ഇവിടെ ബാറ്റിങ്ങും ബൗളിങ്ങും ഒരേ ലെവല്‍; റെക്കോഡ് നേട്ടത്തില്‍ ഇതിഹാസങ്ങള്‍ക്കൊപ്പം ദൂബെ
Cricket
ഇവിടെ ബാറ്റിങ്ങും ബൗളിങ്ങും ഒരേ ലെവല്‍; റെക്കോഡ് നേട്ടത്തില്‍ ഇതിഹാസങ്ങള്‍ക്കൊപ്പം ദൂബെ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th January 2024, 8:59 am

ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ മൂന്ന് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

മത്സരത്തില്‍ ഇന്ത്യക്കായി ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനമാണ് ശിവം ദൂബെ കാഴ്ചവെച്ചത്. ബാറ്റിങ്ങില്‍ പുറത്താവാതെ 40 പന്തില്‍ 60 റണ്‍സ് നേടി കൊണ്ടായിരുന്നു ദൂബെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. അഞ്ചു ഫോറുകളുടെയും രണ്ട് പടുകൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.

ബാറ്റിങ്ങിനുപുറമെ ബൗളിങ്ങിലും മികച്ച പ്രകടനമാണ് ദൂബെ നടത്തിയത്. രണ്ട് ഓവറില്‍ വെറും ഒമ്പത് റണ്‍സ് മാത്രം വിട്ടു നല്‍കി ഒരു വിക്കറ്റാണ് താരം സ്വന്തമാക്കിയത്. അഫ്ഗാന്‍ ഓപ്പണര്‍ ഇബ്രാഹിം സദ്രാന്റെ വിക്കറ്റാണ് ദൂബെ നേടിയത്. ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ശിവം ദൂബെയെ തേടിയെത്തിയത്.

ഇന്ത്യക്കായി ഒരു ടി-20 മത്സരത്തില്‍ ഒരു വിക്കറ്റും ഒരു അര്‍ധസെഞ്ച്വറിയും നേടുന്ന നാലാമത്തെ താരമായി മാറാന്‍ ദൂബെക്ക് സാധിച്ചു. ഈ നേട്ടത്തില്‍ ഒന്നാമതുഉള്ളത് ഇന്ത്യന്‍ ഇതിഹാസം യുവരാജ് സിങാണ്. യുവരാജ് മൂന്ന് തവണയാണ് ഇതുപോലുള്ള പ്രകടനം പുറത്തെടുത്തത്. യുവിക്ക് പുറകില്‍ രണ്ടുതവണ ഈ നേട്ടം സ്വന്തമാക്കിയ വിരാട് കോഹ്‌ലിയും ഒരുതവണ ഈ നേട്ടത്തിലെത്തിയ ഹര്‍ദിക് പാണ്ഡ്യയുമുണ്ട്.

അതേസമയം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. അഫ്ഗാന്‍ ബാറ്റിങ് നിരയില്‍ 42 റണ്‍സ് നേടി മുഹമ്മദ് നബി മികച്ച പ്രകടനം കാഴ്ചവെച്ചു.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ മുകേഷ് കുമാര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും ശിവം ദൂബെ ഒരു വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 17.3 ഓവറില്‍ ആറ് വിറ്റുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ നായകന്‍ രോഹിത് ശര്‍മ റണ്‍സ് ഒന്നും എടുക്കാതെ പുറത്താവുകയായിരുന്നു.

എന്നാല്‍ പിന്നീട് ശുഭ്മന്‍ ഗില്ലും തിലക് വര്‍മയും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടുവയ്ക്കുകയായിരുന്നു. ഗില്‍ 23 റണ്‍സും തിലക് 26 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. അവസാനം വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ 20 പന്തില്‍ 31 റണ്‍സും ശിവം ദൂബെ 40 പന്തില്‍ പുറത്താവാതെ 62 നേടിയപ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ മിന്നും ജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് രോഹിത്തും സംഘവും. ജനുവരി 14നാണ് രണ്ടാം ടി-20 നടക്കുക. മധ്യപ്രദേശിലെ ഹോള്‍ക്കര്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: Shivam Dube create a great record in T-20.