ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം കൊളംബോയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. സ്പിന്നിനും പേസിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് ഇന്ത്യ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചത്.
കുല്‍ദീപ് യാദവും അക്സര്‍ പട്ടേലുമടങ്ങുന്ന സ്പിന്‍ തന്ത്രവും അര്‍ഷ്ദീപ് സിങ്ങും സിറാജുമുള്ള പേസ് നിരയുമാണ് ഇന്ത്യയ്ക്ക് ഉള്ളത്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ കാലങ്ങള്‍ക്ക് ശേഷം കെ.എല്‍. രാഹുല്‍ കളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഓള്‍റൗണ്ടര്‍ ശിവം ദുബെ ഇന്ത്യക്കായി കളത്തിലിറങ്ങി.
ദുബെയുടെ രണ്ടാം ഏകദിന മത്സരമാണിത്. ഇതിനുമുമ്പ് ശിവം തന്റെ ആദ്യത്തെ ഏകദിന മത്സരം കളിക്കുന്നത് 2019ല്‍ ആയിരുന്നു. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു ശിവം ഇന്ത്യയ്ക്ക് ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്.
ആ മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സായിരുന്നു നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസ് 13 പന്തുകളും എട്ട് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ഈ മത്സരത്തില്‍ ആറ് പന്തില്‍ ഒമ്പത് റണ്‍സ് നേടിയാണ് ശിവം മടങ്ങിയത്. നീണ്ട 1691 ദിവസങ്ങള്‍ക്ക് ശേഷമാണ് ശിവം ഏകദിന മത്സരത്തില്‍ കളത്തില്‍ ഇറങ്ങുന്നത്.
മത്സരത്തില്‍ ദുബെ ഒരു വിക്കറ്റും നേടിയിരുന്നു. ഏകദിനത്തിലെ താരത്തിന്റെ ആദ്യ വിക്കറ്റ് ആയിരുന്നു ഇത്. ലങ്കന്‍ നിരയിലെ പ്രധാന താരമായ കുശാല്‍ മെന്‍ഡീസിനെ എല്‍.ബി.ഡബ്യൂ ആക്കിയാണ് ശിവം പുറത്താക്കിയത്. ശിവത്തിന് പുറമേ കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.