കണ്ണൂര്‍: കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന് വധഭീഷണിയുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ഫ്‌ള്ക്‌സ് ബോര്‍ഡ് പുറത്ത്. ശിവജി ബോയ്സ് കണ്ണവം എന്ന പേരില്‍ സ്ഥാപിച്ച ബോര്‍ഡില്‍ സലാഹുദ്ദീന്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെയാണ് ഭീഷണിയുള്ളത്.
‘എസ്.ഡി.പി.ഐ വേട്ടപ്പട്ടികള്‍, ഇവര്‍ കണ്ണവത്തെ കണ്ണീരിലാഴ്ത്തിയ നാടിന്റെ ശാപജന്മങ്ങള്‍’ എന്ന വലിയ എഴുത്തിനൊപ്പം നിസാമുദ്ദീന്‍, സലാഹുദ്ദീന്‍, അജ്മല്‍, അഷ്ഫര്‍, സഫീര്‍ സി, നൗഷാദ്, അഷ്‌കര്‍ എന്നിവരുടെ പേരും ചിത്രവും മേല്‍വിലാസവുമുണ്ട്.
ലുക്ക് ഔട്ട് നോട്ടീസില്‍ ഒതുങ്ങില്ലെന്നും പകരം വീട്ടുമെന്നും ഫ്‌ളക്‌സില്‍ എഴുതിവെച്ചിട്ടുണ്ട്.
”വര്‍ഗീയ കലാപം ലക്ഷ്യമാക്കി നരാധമന്‍മാര്‍ വെട്ടിയരിഞ്ഞത് ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരന്‍ ശ്യാമപ്രസാദിനെ,
ഹേ സുഡാപ്പികളെ ഒരു ലുക്കൗട്ട് നോട്ടീസില്‍ ഒന്നും ഇതവസാനിക്കാന്‍ പോകുന്നില്ല. കനലെരിയുന്ന വഴിയില്‍ ഞങ്ങള്‍ കാത്തിരിക്കുന്നുണ്ട്. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും അല്ലെങ്കില്‍ ഞങ്ങള്‍ കുടിപ്പിക്കും. അതാണ് ഞങ്ങളുടെ പാരമ്പര്യം-ശിവജി ബോയ്സ് കണ്ണവം”
അതേസമയം എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കൊലയ്ക്ക് സഹായം നല്‍കിയവരെന്നു കരുതുന്ന ബി.ജെ.പി പ്രവര്‍ത്തകരാണ് പിടിയിലായത്.
പിടിയിലായവര്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തെ പ്രധാന ബി.ജെ.പി പ്രവര്‍ത്തകരാണ് ഇവര്‍. മൂവര്‍ക്കും കൊലപാതകവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ലഭിച്ചുവെന്നാണ് പൊലീസ് കരുതുന്നത്.
അതിനിടെ കൊലയാളികള്‍ സഞ്ചരിച്ചതെന്നു കരുതുന്ന കാര്‍ കണ്ടെത്തി. വാടകക്ക് എടുത്ത റിറ്റ്സ് കാറാണ് നമ്പൂതിരി കുന്നിലെ റബര്‍ എസ്റ്റേറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. കോളയാട് സ്വദേശിയുടേതാണ് കാര്‍.
ബൈക്കിലെത്തിയ കൊലയാളികള്‍ കൊലപാതക ശേഷം ബൈക്ക് ഉപേക്ഷിച്ച് കാറില്‍ രക്ഷപ്പെടുകയും പിന്നീട് കാര്‍ ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് നിഗമനം.
അതേസമയം സലാഹുദ്ദീന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ് ആണ്. മരണശേഷം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വെച്ച് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്.
ഇന്നലെ വൈകിട്ട് മൂന്നരയോടെ ചിറ്റാരിപ്പറമ്പ് ചൂണ്ടയില്‍ വെച്ചായിരുന്നു സലാഹുദ്ദീന് വെട്ടേറ്റത്. സഹോദരിമാരോടൊപ്പം കാറില്‍ പോകവേ ഒരു ബൈക്ക് വന്നു കാറില്‍ തട്ടി. രണ്ടാളുകള്‍ നിലത്തു വീണത് കണ്ട് ഡോറ് തുറന്നിറങ്ങിയ സലാഹുദ്ദീനെ സംഘം വളഞ്ഞിട്ട് വെട്ടുകയായിരുന്നു, തലയ്ക്കും കഴുത്തിനുമാണ് മാരകമായി വെട്ടേറ്റത്. ആശുപത്രിയിലേക്കുള്ള വഴിയില്‍ വച്ചുതന്നെ സലാഹുദ്ദീന്‍ മരിച്ചു. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
2018 ജനുവരിയില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് കൊല്ലപ്പെട്ട സലാഹുദ്ദീന്‍. കണ്ണവത്തെ എസ്.ഡി.പി.ഐ പ്രാദേശിക നേതാവായ സലാഹുദ്ദീന്‍ ശ്യാമപ്രസാദ് കൊലക്കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു.
ശ്യാമപ്രസാദിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് സലാഹുദ്ദീനെ കൊലപ്പെടുത്തിയതെന്നും പ്രതികളെക്കുറിച്ച് സൂചന കിട്ടിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്.
കൂടാതെ കൂത്തുപറമ്പില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ സലാഹുദ്ദീനെ ഒരു സംഘം പിന്തുടര്‍ന്നതായും മറ്റൊരു സംഘം ചുണ്ടയിലെ റോഡിന് സമീപം കാത്തുനിന്നിരുന്നതായും പൊലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. അക്രമിസംഘത്തില്‍ പതിനൊന്ന് പേരുണ്ടായിരുന്നതായും കാറില്‍ കൂടെയുണ്ടായിരുന്ന സഹോദരിമാരുടെ മൊഴി നിര്‍ണായകമാണെന്നും പൊലീസ് പറയുന്നു.
സലാഹുദ്ദീന്റെ കാറില്‍ ബൈക്ക് ഇടിച്ചാണ് കുറ്റവാളികള്‍ അപകടം സൃഷ്ടിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ശബ്ദം കേട്ട് പ്രദേശവാസികള്‍ വന്നുവെങ്കിലും പ്രശ്‌നം ഞങ്ങള്‍തന്നെ പറഞ്ഞുതീര്‍ത്തോളാം എന്ന് പറഞ്ഞ് അവരെ കുറ്റവാളികള്‍ പറഞ്ഞുവിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക