക്കുന്നതായിരുന്നു.
മരണം വരെ ചെയ്ത തെറ്റിനെക്കുറിച്ചോര്‍ത്ത് ഒരു കുറ്റബോധവും തോന്നാത്ത ജഗദീഷിന്റെ ചെറുപ്പം അവതരിപ്പിച്ചിരുന്നത് ശിവരാജാണ്. ചിത്രത്തില്‍ ധാരാളം പുതുമുഖങ്ങളുണ്ടെങ്കിലും അഭിനയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടതും ശിവരാജായിരുന്നു.
ഇപ്പോള്‍ അബ്രഹാം ഓസ്ലറിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് താരം. താന്‍ മുമ്പ് അഭിനയിച്ചിട്ടുള്ള ‘ആഹാ’, ‘തുറമുഖം’ എന്നീ ചിത്രങ്ങളേക്കാള്‍ കൂടുതല്‍ റെസ്‌പോണ്‍സിബിളിറ്റി ഈ ചിത്രത്തിനായിരുന്നെന്ന് ശിവരാജ് പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ആഹാ സിനിമയില്‍ വടംവലി ആയിരുന്നു. അതിന് വേണ്ടി വടംവലി പഠിക്കാന്‍ ഉണ്ടായിരുന്നു. തുറമുഖം സിനിമക്ക് വേണ്ടി വെയിറ്റ് കുറച്ചു. പിന്നെ ചില മാനറിസം പഠിച്ചെടുത്തു. എന്നാല്‍ അബ്രഹാം ഓസ്ലറില്‍ അതിനേക്കാള്‍ വലിയ റെസ്‌പോണ്‍സിബിളിറ്റിയാണ് ജഗദീഷ് ചേട്ടന്റെ ചെറുപ്പം ചെയ്യുമ്പോള്‍ ഉണ്ടായിരുന്നത്. അതിനും ഒരുപാട് സ്റ്റഡി ചെയ്തിരുന്നു,’ ശിവരാജ് പറയുന്നു.
സേവി പൊന്നൂസ് എന്ന കഥാപാത്രത്തെ കുറിച്ച് എന്തായിരുന്നു സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞത് എന്ന ചോദ്യത്തിനും താരം മറുപടി പറഞ്ഞു.
‘കണ്ടാല്‍ ഉടനെ ഒന്ന് പൊട്ടിക്കാന്‍ തോന്നണം എന്നായിരുന്നു പറഞ്ഞത്. ഏറ്റവും സിമ്പിളായിട്ട് മിഥുന്‍ ചേട്ടന്‍ പറഞ്ഞ ഒരു കാര്യം അതായിരുന്നു. സേവി പൊന്നൂസിനെ കണ്ടു കഴിഞ്ഞാല്‍ പിരടിക്ക് ഒന്ന് കൊടുക്കാന്‍ തോന്നണം, അങ്ങനെയൊരു കഥാപാത്രമാണ് അതെന്ന് പറഞ്ഞു. കുറ്റബോധം ഇല്ലാത്ത മനുഷ്യനാണതെന്നും പറഞ്ഞിരുന്നു. ആ കഥാപാത്രം നന്നായി ചെയ്യാന്‍ പറ്റിയത് അതുകൊണ്ടായിരുന്നു,’ ശിവരാജ് പറഞ്ഞു.
Content Highlight: Shivaraj About His Abraham Ozler’s Character Sevi Ponnoos