| Thursday, 29th August 2024, 4:04 pm

ശിവജി പ്രതിമ തകര്‍ന്ന സംഭവം: പ്രതികരിച്ച് എഫ്.ഐ.ആറില്‍ ഉള്‍പ്പെട്ട എഞ്ചിനീയര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: മഹാരാഷ്ട്രയില്‍ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്ത ശിവജിയുടെ പ്രതിമ തകര്‍ന്ന് വീണ സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത എഞ്ചിനീയര്‍ പ്രതികരണവുമായി രംഗത്ത്. പ്രതിമയുടെ തകര്‍ച്ചയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് സ്ട്രക്ച്ചറല്‍ എഞ്ചിനീയര്‍ ചേതന്‍ പാട്ടീല്‍ പറഞ്ഞു.

സിന്ധുദുര്‍ഗ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതുമായി സംബന്ധിച്ച വിവരങ്ങള്‍ കൈമാറുകയായിരുന്നു അദ്ദേഹം. പ്രതിമ നിര്‍മാണ പദ്ധതിയുടെ സ്ട്രക്ച്ചറല്‍ കണ്‍സള്‍ട്ടന്റ് താനല്ലെന്നും തനിക്ക് ലഭിച്ച പ്ലാറ്റ്‌ഫോമില്‍ കൃത്യനിര്‍വഹണം നടത്തിയിട്ടുണ്ടെന്നും പാട്ടീല്‍ പറഞ്ഞു.

മറാത്തി ചാനലായ എ.ബി.പി മജ്ഹയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. പ്രതിമയുടെ ആര്‍ട്ടിസ്റ്റ് ജയ്ദീപ് ആപ്‌തെയ്‌ക്കൊപ്പം പാട്ടീലിനെതിരെയും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് ഇദ്ദേഹം പ്രതികരണവുമായി എത്തിയത്.

‘പ്ലാറ്റ്‌ഫോം ഡിസൈന്‍ പൊതുമരാമത്ത് വകുപ്പ് വഴി ഇന്ത്യന്‍ നാവികസേനക്ക് നല്‍കിയിട്ടുണ്ട്. താനെ ആസ്ഥാനമാക്കിയിട്ടുള്ള കമ്പനിയാണ് പ്രതിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ ചെയ്തത്. പ്രതിമ സ്ഥാപിക്കുന്ന സ്ഥലത്ത് പ്രവര്‍ത്തിക്കാന്‍ മാത്രമേ എന്നോട് ആവശ്യപ്പെട്ടിട്ടുള്ളു,’ ചേതന്‍ പാട്ടീല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ശിവജിയുടെ 25 അടി വലിപ്പമുള്ള പ്രതിമ ആഗസ്റ്റ് 26നാണ് തകര്‍ന്ന് വീണത്.

പ്രതിമയുടെ തകര്‍ച്ചയുമായി സംബന്ധിച്ച് പ്രതിപക്ഷവും ഭരണപക്ഷവും വലിയ രീതിയിലുള്ള സംഘര്‍ഷത്തിലാണ്. 67 വര്‍ഷം മുമ്പ് ജവഹര്‍ലാല്‍ നെഹറു ഉദ്ഘാടനം നിര്‍വഹിച്ച ശിവജിയുടെ പ്രതിമ ഇന്നും നിലനില്‍ക്കുന്നുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നിലവില്‍ ഭരണപക്ഷത്തിന്റെ അഴിമതി ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷത്തെ പ്രതിരോധിക്കാനാണ് നിലവില്‍ ഊര്‍ജിതമായ അന്വേഷണം നടക്കുന്നത്.

എന്നാല്‍ പ്രതിമയുടെ നിര്‍മാണം ഗുണനിലവാരമില്ലാത്തതാണെന്നും ഉപയോഗിച്ച ഉപകരണസാമഗ്രികള്‍ തുരുമ്പിച്ചതാണെന്നും പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

നിര്‍മാണത്തിന്റെ തകര്‍ച്ച അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ണയിച്ച സമിതിയെ കൂടാതെ എഞ്ചിനിയര്‍മാര്‍, ഐ.ഐ.ടി വിദഗ്ദര്‍, നാവികസേന ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സാങ്കേതിക സമിതിയെയും നിയമിച്ചിട്ടുണ്ട്.

Content Highlight: shivaji statue collapse; engineer involved in fir is react

We use cookies to give you the best possible experience. Learn more