ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ബി.ജെ.പി ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്നും അവരുടെ ലക്ഷ്യമെന്താണെന്നും രാജ്യം തിരിച്ചറിയുന്നുണ്ടെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചത്.
ശിവകുമാര്‍ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്ര എജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ നിരന്തരം വേട്ടയാടുകയാണ് ബി.ജെ.പി.
ബി.ജെ.പി ഭരണത്തില്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട പല കാര്യങ്ങളും, അടിസ്ഥാനരഹിതമായി ഭരണപരാജയം മറിച്ചുവെക്കാന്‍ വേണ്ടിയാണ് ഇത്തരം നീക്കം. ബിജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഇരയാണ് ഡി.കെ. അദ്ദേഹം വിഷമഘട്ടങ്ങളില്‍ പെട്ടപ്പോഴെല്ലാം പാര്‍ട്ടി ഒപ്പം നിന്നിട്ടുണ്ട്. ഇത്തവണയും അദ്ദേഹത്തിന് പൂര്‍ണപിന്തുണ നല്‍കുന്നു- എന്നായിരുന്നു സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം ഡി.കെ ശിവകുമാറിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ് ഓഫീസിനും മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വസതിയ്ക്കുമാണ് സുരക്ഷ ശക്തമാക്കിയത്. ഡി.കെയുടെ മണ്ഡലമായ രാമനഗരയില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് തടഞ്ഞ് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
അതേസമയം ശിവകുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. അദ്ദേഹത്തെ ഇന്ന് കോടതിക്ക് മുന്‍പാകെ ഹാജരാക്കുമെന്നാണ് അറിയുന്നത്.