കുമാരസ്വാമിയെ ലൈംഗികാതിക്രമ കേസിൽ കുടുക്കാൻ ശിവകുമാർ 100 കോടി ഓഫർ ചെയ്തു: ബി.ജെ.പി നേതാവ്
India
കുമാരസ്വാമിയെ ലൈംഗികാതിക്രമ കേസിൽ കുടുക്കാൻ ശിവകുമാർ 100 കോടി ഓഫർ ചെയ്തു: ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th May 2024, 8:46 am

ബെംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമിയെ അപകീർത്തിപ്പെടുത്താൻ തനിക്ക് 100 കോടിയുടെ വാഗ്ദാനം ലഭിച്ചെന്ന് അറസ്റ്റിലായ ബി.ജെ.പി നേതാവ് ജി. ദേവരാജ ഗൗഡ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് എച്ച് . ഡി. കുമാരസ്വാമിയെയും അപകീർത്തിപ്പെടുത്താൻ കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തനിക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന് അറസ്റ്റിലായ ബി.ജെ.പി ലീഡർ ദേവരാജ ഗൗഡ.

വെള്ളിയാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതിന് ശേഷം പൊലീസ് വാഹനത്തിൽ നിന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ശിവകുമാർ തനിക്ക് അഞ്ച് കോടി രൂപ അഡ്വാൻസായി അയച്ചതായി ദേവരാജ ഗൗഡ പറഞ്ഞു.

‘ഞാൻ വാഗ്ദാനം നിരസിച്ചതിനെത്തുടർന്ന്, എനിക്കെതിരെ പോലീസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും എന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നെ വിട്ടയച്ചാൽ അദ്ദേഹത്തെ തുറന്നുകാട്ടാൻ ഞാൻ തയ്യാറാണ്. കർണാടകയിൽ കോൺഗ്രസ് സർക്കാർ തകരാൻ പോകുന്നു,’ അദ്ദേഹം അവകാശപ്പെട്ടു.

കുമാരസ്വാമിയുടെ അനന്തരവനായ പ്രജ്വൽ രേവണ്ണയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടതിന് പിന്നിൽ കുമാരസ്വാമിയാണെന്ന് പറയണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും ദേവരാജ ഗൗഡ പറഞ്ഞു. എന്നാൽ ശിവകുമാർ ആണ് ഇതിനെല്ലാം പിന്നിലെന്നും ശിവകുമാറിന് പെൻഡ്രൈവ് കിട്ടിയത് പ്രജ്വൽ രേവണ്ണയുടെ ഡ്രൈവർ കാർത്തിക് ഗൗഡയിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇതെല്ലാം അവർ മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു. നാല് മന്ത്രിമാരുൾപ്പെടുന്ന ഒരു ടീം അവർ ഉണ്ടാക്കിയിരുന്നു. അവർ വഴിയാണ് പ്രജ്വലിന്റെ വീഡിയോ പ്രചരിക്കപ്പെട്ടത്,’ ദേവരാജ ഗൗഡ പറഞ്ഞു.

നരേന്ദ്ര മോദിയുടെ പേര് അപകീർത്തിപ്പെടുത്താനും കൂടിയാണ് അവർ ഇത് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം കുമാരസ്വാമിയുടെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കുകയുമായിരുന്നു അവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശിവകുമാർ എന്നോട് സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പുകൾ തന്റെ പക്കലുണ്ടെന്നും താൻ അത് പുറത്തു വിട്ടാൽ കോൺഗ്രസ് സർക്കാർ തകരുമെന്നും ദേവഗൗഡ പറഞ്ഞു.

പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ കേസ് അന്വേഷിക്കാൻ രൂപീകരിച്ച പുതിയ അന്വേഷണ സംഘത്തെ തനിക്ക് വിശ്വാസമില്ല. ഇവിടെ നിന്നിറങ്ങിയാലുടനെ താൻ തന്റെ കൈവശമുള്ള തെളിവുകൾ സി.ബി.ഐയെ ഏൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ കേസിന്റെ ഭാഗമായാണ് ദേവരാജ ഗൗഡയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്.

 

Content Highlight: Shivakumar offered Rs 100 cr to frame Kumaraswamy in sex video scandal, claims BJP leader