|

മോദിയെ ഇഷ്ടമാണ്; പ്രധാനമന്ത്രിയായശേഷം അദ്ദേഹത്തെ കാണാറില്ല: കാരണം വ്യക്തമാക്കി അജയ് ദേവ്ഗണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നല്ല അടുപ്പമുണ്ടെന്ന് ബോളിവുഡ് താരം അജയ് ദേവ്ഗണ്‍. പ്രധാനമന്ത്രിയാകുന്നതിനു മുമ്പു തന്നെ മോദിയോട് വലിയ ആരാധനയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രിയായശേഷം മാത്രമാണ് താന്‍ മോദിയെ കാണുന്നത് കുറഞ്ഞതെന്നും അജയ് ദേവ്ഗണ്‍ പറയുന്നു.

“എനിക്കു ഒരു വ്യക്തിയെന്ന നിലയില്‍ മോദിയെ ഇഷ്ടമാണ്. എന്നാല്‍ അദ്ദേഹം പ്രധാനമന്ത്രിയായശേഷം എനിക്കു അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഞാന്‍ പലപ്പോഴും അദ്ദേഹത്തെ കാണാറുണ്ടായിരുന്നു.”

പ്രധാനമന്ത്രിയായശേഷം അദ്ദേഹത്തെ കാണാത്തതിന്റെ കാരണവും അജയ് വിശദീകരിക്കുന്നുണ്ട്.

“അദ്ദേഹം പ്രധാനമന്ത്രിയായതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകുന്നതെന്ന് ആളുകള്‍ കരുതുന്നത് എനിക്കിഷ്ടമല്ല. അദ്ദേഹവുമായുള്ള എന്റെ കൂടിക്കാഴ്ചയ്ക്ക് എന്തെങ്കിലും ലക്ഷ്യമുണ്ടെന്ന് ആളുകള്‍ വ്യാഖ്യാനിക്കുന്നത് എനിക്കിഷ്ടമല്ല.” അജയ് വ്യക്തമാക്കി.