ശിവാജി ഗണേശനെ അപകീര്‍ത്തിപ്പെടുത്താന്‍ സമ്മതിക്കില്ല; 'നടികര്‍ തിലക'ത്തിന്റെ പേര് മാറ്റണമെന്ന് ആരാധക സംഘടന
Film News
ശിവാജി ഗണേശനെ അപകീര്‍ത്തിപ്പെടുത്താന്‍ സമ്മതിക്കില്ല; 'നടികര്‍ തിലക'ത്തിന്റെ പേര് മാറ്റണമെന്ന് ആരാധക സംഘടന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 31st October 2023, 11:47 am

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമായ നടികര്‍ തിലകത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി നടികര്‍ തിലകം ശിവാജി ഗണേശന്റെ ആരാധക സംഘടന. അമ്മ സംഘടനക്ക് അയച്ച കത്തിലാണ് ‘നടികര്‍ തിലകം ശിവാജി സമൂഗ നള പേരവൈ’ എന്ന സംഘടന ചിത്രത്തിന്റെ പേര് മാറ്റുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നടികര്‍ തിലകം എന്നത് ഒരു പേര് മാത്രമല്ല, ജീവശ്വാസമാണെന്നും കത്തില്‍ പറയുന്നു. ‘നടികര്‍ തിലകം എന്ന പേര് ഒരു മലയാള സിനിമക്ക് നല്‍കുന്നത് തമിഴ്‌നാട്ടിലുള്ള ശിവാജി ഗണേശന്‍ ആരാധകര്‍ക്കും തമിഴ് സിനിമയെ സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും ഏറെ വേദന ജനിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ പേര് ഒരു കോമഡി സിനിമക്ക് നല്‍കുന്നതിലൂടെ ഞങ്ങള്‍ ഹൃദയംകൊണ്ട് ആരാധിക്കുന്ന ആ നടന്റെ പേരിനെ മനഃപൂര്‍വം അവഹേളിക്കുന്നതാണ്. ഒത്തൊരുമയോടെ പോകുന്ന തമിഴ്, മലയാളം സിനിമ മേഖലകളുടെ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ നടികര്‍ തിലകം എന്ന പേര് ഉപയോഗിക്കുവാന്‍ അനുവദിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു,’ കത്തില്‍ പറഞ്ഞു.

മിന്നല്‍ മുരളി, തല്ലുമാല, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടോവിനോ നായകനാകുന്ന ചിത്രമാണ് നടികര്‍ തിലകം. ഭാവനയാണ് ചിത്രത്തില്‍ നായികയാകുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍ തിലകം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡാണ് നിര്‍മിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, അഭിറാം പൊതുവാള്‍, ചന്ദു സലിംകുമാര്‍, ശ്രീകാന്ത് മുരളി, അര്‍ജുന്‍ നന്ദകുമാര്‍, ദിവ്യ പിള്ള, ജോര്‍ഡി പൂഞ്ഞാര്‍, ദിനേശ് പ്രഭാകര്‍, അബു സലിം, ബൈജുക്കുട്ടന്‍, ഷോണ്‍ സേവ്യര്‍, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, മാലാ പാര്‍വതി, ദേവികാ ഗോപാല്‍ നായര്‍, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖില്‍ കണ്ണപ്പന്‍, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: Shivaji Ganesha’s fan organization has demanded to change the name of ‘Nadikar Tilakam’ movie