കോഴിക്കോട്: ശ്രീ നാരായണ ഗുരുവിനെ കുറിച്ച് ജന്മഭൂമി പ്രസിദ്ധീകരിച്ച വിവാദ ലേഖനത്തെ രൂക്ഷമായി വിമര്‍ശിച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ രംഗത്തെത്തി. ആര്‍.എസ്.എസ് സഹയാത്രികനായ ചരിത്രകാരന്‍ ഡോ. സി.ഐ. ഐസക് എഴുതിയ ലേഖനത്തെ വിമര്‍ശിച്ചുകൊണ്ടാണ് മഠം അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ രംഗത്തെത്തിയിരിക്കുന്നത്.
ലേഖനത്തില്‍ ഐസക് നടത്തിയ പരാമര്‍ശങ്ങളെ തള്ളിക്കളഞ്ഞ അദ്ദേഹം ശ്രീ നാരായണ ഗുരു ചട്ടമ്പി സ്വാമികളുടെ ശിഷ്യനാണെന്ന വാദത്തെയും ശക്തമായി എതിര്‍ത്തു. ജന്മഭൂമിക്ക് മറുപടിയായി എഴുതിയ ലേഖനത്തിലാണ് മഠാധിപതിയുടെ പ്രതികരണം.
ചട്ടമ്പി സ്വാമികളുടെ ശിഷ്യനായിരുന്നെങ്കില്‍ ഗുരുവിന്റെ പേര് ശ്രീ നാരായണ ഗുരു തീര്‍ത്ഥപാദയെന്നാകുമായിരുന്നു എന്നും സ്വാമി തന്റെ ലേഖനത്തില്‍ പറഞ്ഞു. അതോടൊപ്പം അരുവിപ്പുറം പ്രതിഷ്ഠ നടത്താന്‍ ചട്ടമ്പി സ്വാമികളാണ് നാരായണ ഗുരുവിനോട് നിര്‍ദേശിച്ചതെന്ന വാദത്തെയും അദ്ദേഹം നിരാകരിച്ചു.
‘ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയത് ആരുടെയും നിര്‍ദേശപ്രകാരമല്ല. ചട്ടമ്പി സ്വാമികളുടെ ശിഷ്യനായിരുന്ന പറവൂര്‍ ഗോപാലന്‍ പിള്ള എഴുതിയ ചട്ടമ്പി സ്വാമികളുടെ ജീവചരിത്രത്തില്‍ ഇതിന് തെളിവുണ്ട്. ചട്ടമ്പി സ്വാമികള്‍ക്ക് അരുവിപ്പുറം പ്രതിഷ്ഠയോട് എതിര്‍പ്പുണ്ടായിരുന്നെന്നാണ് ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്,’ സ്വാമി സച്ചിദാനന്ദ പറഞ്ഞു.
മാത്രമല്ല വൈക്കം സത്യാഗ്രഹം നടത്തിയത് ടി.കെ. മാധവനായിരുന്നെന്നും സത്യാഗ്രഹികളില്‍ ഭൂരിപക്ഷവും ഗുരു ശിഷ്യന്മാരായിരുന്നുവെന്നും അദ്ദേഹം ലേഖനത്തില്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ വൈക്കം സത്യാഗ്രഹം- പുനര്‍വായന എന്ന തലക്കെട്ടില്‍ ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ വിമര്‍ശിച്ച് കൊണ്ട് എസ്.എന്‍.ഡി.പി കോഴിക്കോട് യൂണിയനും രംഗത്തെത്തിയിരുന്നു.
ശ്രീ നാരായണ ഗുരുവിനെ മനപൂര്‍വം അപമാനിക്കാനുള്ള ശ്രമങ്ങളാണ് ലേഖനം പ്രസിദ്ധീകരിച്ചതിലൂടെ ജന്മഭൂമി നടത്തിയതെന്നാണ് കോഴിക്കോട് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.
ചട്ടമ്പി സ്വാമികളും നാരായണ ഗുരുവും, തൈക്കാട് അയ്യാസ്വാമികളുടെ അടുക്കല്‍ ഒരുമിച്ചാണ് യോഗ വിദ്യ അഭ്യസിക്കാന്‍ പോയതെന്നും അവര്‍ തമ്മില്‍ സൗഹൃദമാണുണ്ടായിരുന്നതെന്നും യൂണിയന്‍ അവകാശപ്പെട്ടു. രണ്ട് ഗുരുക്കന്മാരും പരസ്പരം ആരുടെയും ശിഷ്യന്‍മരായിരുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
‘ജന്മഭൂമി മനപൂര്‍വ്വം നാരായണ ഗുരുവിനെയും അനുനായികളെയും ഇകഴ്ത്തിക്കാണിക്കാനാണ് ശ്രമിക്കുന്നത്. ലേഖനം പ്രസിദ്ധീകരിച്ചത് ജന്മഭൂമി മാനേജ്‌മെന്റിന്റെ അറിവോടെയാണോ എന്നതില്‍ വിശദീകരണം നല്‍കാന്‍ അവര്‍ തയ്യാറാകണം,’ കോഴിക്കോട് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Content Highlight:shivagiri madam denied janma bhumi article about narayana guru