ഇന്ത്യയില്‍ രാഷ്ട്രീയ സംവാദങ്ങള്‍ അതിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. അവിശ്വസനീയമാണ് പിന്തുണയ്ക്കലുകള്‍. എന്തുതന്നെ തെളിവ് കിട്ടിയാലും ജനങ്ങള്‍ അവരുടെ ഭാഗം പിന്തുണച്ചുകൊണ്ടിരിക്കുന്നു. തങ്ങള്‍ പ്രചരിപ്പിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് തെളിയിക്കപ്പെട്ടാല്‍ പോലും ഒരു പശ്ചാത്താപവുമില്ല. എല്ലാവരും പാര്‍ട്ടികളെയും വോട്ടര്‍മാരെയും അനുഭാവികളെയും കുറ്റപ്പെടുത്തുന്ന ഒരു വിഷയം ഇതാണ്.
അവിശ്വസനീയമായ പ്രചാരണബുദ്ധിയോടെ ചില സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ബി.ജെ.പി വലിയ പണിയെടുക്കുന്നുണ്ട്. ഈ സന്ദേശങ്ങളാണ് എനിക്ക് ഇനിയും ഈ പാര്‍ട്ടിയെ പിന്തുണക്കാനാവില്ലയെന്ന് പറയാനുള്ള പ്രധാന കാരണം. അതിലേക്കു പോകും മുമ്പ് എല്ലാവരും ഒരു കാര്യം മനസിലാക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. അതായത്, ഒരു പാര്‍ട്ടിയും പൂര്‍ണമായും മോശമല്ല, അതുപോലെ തന്നെ ഒരു പാര്‍ട്ടിയും പൂര്‍ണമായും നല്ലതുമല്ല. എല്ലാ സര്‍ക്കാരും ചില നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടാവും. ഈ സര്‍ക്കാരും അതില്‍ നിന്നു വ്യത്യസ്തമല്ല.
നന്മകള്‍
1. റോഡ് നിര്‍മാണം മുമ്പത്തേക്കാള്‍ വേഗത്തിലായി. റോഡിന്റെ നീളം അളക്കാനുള്ള രീതിയില്‍ മാറ്റം കൊണ്ടുവന്നു. അതുകൂടി കണക്കിലെടുത്താല്‍ തീര്‍ച്ചയായും അത് വേഗത്തിലായിട്ടുണ്ട്.
2. വൈദ്യുതി കണക്ഷന്‍ വര്‍ധിച്ചു- എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചു. ആളുകള്‍ക്ക് കൂടുതല്‍ സമയം വൈദ്യുതി കിട്ടിക്കൊണ്ടിരിക്കുന്നു. അഞ്ചുലക്ഷം ഗ്രാമങ്ങളിലേറെ കോണ്‍ഗ്രസ് വൈദ്യുതീകരിച്ചു. 18,000 ഗ്രാമങ്ങള്‍ കൂടി വൈദ്യുതീകരിച്ചുകൊണ്ട് മോദി ഇത് പൂര്‍ത്തിയാക്കി. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ഈ നേട്ടത്തെ വിലയിരുത്താം. അതുപോലെ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഓരോവര്‍ഷവും വൈദ്യുതി കിട്ടിക്കൊണ്ടിരിക്കുന്നതിന്റെ സമയദൈര്‍ഘ്യം കൂടിക്കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ ബി.ജെ.പിയുടെ കാലത്ത് കുറേക്കൂടി വലിയ വര്‍ധനവ് നമുക്ക് കാണാം.
3. ഉന്നതതലത്തില്‍ അഴിമതി കുറഞ്ഞു- മന്ത്രിതലത്തില്‍ വലിയ കേസുകളൊന്നും ഇല്ല. (ഒന്നാം യു.പി.എ സര്‍ക്കാര്‍ കാലത്തും ഇതുതന്നെയായിരുന്നു അവസ്ഥ.). താഴേത്തട്ടില്‍ കാര്യങ്ങള്‍ പഴയപടി തന്നെയാണ്. തുക കൂടിയെന്നു മാത്രം. ആര്‍ക്കും ഇവരെ നിയന്ത്രിക്കാനാവുന്നില്ല.
4. സ്വച്ഛ് ഭാരത് പദ്ധതി തീര്‍ച്ചയായും വിജയമാണ്- മുമ്പത്തേക്കാള്‍ കൂടുതല്‍ ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കപ്പെട്ടു. ശുചിത്വം എന്നത് ആളുകളുടെ മനസില്‍ ആഴത്തില്‍ ഉറച്ചുപോയ ഒന്നായി മാറി.
5. എത്രപേര്‍ രണ്ടാമത്തെ സിലിണ്ടര്‍ വാങ്ങിയെന്നതില്‍ വ്യക്തതയൊന്നുമില്ലെങ്കിലും ഉജ്ജ്വല യോജന വലിയൊരു തുടക്കമാണ്. ആദ്യത്തെ സിലിണ്ടറും സ്റ്റൗവും സൗജന്യമായിരുന്നു. പക്ഷേ ഇനി ആളുകള്‍ അതിന് പൈസ നല്‍കണം. സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്തുള്ളതിന്റെ ഇരട്ടിയായി സിലിണ്ടറിന്റെ വില. ഇപ്പോഴൊന്നിന് 800ലേറെയാവും.
6. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുളള സൗകര്യങ്ങള്‍ വര്‍ധിച്ചു. കൂടുതല്‍ ട്രെയിനുകളും റോഡുകളും വിമാനങ്ങളും വന്നു. അതിനപ്പുറം മുഖ്യധാരാ വാര്‍ത്താ ചാനലുകളില്‍ ഈ മേഖലകളെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നു.
7. പ്രാദേശിക പാര്‍ട്ടികളുടെ കയ്യിലുണ്ടായിരുന്ന സമയത്തേക്കാള്‍ ഇവിടങ്ങളിലെ ക്രമസമാധാന നില താരതമ്യേന മെച്ചപ്പെട്ടു.
മോശം കാര്യങ്ങള്‍:
രാജ്യങ്ങളും സമ്പ്രദായങ്ങളും സൃഷ്ടിച്ചെടുക്കപ്പെടുന്നത് നൂറ്റാണ്ടുകള്‍ കൊണ്ടാണ്. ബി.ജെ.പിയില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ പരാജയം അവര്‍ മഹത്തായ ചില കാര്യങ്ങള്‍ നശിപ്പിച്ചുവെന്നതാണ്.
1. തെരഞ്ഞെടുപ്പ് കരാര്‍- ഇത് അടിസ്ഥാനപരമായി അഴിമതിയെ നിയമവിധേയമാക്കുകയും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കെടുക്കാന്‍ കോര്‍പ്പറേറ്റുകളെയും വിദേശ ശക്തികളെയും അനുവദിക്കുകയും ചെയ്യുന്നു. ഈ ബോണ്ടുകള്‍ രഹസ്യമാണ്. അതുകൊണ്ടു തന്നെ എനിക്കുവേണ്ടി പ്രത്യേക നയം പാസാക്കി നല്‍കിയാല്‍ ഞാന്‍ 1000 കോടി നല്‍കാമെന്ന് ഏതെങ്കിലുമൊരു കോര്‍പ്പറേറ്റ് പറഞ്ഞാല്‍ അവിടെ ക്രിമിനല്‍ നടപടികളുണ്ടാവുന്നില്ല. അജ്ഞാതനായ ആളുമായി ഒന്നിനുപകരം മറ്റൊന്ന് എന്ന വ്യവസ്ഥയുണ്ടാക്കിയെന്നു സ്ഥാപിക്കാന്‍ ഇവിടെ യാതൊരു വഴിയുമില്ല. മന്ത്രിതലത്തില്‍ അഴിമതി എങ്ങനെ കുറഞ്ഞുവെന്നത് ഇതില്‍ നിന്ന് മനസിലാവും.
2. പ്ലാനിങ് കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍: വിവരശേഖരണത്തിന്റെ ഏറ്റവും പ്രധാന ഉറവിടമായിരുന്നു ഇത്. സര്‍ക്കാര്‍ പദ്ധതികളും അത് എങ്ങനെ പോകുന്നുവെന്നതും അവര്‍ ഓഡിറ്റ് ചെയ്യുന്നു. അതുപോയതോടെ സര്‍ക്കാര്‍ തരുന്ന വിവരങ്ങള്‍ വിശ്വസിക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലാതായി. (സി.എ.ജിയുടെ ഓഡിറ്റ് വരിക കുറേക്കാലം കഴിഞ്ഞാണ്) നിതി ആയോഗിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു വിലയിരുത്തലുണ്ടാവുന്നില്ല. അടിസ്ഥാനപരമായി അതൊരു പി.ആര്‍ ഏജന്‍സിയാണ്.
3. സി.ബി.ഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ദുരുപയോഗം: ഞാന്‍ മനസിലാക്കിയെടുത്തോളം ഇവയെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഇനി അങ്ങനെയല്ലെങ്കില്‍ കൂടി മോദിക്കോ ഷായ്‌ക്കോ എതിരെ സംസാരിക്കുന്നവര്‍ക്കെതിരെ ഈ സ്ഥാപനങ്ങളെ ഉപയോഗിക്കുമെന്ന ഭീതി യാഥാര്‍ത്ഥ്യമാണ്. ജനാധിപത്യത്തിന്റെ അഭിവാജ്യ ഘടകമായ അഭിപ്രായ ഭിന്നതകളെ ഇല്ലാതാക്കാന്‍ ഇതു ധാരാളമാണ്.
4. കലിഖോ ഫൂലിന്റെ ആത്മഹത്യക്കുറിപ്പും ജഡ്ജി ലോയയുടെ മരണവും സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് കൊലപാതകവും അന്വേഷിക്കുന്നതിലെ പരാജയം. ഉന്നാവോയില്‍ ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ എം.എല്‍.എയെ സംരക്ഷിച്ചത്. ഒരുവര്‍ഷത്തിലേറെ കഴിഞ്ഞിട്ടും എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
5. നോട്ടുനിരോധനം: അത് പരാജയപ്പെട്ടു. അതിലും മോശമായിരുന്നു അത് പരാജയമായിരുന്നുവെന്ന് സമ്മതിക്കാനുള്ള ബി.ജെ.പിയുടെ കഴിവുകേട്. തീവ്രവാദത്തിനുള്ള ഫണ്ട് കുറയ്ക്കുക, കറന്‍സി കുറയ്ക്കുക, അഴിമതിയില്ലാതാക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളെല്ലാം പാളി. അത് ബിസിനസുകളെ തകര്‍ത്തു.
6. ജി.എസ്.ടി നടപ്പിലാക്കിയത്: ജി.എസ്.ടി ധൃതിയിലാണ് നടപ്പിലാക്കിയത്. അത് ബിസിനസുകളെ തകര്‍ത്തു. സങ്കീര്‍ണമായ ഘടന, വ്യത്യസ്ത ഐറ്റങ്ങള്‍ക്ക് വ്യത്യസ്ത നിരക്ക്, സങ്കീര്‍ണമായ ഫയലിങ്.. എന്നിവയെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഭാവിയില്‍ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചാലും ജി.എസ്.ടി വലിയ ആഘാതം സൃഷ്ടിച്ചുവെന്നത് പറയാതിരിക്കാന്‍ വയ്യ. ഇക്കാര്യം സമ്മതിക്കാനുള്ള ബി.ജെ.പിയുടെ പരാജയം അങ്ങേയറ്റം ധിക്കാരപരമാണ്.
7. വിദേശ നയം പൂര്‍ണ പരാജയം: ചൈനയ്ക്ക് ശ്രീലങ്കയില്‍ ഒരു തുറമുഖമുണ്ട്. ബംഗ്ലാദേശിലും പാകിസ്ഥാനിലും വലിയ താല്‍പര്യവുമുണ്ട്. ഇന്ത്യ ഇതിനിടയിലാണ്. മാലിദ്വീപിലെ പരാജയം (ഇന്ത്യയുടെ വിദേശ നയത്തിലെ തര്‍ക്കങ്ങള്‍ കാരണം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വിസ ലഭിക്കുന്നില്ല). മോദിജി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും 2014ന് മുമ്പ് ഇന്ത്യക്കാര്‍ക്ക് വിദേശരാജ്യങ്ങളില്‍ യാതൊരു ആദരവും ലഭിച്ചില്ലെന്നും ഇപ്പോള്‍ അവര്‍ക്ക് ആദരവ് ലഭിക്കുന്നുണ്ടെന്നും പറയുമ്പോള്‍ അത് അസംബന്ധമല്ലാതെ മറ്റെന്താണ്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കു ലഭിക്കുന്ന ആദരവിന് കാരണം നമ്മുടെ വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയും ഐ.ടി മേഖലയുമാണ്. അത് മോദിജി കാരണം പെട്ടെന്ന് ഉണ്ടായ ഒന്നല്ല. ഇന്ത്യയിലുള്ള ബീഫിന്റെ പേരിലുള്ള കൊലകളും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഭീഷണികളും കാരണം ചിലപ്പോള്‍ ആ ആദരവ് കുറഞ്ഞിട്ടുണ്ടാവാം.
8. പദ്ധതികളുടെ പരാജയവും അത് തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുന്നതിലെ വീഴ്ചയും: സന്‍സദ് ആദര്‍ശ് ഗ്രാം യോജന, മെക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഡെവലപ്പ്‌മെന്റ്, ഫസല്‍ ഭീമ എല്ലാം അടച്ച പണം തിരിച്ചുകൊടുക്കുന്നത് പോലെയാണ്- സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോക്കറ്റ് നിറയ്ക്കുകയാണ്. തൊഴിലില്ലായ്മയും കര്‍ഷക പ്രതിസന്ധിയും തിരിച്ചറിയുന്നതിലെ പരാജയം. യഥാര്‍ത്ഥമായ എല്ലാ പ്രശ്‌നങ്ങളേയും പ്രതിപക്ഷത്തിന്റെ കളിയായി ചിത്രീകരിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്.
9. പെട്രോളിന്റെയും ഡീസലിന്റെയും ഉയര്‍ന്ന വില- അധികാരത്തിലിരുന്ന സമയത്ത് മോദിയും എല്ലാ ബി.ജെ.പി മന്ത്രിമാരും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച ഒരു വിഷയമാണിത്. ക്രൂഡോയില്‍ വില അന്നത്തേതിനേക്കാള്‍ കുറവായിരുന്നിട്ടും ഇപ്പോള്‍ പെട്രോള്‍ വില ഉയരുന്നതിനെ അവരെല്ലാം ന്യായീകരിക്കുകയാണ്.
10. പ്രധാനപ്പെട്ട അടിസ്ഥാന പ്രശ്‌നങ്ങളെ അവഗണിച്ചു- വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും. വിദ്യാഭ്യാസ രംഗത്ത് ഒന്നുമുണ്ടായില്ല. അതാണ് രാജ്യത്തിന്റെ ഏറ്റവും വലിയ പരാജയം. സര്‍ക്കാര്‍ സ്‌കൂളുകളുടെ സ്ഥിതി ദിവസം കഴിയുന്തോറും ക്ഷയിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടും ഒരു നടപടിയുമെടുത്തിട്ടില്ല. നാലുവര്‍ഷത്തോളം ആരോഗ്യരംഗത്ത് അവര്‍ ഒന്നും ചെയ്തില്ല. പിന്നീട് ആയുഷ്മാന്‍ ഭാരത് പ്രഖ്യാപിച്ചു. ഈ പദ്ധതിയാണ് ഒന്നും ചെയ്യാതിരുന്നതിനേക്കാള്‍ പേടിപ്പെടുത്തുന്നത്. ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് ഭയാനകമായ മുന്‍കാല ചരിത്രമാണുള്ളത്. അത് യു.എസ് റൂട്ടിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.
അങ്ങേയറ്റത്തെ വീഴ്ച:
ഈ സര്‍ക്കാറിന്റെ യഥാര്‍ത്ഥ നെഗറ്റീവ് അത് കൃത്യമായ തന്ത്രങ്ങളിലൂടെ രാജ്യത്തിന്റെ അഭിപ്രായ പ്രകടനത്തെ എങ്ങനെ ബാധിച്ചുവന്നതാണ്. അതൊരു പരാജയമാണ്. ഒരു പദ്ധതിയാണ്.
1. അത് മാധ്യമങ്ങളുടെ വിശ്വാസ്യതയെ തകര്‍ത്തു. എല്ലാ വിമര്‍ശനങ്ങളും ഒന്നുകില്‍ ബി.ജെ.പിയില്‍ നിന്നും പണം കിട്ടാത്ത അല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ ശമ്പളക്കാരനായ മാധ്യമപ്രവര്‍ത്തകന്റേതാക്കി മാറ്റുകയാണിപ്പോള്‍. അങ്ങനയല്ലാത്ത ഒരുപാട് മാധ്യമപ്രവര്‍ത്തകരെ എനിക്കറിയാം. പക്ഷേ അവര്‍ക്കെതിരെ ഇത്തരം ആരോപണം ഉയര്‍ത്തുന്നുവെന്ന വിഷയം ആരും ഏറ്റെടുക്കുന്നില്ല. ഈ വിഷയം ഉയര്‍ത്തുന്ന വ്യക്തിയെമാത്രം ആക്രമിച്ച് അവര്‍ വിഷയത്തെ അവഗണിക്കുകയാണ്.
2. 70 വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ ഒന്നും സംഭവിച്ചില്ലയെന്ന വിവരം കൊണ്ടുനടന്ന് പ്രചരിപ്പിക്കുന്നു. ഇത് തീര്‍ത്തും തെറ്റാണ്. അത്തരമൊരു പ്രചരണമുണ്ടാക്കുന്ന മാനസികാവസ്ഥ രാജ്യത്തിന് ദോഷകരവുമാണ്. പരസ്യങ്ങള്‍ക്കായി നികുതി ദായകന്റെ പണത്തില്‍ നിന്നും 4000 കോടിയാണ് സര്‍ക്കാര്‍ ചിലവഴിക്കുന്നത്. ഇതിപ്പോള്‍ ട്രന്റായിരിക്കുകയാണ്. ചെറിയ കാര്യങ്ങള്‍ ചെയ്യുക, അതിനെ വലുതായി ബ്രാന്റ് ചെയ്യുകയെന്നതാണ് ഇപ്പോഴത്തെ രീതി. റോഡുകള്‍ നിര്‍മ്മിക്കുന്ന ആദ്യത്തെയാളല്ല മോദി. ഞാന്‍ യാത്ര ചെയ്തിട്ടുള്ളതില്‍ മികച്ച ചില റോഡുകള്‍ മായാവതിയുടെയും അഖിലേഷ് യാദവിന്റെയുമൊക്കെ പദ്ധതികളാണ്.
1990 കള്‍ മുതല്‍ തന്നെ ഇന്ത്യ ഒരു ഐ.ടി പവര്‍ഹൗസായിരുന്നു. ഇന്നത്തെ സാഹചര്യംവെച്ച് മുമ്പത്തെ പ്രകടനം വിലയിരുത്തുകയും മുന്‍ നേതാക്കളെ വിലകുറയ്ക്കുകയും ചെയ്യുക എളുപ്പമാണ്. ഉദാഹരണത്തിന് ഒരാള്‍ ചോദിക്കാം: എന്തുകൊണ്ട് കോണ്‍ഗ്രസ് 70 വര്‍ഷംകൊണ്ട് ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചില്ലയെന്ന്? ഇത്രയും അടിസ്ഥാനപരമായ കാര്യം പോലും അവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല” എന്ന്. ഈ വാദം വളരെ ലോജിക്കലായി തോന്നും. ഇന്ത്യാ ചരിത്രം വായിക്കാന്‍ തുടങ്ങുന്നതിനു മുമ്പുവരെ ഞാനും ഇത് വിശ്വസിച്ചിരുന്നു.
1947ല്‍ നമുക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ നമ്മള്‍ അങ്ങേയറ്റം ദരിദ്രമായ ഒരു രാജ്യമായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ക്കുപോലും നമുക്ക് വിഭവങ്ങളോ മൂലധനമോ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തെ എതിരിടാന്‍ നെഹ്‌റു പൊതുമേഖലാ സംരംഭങ്ങള്‍ ആരംഭിക്കുകയും ചെയ്തു. നമുക്ക് സ്റ്റീല്‍ നിര്‍മ്മിക്കാനുള്ള സൗകര്യമില്ലായിരുന്നു. അതിനാല്‍ റഷ്യയുടെ സഹായത്തോടെ ഇന്ത്യയില്‍ സ്റ്റീലുണ്ടാക്കാനായി റാഞ്ചിയില്‍ ഹെവി എഞ്ചിനിയറിങ് കോര്‍പ്പറേഷന്‍ ഉണ്ടാക്കി. ഇതില്ലായിരുന്നെങ്കില്‍ നമുക്ക് സ്റ്റീലുണ്ടാവുമായിരുന്നില്ല. അതുപോലെ അടിസ്ഥാന സൗകര്യങ്ങളും.
അടിസ്ഥാന വ്യവസായങ്ങളും സൗകര്യങ്ങളുമായിരുന്നു അജണ്ട. നമുക്ക് ഓരോ രണ്ട് മൂന്ന് വര്‍ഷത്തിലും വരള്‍ച്ചയുണ്ടാവും. നിരവധിപേര്‍ പട്ടിണികിടന്ന് മരിച്ചിരുന്നു. അവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുകയെന്നതായിരുന്നു അന്നത്തെ സര്‍ക്കാറിന്റെ മുന്‍ഗണന. ടോയ്‌ലറ്റുകള്‍ അന്നൊരു ആഢംബരമായിരുന്നു. ആരും അതില്ലാത്തത് പ്രശ്‌നമാക്കിയില്ല.
ഹരിത വിപ്ലവം സംഭവിക്കുകയും 1990കളോടെ ഭക്ഷ്യസാധനങ്ങളുടെ ദൗര്‍ലഭ്യം കുറയുകയും ചെയ്തു. ടോയ്‌ലറ്റുകളുടെ കാര്യം എന്നു പറയുന്നത് ഇനിയും 25 വര്‍ഷങ്ങള്‍ക്കുശേഷം എന്തുകൊണ്ട് എ.സിയുള്ള വീടുകള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞില്ലയെന്ന് ജനങ്ങള്‍ മോദിയോട് ചോദിക്കുന്നതുപോലെയാണ്. ഇന്ന് അതൊരു ആഢംബരമായി തോന്നും. ഒരുകാലത്ത് ടോയ്‌ലറ്റുകളും ഒരു ആഢംബരമായിരുന്നു. ഒരുപക്ഷേ പത്ത് പതിനഞ്ച് വര്‍ഷം മുമ്പ് അവ നിര്‍മ്മിച്ചുകൊടുക്കാമായിരുന്നു. എന്നാല്‍ 70 വര്‍ഷം ഒന്നും സംഭവിച്ചില്ലെന്ന് പറുന്നത് ഭീതിതമായ നുണയാണ്.
3. വ്യാജവാര്‍ത്തകളെ ആശ്രയിക്കലും അവ പ്രചരിപ്പിക്കലും. ചില ബി.ജെ.പി വിരുദ്ധ വ്യാജവാര്‍ത്തകളുമുണ്ട്. എന്നാല്‍ ബി.ജെ.പി അനുകൂല, പ്രതിപക്ഷ വിരുദ്ധ വ്യാജവാര്‍ത്തകളുടെ എണ്ണം എത്രയോ വലുതും അതിന്റെ റീച്ച് വളരെക്കൂടുതലുമാണ്. അവയില്‍ ചിലത് അണികളുണ്ടാക്കുന്നതാണ്. പക്ഷേ ഭൂരിപക്ഷവും പാര്‍ട്ടിയില്‍ നിന്നുതന്നെ ഉണ്ടാവുന്നതാണ്. മിക്കപ്പോഴും അത് വിദ്വേഷം പ്രചരിപ്പിക്കുന്നതും ധ്രുവീകരണം സൃഷ്ടിക്കുന്നതുമാണ്. അതുതന്നെയാണ് ഏറ്റവും വലിയ പ്രശ്‌നവും. ഈ സര്‍ക്കാര്‍ പിന്തുണയുള്ള ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ മറ്റെന്തിനെക്കാളുമേറെ സമൂഹത്തെ നശിപ്പിക്കുകയാണ്.
4. ഹിന്ദു അപകടത്തിലാണ്- ഹിന്ദുക്കളും ഹിന്ദുയിസവും അപകടത്തിലാണെന്നും രക്ഷിക്കാനുള്ള ഏക വഴി മോദിയാണെന്നും അവര്‍ ആളുകളുടെ മനസില്‍ കുത്തിവെക്കുകയാണ്. സത്യത്തില്‍ ഈ സര്‍ക്കാര്‍ വരുന്നതിനും ഏറെ മുമ്പുള്ള അതേ ജീവിതം തന്നെയാണ് ഹിന്ദുക്കള്‍ ജീവിക്കുന്നത് . മാറിയത് ആളുകളെ മാനസികാവസ്ഥമാത്രമാണ്. 2007ല്‍ നമ്മള്‍ ഹിന്ദുക്കള്‍ അപകടത്തിലായിരുന്നോ? കുറഞ്ഞത് അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ഞാന്‍ ദിവസവും കേട്ടതുപോലുമില്ല. കൂടുതല്‍ വിദ്വേഷ പ്രചാരകരും ഭീതിവിതക്കുന്നവരുമുണ്ടായി എന്നതൊഴിച്ചാല്‍ ഹിന്ദുക്കളുടെ അവസ്ഥയില്‍ വലിയ പുരോഗതിയൊന്നും എനിക്കു കാണാനാവുന്നില്ല.
5. സര്‍ക്കാറിനെതിരെ സംസാരിച്ചാല്‍ നിങ്ങള്‍ രാജ്യദ്രോഹിയാവും, അടുത്തിടെയായി ഹിന്ദുവിരുദ്ധനും. ഈ ലേബലിങ്ങിലൂടെ ന്യായമായ വിമര്‍ശനങ്ങളുടെ വായടിപ്പിക്കുകയാണ്. നിങ്ങളുടെ ദേശീയത തെളിയിക്കാന്‍ എവിടെയും വന്ദേമാതരം പാടണം. (ബി.ജെ.പി നേതാക്കള്‍ക്കുപോലും അതിലെ വാക്കുകള്‍ അറിയില്ലെങ്കിലും നിങ്ങളത് പാടണമെന്ന് നിര്‍ബന്ധിക്കും). ഞാന്‍ അഭിമാനിയായ ദേശീയവാദിയാണ്. മറ്റാരെങ്കിലും എനിക്കുമുമ്പില്‍ അവരുടെ ദേശീയത തെളിയിക്കണം എന്നാവശ്യപ്പെടാന്‍ അവകാശം തരുന്നതല്ല എന്റെ ദേശീയത. അവസരം ആവശ്യപ്പെടുകയാണെങ്കില്‍ ഞാന്‍ ദേശീയഗാനവും ദേശഭക്തി ഗാനവും അഭിമാനത്തോടെ പാടും. പക്ഷേ മറ്റൊരാള്‍ അതുപോലെ പാടണമെന്ന് ഞാന്‍ നിര്‍ബന്ധിക്കില്ല.
6. ബി.ജെ.പി നേതാക്കളുടെ ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനലുകള്‍ നടത്തുന്നവരുടെ ഏക പണി ഹിന്ദു-മുസ് ലിം, ദേശസ്‌നേഹി-ദേശവിരുദ്ധര്‍, ഇന്ത്യ-പാകിസ്ഥാന്‍ എന്നീ വിഷയങ്ങളില്‍ സംവാദം നടത്തുകയെന്നതാണ്. അല്ലെങ്കില്‍ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ച് ധ്രുവീകരണങ്ങളില്‍ പൊതുശ്രദ്ധയാകര്‍ഷിക്കുകയെന്നതാണ്. ഏതൊക്കെയാണിവരെന്ന് ആര്‍ക്കൊക്കെയാണ് ഇതിന്റെ പേരില്‍ പ്രതിഫലം കിട്ടിയിട്ടുള്ളതെന്നും നിങ്ങള്‍ക്ക് കൃത്യമായി അറിയാം.
7. ധ്രുവീകരണം- വികസനത്തിന്റെ സന്ദേശം പോയി. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തന്ത്രം ധ്രുവീകരണമാണ്. കപട ദേശീയത സൃഷ്ടിക്കുകയെന്നതാണ്. മോദിജി അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ അത് പറഞ്ഞിട്ടുണ്ട്- ജിന്ന; നെഹ്‌റു; കോണ്‍ഗ്രസ് നേതാക്കള്‍ ജയിലിലെത്തി ഭഗത് സിങ്ങിനെ കണ്ടില്ല (പ്രധാനമന്ത്രി തന്നെ പറഞ്ഞ വ്യാജവാര്‍ത്തയായിരുന്നു അത്), ഗുജറാത്തില്‍ മോദിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക് നേതാക്കളെ കണ്ടു, മഹാറാണാ പ്രതാപ് എങ്ങനെയാണ് അക്ബറിനേക്കാള്‍ മഹാനാവുന്നത് എന്നു പറഞ്ഞുള്ള യോഗിയുടെ പ്രസംഗം, ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ദേശദ്രോഹികളാണെന്ന പ്രചരണം- ഇതെല്ലാം പ്രത്യേക ലക്ഷ്യത്തോടെ സൃഷ്ടിച്ചെടുത്ത പ്രചരണങ്ങളാണ്- ധ്രുവീകരിക്കുക തെരഞ്ഞെടുപ്പ് ജയിക്കുകയെന്ന ലക്ഷ്യത്തോടെ.
എന്റെ നേതാക്കളില്‍ നിന്നും ഞാന്‍ കേള്‍ക്കാനാഗ്രഹിച്ച കാര്യങ്ങള്‍ ഇതൊന്നുമല്ല. രാഷ്ട്രീയ നേട്ടത്തിനായി രാജ്യത്തെ കലാപത്തീയില്‍ എരിയാന്‍ അനുവദിക്കുന്ന ആരെയും പിന്തുടരാന്‍ ഞാന്‍ തയ്യാറല്ല.
ദേശീയ ചര്‍ച്ചകളെ ബി.ജെ.പി വഴിതിരിച്ചുവിട്ടതിനുള്ള ചില ഉദാഹരണങ്ങള്‍ മാത്രമാണിത്. ഇതിനുവേണ്ടിയായിരുന്നില്ല ഞാന്‍ ബി.ജെ.പിയില്‍ കൂടിയത്. എനിക്ക് ഒരു തരത്തിലും പിന്തുണയ്ക്കാനാവാത്ത കാര്യങ്ങളാണിത്. അതുകൊണ്ടാണ് ഞാന്‍ ബി.ജെ.പിയില്‍ നിന്നും രാജിവെക്കുന്നത്.
കുറിപ്പ്: 2013 മുതല്‍ ഞാന്‍ ബി.ജെ.പിയെ പിന്തുണച്ചിരുന്നു. നരേന്ദ്രമോദിജിയായിരുന്നു അതിനു കാരണം. ഇന്ത്യയ്ക്ക് പുതിയ പ്രതീക്ഷയായി അദ്ദേഹത്തെ ഞാന്‍ കണ്ടു. വികസനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സന്ദേശത്തില്‍ ഞാന്‍ വിശ്വസിച്ചു. ആ സന്ദേശങ്ങളും പ്രതീക്ഷയും ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. ഈ മോദിയുടെയും അമിത് ഷായുടെയും സര്‍ക്കാറിന്റെ പോസിറ്റീവുകളേക്കാള്‍ എത്രയോ കൂടുതലാണ് എന്നെ സംബന്ധിച്ച് ഈ നെഗറ്റീവുകള്‍. ഓരോ വോട്ടറും വ്യക്തിപരമായി എടുക്കേണ്ട തീരുമാനമാണിത്. ചരിത്രവും യാഥാര്‍ത്ഥ്യവും സങ്കീര്‍ണമാണെന്ന് അറിയുക. ഈ വ്യാജപ്രചരണങ്ങള്‍ വിലക്കെടുക്കുകയും ചോദ്യം ചെയ്യാതെ സ്വീകരിക്കുകയും ചെയ്യുകയെന്നതാണ് നിങ്ങള്‍ക്ക് ചെയ്യാവുന്നതില്‍ ഏറ്റവും മോശം കാര്യം. ഇത് ജനാധിപത്യത്തിന്റെയും രാജ്യത്തിന്റെ തന്നെയും താല്‍പര്യത്തിന് എതിരാണ്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിങ്ങള്‍ക്ക് നിങ്ങളുടേതായ തീരുമാനമുണ്ടാകും. ബെസ്റ്റ് ഓഫ് ലക്ക്. നമുക്കെല്ലാം സമാധാനമായി ഒരുമിച്ച് ജീവിക്കാനും ജോലി ചെയ്യാനും കഴിയുമെന്നാണ് എന്റെ ഏക പ്രതീക്ഷ. ഒപ്പം ഏതുപാര്‍ട്ടിയില്‍, ഏതു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചാലും മികച്ച, കൂടുതല്‍ ശക്തമായ, ദാരിദ്ര്യ മുക്തമായ, വികസിത ഇന്ത്യയ്ക്കുവേണ്ടി സംഭാവന ചെയ്യാന്‍ കഴിയുമെന്നും.
ഇരുഭാഗത്തും നല്ലയാളുകള്‍ ഉണ്ടെന്ന് ഓര്‍ക്കുക. വോട്ടര്‍മാര്‍ അവരെ പിന്തുണയ്ക്കണം. വ്യത്യസ്ത പാര്‍ട്ടികളില്‍ ആണെങ്കില്‍ കൂടി അവര്‍ പരസ്പരം പിന്തുണയ്ക്കണം.