2024 ഐ.പി.എല്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറ് വിക്കറ്റുകള്‍ക്കാണ് ചെന്നൈ പരാജയപ്പെടുത്തിയത്.
ഇപ്പോഴിതാ മത്സരം ഫിനിഷ് ചെയ്യാന്‍ താരത്തില്‍ നിന്നാണ് പഠിച്ചത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചെന്നൈയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ശിവം ദൂബെ. എം.എസ് ധോണിയില്‍ നിന്നുമാണ് താന്‍ ഫിനിഷ് ചെയ്യാന്‍ പഠിച്ചത് എന്നാണ് ദൂബെ പറഞ്ഞത്.
‘മത്സരത്തില്‍ ഫിനിഷ് ചെയ്തത് അതിശയകരമായിരുന്നു. അവസാനം വരെ ഞാനും ജഡേജയും പുറത്തായിട്ടില്ല. എനിക്കുവേണ്ടിയുള്ള മത്സരങ്ങള്‍ ഫിനിഷ് ചെയ്യുക എന്നത് എനിക്ക് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണ്.
മഹി ഭായിയിൽ നിന്നുമാണ് ഞാന്‍ ഇതെല്ലാം പഠിച്ചത് അതുകൊണ്ടുതന്നെ എല്ലാ മത്സരങ്ങളും നന്നായി ഫിനിഷ് ചെയ്യാനാണ് ആക്രമിക്കുക. മത്സരങ്ങളില്‍ എല്ലായ്‌പ്പോഴും ഇത്തരത്തില്‍ ഫിനിഷ് ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുക പ്രത്യേകിച്ച് ഒരു ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഫിനിഷ് ചെയ്യാന്‍ സാധിച്ചത് എനിക്ക് വളരെ സന്തോഷം തോന്നുന്നു,’ ശിവം ദൂബെ പറഞ്ഞു.
മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഉയര്‍ത്തിയ 173 റണ്‍സ് ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ചെന്നൈ മറികടന്നത്. സൂപ്പര്‍ കിങ്‌സിനായി വാലറ്റത്ത് ജഡേജക്കൊപ്പം മികച്ച പ്രകടനം നടത്തി വിജയത്തില്‍ എത്തിക്കാന്‍ ദൂബെക്ക് സാധിച്ചിരുന്നു.
28 പന്തില്‍ പുറത്താവാതെ 34 റണ്‍സാണ് ശിവം നേടിയത്. നാല് ഫോറുകളും ഒരു സിക്‌സും ആയിരുന്നു താരം നേടിയത്. ജഡേജ പന്തില്‍ പുറത്താവാതെ 25 റണ്‍സ് നേടിയ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. അതേസമയം തുടക്കത്തില്‍ രചിന്‍ രവീന്ദ്ര 15 പന്തില്‍ 37 റണ്‍സ് നേടി മികച്ച തുടക്കമാണ് സി.എസ്.കെക്ക് നല്‍കിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സിനായി അനൂജ് റാവത്ത് 48 റണ്‍സും ദിനേഷ് കാര്‍ത്തിക് 38 റണ്‍സും നേടികൊണ്ടാണ് മികച്ച സ്‌കോറിലേക്ക് കൊണ്ടുപോയത്. ചെന്നൈ ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി മുസ്തഫിസുര്‍ റഹ്‌മാന്‍ മികച്ച പ്രകടനം നടത്തി.
മാര്‍ച്ച് 26ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി.
Content Highlight: Shivam Dube Talks about M.S Dhoni