ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ കേരളത്തിൽ ദുർമന്ത്രവാദം നടക്കുന്നുവെന്ന ആരോപണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ബെംഗളുരുവിൽ നടന്ന നിയമസഭാ സമ്മേളനത്തിനിടെയാണ് അദ്ദേഹം വിവാദപരമായ ഈ ആരോപണം ഉന്നയിച്ചത്.
കേരളത്തിലെ രാജേശ്വരി ക്ഷേത്രത്തിന് സമീപത്തുള്ള ഒരു സ്ഥലത്ത് അഘോരികൾ സംഘടിപ്പിക്കുന്ന രഹസ്യ യാഗത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനും കോൺഗ്രസിന്റെ അധികാരം ഇല്ലാതാക്കാനുമാണ് ചിലർ യാഗങ്ങൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ലക്ഷ്യമിട്ടാണ് ദുർമന്ത്രവാദം നടന്നതെന്നും അദ്ദേഹം പറഞ്ഞു. മരണ മോഹന സ്‌തംഭരണ, രാജകാണ്ടഹാ, ശത്രുഭൈരവി തുടങ്ങിയ പേരിലുള്ള യാഗങ്ങളാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
21 ചുവന്ന ആടുകൾ മൂന്ന് എരുമകൾ, 21 കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവയെ ബലി നൽകിയതായും ശിവകുമാർ വിശദീകരിച്ചു. തന്റെ കൈയിലെ പൂജിച്ച ചരട് തന്നെ ഇതിൽ നിന്നെല്ലാം രക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അവരുടെ ശ്രമങ്ങൾ അവർ തുടരട്ടെ. ഞാൻ തളരാതെ മുന്നോട്ട് പോകും. എന്റെ വിശ്വാസം എന്നെ സംരക്ഷിക്കും. എന്റെ കർത്തവ്യങ്ങൾ ആരംഭിക്കുന്നതിന് മുൻപ് ഞാൻ ദിവസവും അഞ്ച് മിനിറ്റ് പ്രാർത്ഥിക്കും ഇത് എന്നെ എല്ലാത്തിൽ നിന്നും സംരക്ഷിക്കും,’ അദ്ദേഹം പറഞ്ഞു.
ഈ യാഗത്തിൽ കർണാടകയിൽ നിന്നുള്ള നേതാക്കൾക്കും പങ്കുള്ളതായി അദ്ദേഹം സൂചന നൽകി. എങ്കിലും ആരാണ് മന്ത്രവാദം നടത്തിയതെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.
Content Highlight: Shivakumar accuses political foes of supernatural assault