Sports News
ലേലത്തിന് മുമ്പ് അണ്‍ക്യാപ്ഡ് താരം മാത്രം, എന്നാലിപ്പോള്‍ സൂപ്പര്‍ താരവും ഇന്ത്യയുടെ വിജയശില്‍പിയും; ഇതാ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jan 03, 05:34 pm
Tuesday, 3rd January 2023, 11:04 pm

ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങി ശിവം മാവി. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം ഗംഭീരമാക്കിയാണ് മാവി ആരാധകരെ ആവേശത്തിലാഴ്ത്തിയത്.

മാവിക്കൊപ്പം അന്താരാഷ്ട്ര ടി-20യിലേക്ക് കാലെടുത്ത് വെച്ച ശുഭ്മന്‍ ഗില്‍ പാടെ നിരാശപ്പെടുത്തിയപ്പോള്‍ ആരാധകര്‍ക്ക് ആവേശമായത് മാവിയായിരുന്നു. നാലേ ഓവര്‍ പന്തെറിഞ്ഞ് 22 റണ്‍സിന് നാല് വിക്കറ്റാണ് മാവി സ്വന്തമാക്കിയത്.

ഓപ്പണര്‍ പാതും നിസങ്ക, ധനഞ്ജയ ഡി സില്‍വ, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ എന്നിവരാണ് മാവിക്ക് മുമ്പില്‍ വീണത്.

ഐ.പി.എല്‍ മിനി ലേലത്തിന് മുമ്പ് ശിവം മാവി അണ്‍ ക്യാപ്ഡ് താരമായിരുന്നു. ലേലത്തില്‍ ഏറ്റവും നേട്ടം കൊയ്ത അണ്‍ക്യാപ്ഡ് താരവും മാവി തന്നെയായിരുന്നു.

എന്നാല്‍ ഐ.പി.എല്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തുകയും ഒപ്പം ടീമിന്റെ വിജയത്തിന് മുതല്‍ക്കൂട്ടാവുകയും ചെയ്താണ് മാവി തരംഗമായത്.

അതേസമയം, അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തിലായിരുന്നു ഇന്ത്യയുടെ വിജയം. അവസാന ഓവറില്‍ 13 റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ പന്ത് അക്‌സര്‍ പട്ടേലിനെ ഏല്‍പിക്കുകയായിരുന്നു.

ഇരുപതാം ഓവറിലെ ആദ്യ പന്ത് വൈഡും രണ്ടാം പന്തില്‍ സിംഗിളും പിറന്നപ്പോള്‍ ആരാധകര്‍ അല്‍പം ഭയന്നു. എന്നാല്‍ തൊട്ടടുത്ത പന്ത് ഡോട്ട് ആക്കിക്കൊണ്ട് അക്‌സര്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കി. എന്നാല്‍ അവരുടെ നെഞ്ചടിപ്പേറ്റിക്കൊണ്ട് അടുത്ത പന്ത് ഗ്യാലറിയിലെത്തി.

മൂന്ന് പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ തൊട്ടടുത്ത പന്ത് ഡോട്ട് ആക്കുകയും അഞ്ച്, ആറ് പന്തുകളില്‍ രണ്ട് റണ്ണൗട്ടുകളും പിറന്നതോടെ ഇന്ത്യ രണ്ട് റണ്‍സിന് വിജയിക്കുകയായിരുന്നു.

ഫൈനല്‍ സ്‌കോര്‍

ഇന്ത്യ: 162/5 (20)
ശ്രീലങ്ക: 160 (20)

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്ക് സാധിച്ചു.

ജനുവരി അഞ്ചിനാണ് പരമ്പരയിലെ അടുത്ത മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.

Content Highlight: Shivam Mavi was instrumental in India’s victory