| Wednesday, 4th September 2019, 9:57 am

ശിവകുമാര്‍ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്ന് സിദ്ധരാമയ്യ; ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ബി.ജെ.പി ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്നും അവരുടെ ലക്ഷ്യമെന്താണെന്നും രാജ്യം തിരിച്ചറിയുന്നുണ്ടെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചത്.

ശിവകുമാര്‍ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്ര എജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നിരന്തരം വേട്ടയാടുകയാണ് ബി.ജെ.പി.

ബി.ജെ.പി ഭരണത്തില്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട പല കാര്യങ്ങളും, അടിസ്ഥാനരഹിതമായി ഭരണപരാജയം മറിച്ചുവെക്കാന്‍ വേണ്ടിയാണ് ഇത്തരം നീക്കം. ബിജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഇരയാണ് ഡി.കെ. അദ്ദേഹം വിഷമഘട്ടങ്ങളില്‍ പെട്ടപ്പോഴെല്ലാം പാര്‍ട്ടി ഒപ്പം നിന്നിട്ടുണ്ട്. ഇത്തവണയും അദ്ദേഹത്തിന് പൂര്‍ണപിന്തുണ നല്‍കുന്നു- എന്നായിരുന്നു സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ഡി.കെ ശിവകുമാറിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ് ഓഫീസിനും മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വസതിയ്ക്കുമാണ് സുരക്ഷ ശക്തമാക്കിയത്. ഡി.കെയുടെ മണ്ഡലമായ രാമനഗരയില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് തടഞ്ഞ് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

അതേസമയം ശിവകുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. അദ്ദേഹത്തെ ഇന്ന് കോടതിക്ക് മുന്‍പാകെ ഹാജരാക്കുമെന്നാണ് അറിയുന്നത്.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല തുടങ്ങിയവരും ഡി.കെയുടെ അറസ്റ്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഭീഷണിയാകും എന്ന് കരുതുന്ന പ്രതിപക്ഷ നേതാക്കളെ ബി.ജെ.പി വേട്ടയാടുകയാണെന്നാണ് കുമാരസ്വാമി പറഞ്ഞത്.

‘ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കു ശേഷം ഒരു ദിവസം പോലും വിശ്രമം അനുവദിച്ചിട്ടില്ല. എന്നിട്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു ഡി.കെ ശിവകുമാര്‍ സഹകരിച്ചില്ലെന്ന്’- കുമാരസ്വാമി ട്വീറ്റ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ശിവകുമാര്‍ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് ആദ്യഘട്ടത്തില്‍ നല്‍കുന്ന വിശദീകരണം. ഏഴുകോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് ശിവകുമാറിനെതിരെ എന്‍ഫോഴ്സ്മെന്റ് ആരോപിച്ചിരിക്കുന്നത്.

തന്റെ അറസ്റ്റിനു പിന്നില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ വൈര്യമാണെന്നാണ് ശിവകുമാര്‍ പ്രതികരിച്ചത്. തന്റെ അറസ്റ്റില്‍ മനസ്സ് മടുത്ത് പോകരുത്. നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം ജയിച്ചു തിരിച്ചുവരുമെന്നും ദൈവത്തിലും രാജ്യത്തിന്റെ നിയമവ്യവസ്ഥയിലും തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഡി.കെ ശിവകുമാര്‍ ട്വീറ്റ് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more