മുംബൈ: ഛത്രപതി ശിവജിയുടെ പ്രതിമ നിര്‍മ്മാണത്തിനെതിരെ മുംബൈയില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിമ നിര്‍മ്മാണത്തിനെതിരെ പ്രാദേശിക ജനങ്ങള്‍ സംഘടിച്ചതോടെയാണ് ശിവജി പ്രതിമ നിര്‍മ്മാണം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.
മുംബൈ കടല്‍ത്തീരത്തിന് സമീപം 190മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കാനൊരുങ്ങുന്ന ശിവജിയുടെ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമകളില്‍ ഒന്നായാണ് കണക്കാക്കുന്നത്. അമേരിക്കയിലെ “ലിബര്‍ട്ടി” പ്രതിമയുടെ രണ്ടിരട്ടി വലിപ്പത്തില്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന പ്രതിമയ്ക്ക് 3600 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
പ്രതിമ നിര്‍മ്മിക്കാനുള്ള തീരുമാനം കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് മുതല്‍ തന്നെ മുംബൈയിലും രാജ്യത്തിന്റെ വിവിധ കോണുകളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. മത്സ്യബന്ധനം നടത്തി ജീവിക്കുന്ന മുംബൈയിലെ ജനവിഭാഗമായ “കോലി” യാണ് ഇപ്പോള്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. കടലില്‍ ഇത്രയും വലിയ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നത് മത്സ്യ സമ്പത്തിനെ ബാധിക്കുമെന്ന ആശങ്കയാണ് ജനങ്ങള്‍ പങ്കുവെക്കുന്നത്.
Dont miss പ്രതികളെ തിരികെ എത്തിക്കേണ്ട; ബന്ധപ്പെട്ട കോടതിയില്‍ ഹാജരാക്കണം: എ.സി.ജെ.എം കോടതി
വരള്‍ച്ച കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന തങ്ങള്‍ക്ക് പ്രതിമ നിര്‍മ്മാണവും തിരിച്ചടിയാകുമെന്ന ജനങ്ങളുടെ പരാതി അധികൃതര്‍ പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കല്ല മറിച്ച് ടൂറിസത്തിനം പ്രതിമ നിര്‍മ്മാണത്തിനുമാണ് തങ്ങള്‍ പ്രാമുഖ്യം നല്‍കുന്നതെന്ന രീതിയിലാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണവും. പ്രതിമ നിര്‍മ്മാണം പ്രതിദിനം ആയിരം സന്ദര്‍ശകര്‍ക്ക് വഴിയൊരുക്കുമെന്ന ബിജെപി വക്താവ് ഷെയ്ന എന്‍സിയുടെ പ്രസ്താവന കര്‍ഷകരെക്കാള്‍ വലുതാണ് ടൂറിസ്റ്റുകള്‍ എന്ന നിലപാടാണ് ബി.ജെ.പിയ്ക്ക് എന്ന് തെളിയിക്കുന്നതാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രതിമ സ്ഥാപിക്കുന്ന തീരുമാനമായി ബി.ജെ.പി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയതോടെ മുംബൈ വിഭജനത്തിന്റെ അടുത്തെത്തിയിരിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങളുടെ പരമ്പാരഗത ജീവിത രീതിയെയും ഉപജീവനമാര്‍ഗത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ നിര്‍മ്മാണ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാണ് കോലി വിഭാഗം ആവശ്യപ്പെടുന്നത്.
രാജ്യത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കേണ്ട തുക ഒരു പ്രതിമ നിര്‍മ്മാണത്തിനായി ചിലവഴിക്കുന്നതിനെതിരെ രാജ്യത്തുടനീളം ആദ്യഘട്ടം മുതലേ പ്രതിഷേധം ഉയര്‍ന്നതാണ്. മുസ്‌ലീം ഭരണവംശമായ മുഗള്‍ സാമൃാജ്യത്തോട് പടപൊരുതിയ ഹിന്ദു ഭണരാധികാരി എന്ന നിലയിലാണ് ശിവജിയുടെ പ്രതിമ സ്ഥാപിക്കുന്നതെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.