അറബിക്കഥ കാരണം നാടകം നഷ്ടമായപ്പോള്‍ നല്ലതിനാണെന്ന് ഞാന്‍ പറഞ്ഞു, വര്‍ഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം നൂറ് സിനിമ പൂര്‍ത്തിയാക്കി: ലാല്‍ജോസ്
Entertainment news
അറബിക്കഥ കാരണം നാടകം നഷ്ടമായപ്പോള്‍ നല്ലതിനാണെന്ന് ഞാന്‍ പറഞ്ഞു, വര്‍ഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം നൂറ് സിനിമ പൂര്‍ത്തിയാക്കി: ലാല്‍ജോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd September 2023, 9:14 am

അറബിക്കഥയില്‍ അഭിനയിച്ച് തിരികെ നാട്ടിലെത്തിയപ്പോള്‍ ശിവജി ഗുരുവായൂരിന് അദ്ദേഹം അഭിനയിച്ച് കൊണ്ടിരുന്ന നാടകത്തിലെ അവസരം നഷ്ടമായിരുന്നതായി സംവിധായകന്‍ ലാല്‍ജോസ്. അത് അദ്ദേഹത്തെ വിഷമിപ്പിച്ചിരുന്നു എന്നും എന്നാല്‍ നാടകത്തിലെ അവസരം നഷ്ടമായത് സിനിമക്ക് നല്ലതായിരിക്കുമെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു എന്നും ലാല്‍ജോസ് പറഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ശിവജി ഗുരുവായൂരിന് നൂറ് സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് നാട്ടുകാര്‍ നല്‍കിയ സ്വീകരണത്തിലും തനിക്ക് പങ്കെടുക്കാനായി എന്നും ലാല്‍ജോസ് പറഞ്ഞു.

‘നാട്ടില്‍ നാടകത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് ശിവജി ഗുരുവായൂര്‍ അറബിക്കഥയില്‍ അഭിനയിക്കാന്‍ വരുന്നത്. ദുബൈയിലെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി തിരികെ വന്നാല്‍ നാടകത്തില്‍ തുടര്‍ന്ന് അഭിനയിക്കാമെന്നായിരുന്നു ധാരണ. അതു വരെ ഒരു പകരം നടനെ ഏര്‍പ്പാടാക്കുകയും ചെയ്തു.

എന്നാല്‍ ദുബൈയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ശിവജി ഗുരുവായൂരിന് ആ നാടകം നഷ്ടമായി. ഇനി വരേണ്ടെന്ന് നാടകക്കാര്‍ പറഞ്ഞു. അത് അദ്ദേഹത്തെ വിഷമിപ്പിച്ചു. നാടകത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടത് നല്ലതിനായിരിക്കുമെന്നാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്.

വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം എന്നെ വിളിച്ചു. നാട്ടിലെ പൗരാവലി അദ്ദേഹത്തിന് ഒരു സ്വീകരണം നല്‍കുന്നുണ്ടെന്നും ഞാന്‍ അതില്‍ പങ്കെടുക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. നൂറ് സിനിമ പൂര്‍ത്തിയാക്കിയതിനാണ് നാട്ടുകാര്‍ അദ്ദേഹത്തെ ആദരിക്കുന്നത്.

അദ്ദേഹം നൂറ് സിനിമ പൂര്‍ത്തിയാക്കിയ സമയത്തിനുള്ളില്‍ ഞാന്‍ ആകെ ചെയ്തിരുന്നത് രണ്ട് സിനിമകളായിരുന്നു. ഇപ്പോള്‍ അദ്ദേഹം ഇരുന്നൂറോ മൂന്നൂറോ സിനിമകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടാകും. ആര് വിളിച്ചാലും എന്ത് കഥാപാത്രമായാലും സന്തോഷത്തോടെ ചെയ്യുന്ന ഒരു ശുദ്ധാത്മാവാണ് അദ്ദേഹം,’ ലാല്‍ ജോസ് പറഞ്ഞു.

content highlights: Shivaji Guruvayur lost his chance in drama for acting in an Arabikkatha