| Tuesday, 19th July 2022, 8:21 pm

അത്യാഗ്രഹത്തിന് ഒരു പരിധിയൊക്കെ വേണം ശിവസേന അത്രപെട്ടെന്നൊന്നും തളരുമെന്ന് ആരും കരുതേണ്ട; ഷിന്‍ഡെ വിഭാഗത്തിനെതിരെ സഞ്ജയ് ജാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ ഷിന്‍ഡെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന എം.പി സഞ്ജയ് ജാദവ്. നിരവധി നേതാക്കളുടെ രാഷ്ട്രീയ ഭാവി പടുത്തുയര്‍ത്തിയത് ശിവസേനയാണെന്നും അത്യാഗ്രഹത്തിന് പരിധിയൊക്കെ വേണമെന്നുമായിരുന്നു സഞ്ജയ് ജാദവിന്റെ പരാമര്‍ശം. മഹാരാഷ്ട്രയിലെ നിലവിലെ പ്രതിസന്ധികള്‍ അവസാനിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിരവധി നേതാക്കളുടെ രാഷ്ട്രീയ ജീവിതം രൂപപ്പെടുത്തിയത് ശിവസേനയാണ്. അത് മറക്കരുത്. താന്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയ്ക്കൊപ്പം ഉറച്ചുനില്‍ക്കുന്നു, അതില്‍ നിന്ന് മാറ്റമുണ്ടാകില്ല. പ്രതീക്ഷിച്ചതിലും അധികം വിജയം കൈവരിക്കാന്‍ തന്നെ പ്രാപ്തനാക്കിയത് പാര്‍ട്ടിയാണെന്നും സഞ്ജയ് ജാദവ് വ്യക്തമാക്കി.

‘നിരവധി നേതാക്കളുടെ രാഷ്ട്രീയ ജീവിതം രൂപപ്പെടുത്തിയത് ശിവസേനയാണ്. അക്കാര്യങ്ങളൊന്നും ആരും മറക്കരുത്.

ഇതുവരെ ശിവസേന എനിക്ക് നല്‍കിയതെല്ലാം ഞാന്‍ പ്രതീക്ഷിച്ചതിലും ഏറെ മുകളിലാണ്. ഉദ്ധവ് താക്കറെയോടൊപ്പം ഞാനിപ്പോഴും ഉറച്ചുനില്‍ക്കുന്നു. ശിവസേന അത്ര പെട്ടെന്നൊന്നും തളരുമെന്ന് ആരും കരുതേണ്ടെന്നും ജാദവ് പറഞ്ഞു.

അതേസമയം ശിവസേനയിലെ മുന്‍ കോര്‍പ്പറേറ്റര്‍മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. രണ്ട് പേരാണ് ഷിന്‍ഡെ പക്ഷത്തുനിന്നും ബി.ജെ.പിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. കുടുംബസമേതമാണ് ഇവരുടെ ബി.ജെ.പി പ്രവേശം. ഇത് ഷിന്‍ഡെ സര്‍ക്കാരിന് വെല്ലുവിളിയാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നവി മുംബൈയിലെ മുന്‍ കോര്‍പ്പറേറ്റര്‍മാരായ നവിന്‍ ഗാവ്ട്ടെയും ഭാര്യ അപര്‍ണ ഗാവ്ട്ടെയും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രാദേശിക നേതാക്കളോടുമൊപ്പമാണ് ശിവസേനയില്‍ നിന്ന് പടിയിറങ്ങിയത്.

നേരത്തെ ഏകനാഥ് ഷിന്‍ഡെയ്ക്ക് പിന്തുണ നല്‍കുന്നതിനായി അദ്ദേഹത്തെ കണ്ട 28 മുന്‍ ശിവസേന കോര്‍പ്പറേറ്റര്‍മാരില്‍ ഗാവ്ട്ടെ ദമ്പതികളുമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കൂടുതല്‍ ഷിന്‍ഡെ പക്ഷക്കാര്‍ ബി.ജെ.പിയിലേക്ക് പോയേക്കാമെന്നതിന്റെ സൂചനയാണോ എന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ സജീവമാകുന്നുണ്ട്.

നവി മുംബൈയിലെ സിവില്‍ തെരഞ്ഞെടുപ്പ് സെപ്റ്റംബറില്‍ നടക്കാനിരിക്കെയാണ് കോര്‍പ്പറേറ്റര്‍മാരുടെ ചുവടുമാറ്റം. ബി.ജെ.പി എം.എല്‍.എയായ ഗണേഷ് നായിക്കാണ് ഇവരുടെ ചുവടുമാറ്റത്തിന് പിന്നിലെന്നാണ് സൂചനകള്‍. 2019ല്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് ഗണേഷ് നായിക് ബി.ജെ.പിയിലെത്തുന്നത്. അതിന് മുന്‍പ് അദ്ദേഹം എന്‍.സി.പിയിലായിരുന്നു.

നായിക്കിനോടൊപ്പം അമ്പത് കോര്‍പ്പറേറ്റര്‍മാരും അന്ന് ബി.ജെ.പിയിലെത്തിയിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ദേവേന്ദ്ര ഫഡ്‌നാവിസാണ് ഉപമുഖ്യമന്ത്രി. ബി.ജെ.പി നേതാവായ രാഹുല്‍ നര്‍വേക്കറാണ് സ്പീക്കര്‍.

Content Highlight: Shiva sena MP slams shinde faction says one’s greed should have a limit

We use cookies to give you the best possible experience. Learn more