| Sunday, 14th May 2023, 3:34 pm

ത്യാഗം ചെയ്തും സിദ്ധരാമയ്യക്കൊപ്പം നിന്നു; ഞങ്ങള്‍ തമ്മില്‍ ഭിന്നതയില്ല: ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഭിന്നിപ്പില്ലെന്നും പാര്‍ട്ടിക്ക് വേണ്ടി ഒരുപാട് ത്യാഗം ചെയ്തിട്ടുണ്ടെന്നും കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. സിദ്ധരാമയ്യയുടെ കൂടെ താന്‍ നിന്നിട്ടുണ്ടെന്ന് അദ്ദേഹം തുംകൂറില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ ചിലയാളുകള്‍ ഞാനും സിദ്ധരാമയ്യയും തമ്മില്‍ ഭിന്നിപ്പുണ്ടെന്ന് പറഞ്ഞു. പക്ഷേ ഞങ്ങള്‍ തമ്മില്‍ ഭിന്നതയില്ല. പാര്‍ട്ടിക്ക് വേണ്ടി നിരവധി തവണ ത്യാഗം ചെയ്തു. ത്യാഗം സഹിച്ചും സഹായിച്ചും സിദ്ധരാമയ്യക്കൊപ്പം നിന്നു. സിദ്ധരാമയ്യയോടൊപ്പം സഹകരിച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

നിലവില്‍ കര്‍ണാടകയില്‍ ആരാകും മുഖ്യമന്ത്രിയെന്ന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഇരുവരുടെയും അണികള്‍ പോസ്റ്ററുകളുമായി രാവിലെ മുതല്‍ പോര്‍വിളികള്‍ തുടങ്ങിയിരുന്നു.

ഇന്ന് മുഖ്യമന്ത്രി ആരാകുമെന്ന തീരുമാനം ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കര്‍ണാടക നിരീക്ഷിക്കാന്‍ സുശീല്‍ കുമാര്‍ ഷിണ്ടെ, ജിതേന്ദ്ര സിങ്, ദീപക് ബാബറിയ എന്നിവരെ ഹൈക്കമാന്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഞായറാഴ്ച വൈകുന്നേരം 5.30ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേരുന്നുണ്ട്. ശിവകുമാര്‍ കനകപുര നിയോജക മണ്ഡലത്തില്‍ വെച്ചായിരുന്നു മത്സരിച്ചത്. 1,22,392 വോട്ടുകള്‍ നേടിയാണ് ജെ.ഡി.എസിന്റെ ബി.നാഗരാജുവിനെ ശിവകുമാര്‍ തോല്‍പിച്ചത്.

വരുണ നിയോജക മണ്ഡലത്തില്‍ മത്സരിച്ച സിദ്ധരാമയ്യ ബി.ജെ.പിയുടെ സോമണ്ണയെയും വമ്പിച്ച ഭൂരിപക്ഷത്തോടെ തോല്‍പിച്ചു.

CONTENT HIGHLIGHT: SHIVAKUMAR ABOUT SIDHARAMAYYA

We use cookies to give you the best possible experience. Learn more