| Saturday, 20th June 2020, 1:12 pm

'രാജ്യത്തിന് അതറിയണം ഗല്‍വാന്‍ താഴ്‌വര ചൈനയ്ക്ക് നല്‍കിയോ?' ശിവസേനാ നേതാവ് പ്രിയങ്ക ചതുര്‍വേദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:ഇന്ത്യ-ചൈനാ സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് പിന്നാലെ കേന്ദ്രത്തെ വിമര്‍ശിച്ച് ശിവസേനയും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ ഇരുപത് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടും അതിര്‍ത്തിയില്‍ ചൈന കടന്നുകയറിയിട്ടില്ലെന്നും ഇന്ത്യയുടെ ഒരു സൈനിക പോസ്റ്റില്‍ പോലും അധീശത്വം സ്ഥാപിച്ചിട്ടില്ലെന്നുമാണ് മോദി കഴിഞ്ഞ ദിവസം പറഞ്ഞത്.

ഒരു ഭാഗത്ത് ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈനയ്ക്ക് വിട്ട് നല്‍കിയില്ലെന്ന് പ്രധാനമന്ത്രി പറയുകയും മറുഭാഗത്ത് ഗല്‍വാന്‍ താഴ് വാരം തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടുകയും ചെയ്യുന്നത് അസ്വീകാര്യമാണെന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും പ്രതികരണം നടത്തണമെന്നും ശിസസേന നേതാവ് പ്രിയങ്കാ ചതുര്‍വേദി പറഞ്ഞു.

” നമ്മള്‍ ഗല്‍വാന്‍ താഴ്‌വര വിട്ടുകൊടുത്തിട്ടുണ്ടോ, അതോ ചൈനീസ് സൈന്യത്തെ അവിടെ നിന്ന് പുറത്താക്കിയോ? രാജ്യത്തിന് അതറിയണം,”അവര്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മോദിക്കെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു.

ഇന്ത്യയില്‍ ചൈനീസ് പട്ടാളം കടന്നു കയറിയിട്ടില്ലെങ്കില്‍ ചൈനയുടെ ഭൂമിയില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ എങ്ങനെ കൊല്ലപ്പെട്ടുവെന്നായിരുന്നു രാഹുലിന്റെ ചോദ്യം. പ്രധാനമന്ത്രി ഇന്ത്യന്‍ അതിര്‍ത്തി ചൈനയുടെ ആക്രമണത്തിന് മുന്നില്‍ അടിയറവ് വെച്ചെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more