പഞ്ചാബ് കിങ്‌സ് ബെഞ്ചിലിരുത്തിയവന്റെ അഴിഞ്ഞാട്ടം; തമിഴ്നാട്ടിൽ കൊടുങ്കാറ്റും ഇടിമിന്നലും ഒരുമിച്ചെത്തി
Cricket
പഞ്ചാബ് കിങ്‌സ് ബെഞ്ചിലിരുത്തിയവന്റെ അഴിഞ്ഞാട്ടം; തമിഴ്നാട്ടിൽ കൊടുങ്കാറ്റും ഇടിമിന്നലും ഒരുമിച്ചെത്തി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th July 2024, 1:47 pm

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന് തകര്‍പ്പന്‍ ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സീച്ചെ മധുര പാന്തേഴ്‌സിനെ 30 റണ്‍സിനാണ് ഡിണ്ടിഗല്‍ പരാജയപ്പെടുത്തിയത്.  എന്‍.പി.ആര്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മധുര ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഡിണ്ടിഗല്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മധുരക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

ഡിണ്ടിഗലിന് വേണ്ടി സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് ശിവം സിങ് നടത്തിയത്. 57 പന്തില്‍ പുറത്താവാതെ 106 റണ്‍സ് നേടിക്കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ആറ് ഫോറുകളും 10 കൂറ്റന്‍ സിക്‌സുകളുമാണ് ശിവത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ് ശിവം സിങ്. ഐ.പി.എല്ലില്‍ ഈ സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് താരത്തിന് ഇറങ്ങാന്‍ സാധിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ ആയിരുന്നു താരം കളത്തിലിറങ്ങിയത്.

അതേസമയം മധുരയുടെ ബൗളിങ്ങില്‍ കാര്‍ത്തിക്ക് മണികണ്ഠന്‍ രണ്ട് വിക്കറ്റും ഗുര്‍ജപ്നീത് സിങ്, ആര്‍. മിഥുന്‍, മുരുകന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഡിണ്ടിഗലിനായി ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റും സുബോത് ബാട്ടി, വരുണ്‍ ചക്രവര്‍ത്തി, വിഘ്‌നേഷ് പുത്തൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി നിര്‍ണായകമായപ്പോള്‍ മധുരയുടെ ഇന്നിങ്‌സ് 171 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

37 പന്തില്‍ 55 റണ്‍സ് നേടിയ സുരേഷ് ലോകേശ്വര്‍ ആണ് മധുരയുടെ ടോപ് സ്‌കോറര്‍. മൂന്ന് ഫോറുകളും നാല് സിക്‌സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 22 പന്തില്‍ 28 റണ്‍സ് നേടിയ ജഗദീശന്‍ കൗസിക്കും 13 പന്തില്‍ പുറത്താവാതെ 22 നേടി പി. ശരവണനും നിര്‍ണായകമായി.

 

Content Highlight: Shivam Singh Great Performance in TNPL 2024