അഫ്ഗാനിസ്ഥാനെതിരെ കഴിഞ്ഞ രണ്ടാം മത്സരത്തിലും ഇന്ത്യ ആധിപത്യം തുടരുകയാണ്. ഇതോടെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനും സാധിച്ചു.
ഒന്നും രണ്ടും മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി മാച്ച് വിന്നിങ് പ്രകടനം നടത്തിയ ശിവം ദുബെ ആണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സംസാര വിഷയം.
2022 ഐ.പി.എല്‍ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിക്കാന്‍ തുടങ്ങിയതു മുതല്‍ ദുബേക്ക് കരിയറില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നു. 2023 ഐ.പി.എല്ലില്‍ 16 മത്സരങ്ങളില്‍ നിന്ന് 418 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 2023ല്‍ ഹര്‍ദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി അഞ്ചാം കിരീടം സ്വന്തമാക്കുന്നതില്‍ പ്രധാന പങ്കും താരം വഹിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനെതിരെയുള്ള ടി ട്വന്റി ഐ വിജയത്തിന്റെ ക്രെഡിറ്റ് താരം എം.എസ്. ധോണിക്കും തന്റെ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സിനും നല്‍കിയിരിക്കുകയാണ്.
‘ഈ ക്രെഡിറ്റ് സി.എസ്.കെയ്ക്കും മഹി ഭായിക്കും അവകാശപ്പെട്ടതാണ്. എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സി.എസ്.കെ ആണ് ആത്മവിശ്വാസം നല്‍കിയത്. ഏത് ടീമിനെതിരെ റണ്‍സ് നേടാനും എനിക്ക് സാധിക്കുമെന്ന് അവര്‍ പറഞ്ഞു. മൈക്കല്‍ ഹസിയും സ്റ്റീഫന്‍ ഫ്‌ലെമിങ്ങും എന്നില്‍ വിശ്വാസമര്‍പ്പിച്ചിരുന്നു,’ദുബെ ജിയോ സിനിമയില്‍ പറഞ്ഞു.
‘എനിക്ക് ഒരു മികച്ച ബാറ്ററാവാന്‍ കഴിയുമെന്ന് എം.എസ്. ധോണി എന്നോട് പറഞ്ഞിരുന്നു. പക്ഷേ കളിക്കുന്ന ഷോട്ട് തെരഞ്ഞെടുക്കുന്നത് കൃത്യമായിരിക്കണം. കളിക്കാരന്‍ എന്ന നിലയില്‍ പ്രയോജനം ഉണ്ടാക്കാന്‍ ഞാന്‍ എന്റെ പരിമിതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി,’ദുബെ കൂട്ടിച്ചേര്‍ത്തു.
കോഹ്‌ലി പുറത്തായശേഷം നാലാമനായി ശിവം ദുബെയുമെത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച് ദുബെ പരമ്പരയിലെ രണ്ടാം അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. 32 പന്തില്‍ പുറത്താകാതെ 63 റണ്‍സാണ് താരം നേടിയത്. നാല് സിക്സറും അഞ്ച് ബൗണ്ടറിയും അടക്കം 196.88 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് ദുബെ നിറഞ്ഞാടിയത്. കഴിഞ്ഞ മത്സരത്തിലും ദുബെ 40 പന്തില്‍ നിന്ന് 60 റണ്‍സ് നേടി അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
താരത്തിന്റെ നിലവിലെ പ്രകടനങ്ങള്‍ 2024 ഐ.സി.സി ടി ട്വന്റി ലോകകപ്പിന് വഴി ഒരുക്കുമോ എന്നത് കണ്ടറിയണം. ജനുവരി 17നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മാച്ച്. ബെംഗളൂരുവാണ് വേദി.
Content Highlight: Shivam dube Praises M.S Dhoni And C.S.K