ഹൈദരാബാദ്: തെലങ്കാനയിലെ രംഗ റെഡ്ഡി ക്ഷേത്രത്തിലെ ശിവലിംഗം തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകള്‍.
ഷാദ് നഗറിലെ ജാനപേട്ട് വിവേകാനന്ദ കോളനിയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ വിഗ്രഹമാണ് തകര്‍ന്നത്. ഇന്ന് രാവിലെയാണ് വിഗ്രഹം തകര്‍ത്തതായി പ്രദേശവാസികള്‍ കണ്ടെത്തുന്നത്.
എന്നാല്‍ വിഗ്രഹം തകര്‍ത്ത വാര്‍ത്ത പ്രചരിച്ചതോടെ പ്രാദേശിക ഹിന്ദു സംഘടനകള്‍ ക്ഷേത്രത്തിന് മുന്നിലെത്തി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സംഘര്‍ഷ സാധ്യത പരിഗണിച്ച് ക്ഷേത്രപരിസരത്ത് പൊലീസിനെ വിന്യസിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പ്രദേശത്ത് തകര്‍ക്കപ്പെടുന്ന രണ്ടാമത്തെ പ്രതിഷ്ഠയാണിത്. നവംബര്‍ അഞ്ചിന് ഷംഷാബാദിലെ ഹനുമാന്‍ ക്ഷേത്രത്തിലെ മറ്റൊരു വിഗ്രഹത്തിന് കഴിഞ്ഞ ദിവസം തീപ്പിടിച്ചിരുന്നു.
ഈ സംഭവത്തില്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല. അര്‍ദ്ധരാത്രിയോടെ ക്ഷേത്രത്തിലെത്തിയ അക്രമിസംഘം ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രതിഷ്ഠകള്‍ നശിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.
പ്രദേശവാസികളാണ് പ്രതികളിലൊരാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പൊലീസില്‍ ഏല്‍പ്പിക്കുന്നതിന് മുമ്പ് ഇയാളെ പ്രദേശവാസികള്‍ മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഈ സംഭവത്തിലും ഹിന്ദുത്വ ഗ്രൂപ്പുകളായ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി), ബജ്റംഗ്ദള്‍ എന്നിവര്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
Content Highlight: Shivalinga temple vandalism incident in Telangana; Hindutva organizations protest