ആ ഉത്തരവിനേക്കാള്‍ ഭേദം രാജ്യത്ത് അടിയന്തരാവസ്ഥയാണെന്ന് മോദി പ്രഖ്യാപിക്കുന്നതായിരുന്നു; രൂക്ഷവിമര്‍ശനവുമായി ശിവസേന
national news
ആ ഉത്തരവിനേക്കാള്‍ ഭേദം രാജ്യത്ത് അടിയന്തരാവസ്ഥയാണെന്ന് മോദി പ്രഖ്യാപിക്കുന്നതായിരുന്നു; രൂക്ഷവിമര്‍ശനവുമായി ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd December 2018, 10:15 am

 

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ഭാഗമായ പത്ത് ഏജന്‍സികള്‍ക്ക് രാജ്യത്തെ കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാന്‍ അനുമതി നല്‍കുന്ന മോദി സര്‍ക്കാര്‍ ഉത്തരവിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. ഇത്തരമൊരു ഉത്തരവ് ഇറക്കുന്നതിനേക്കാള്‍ ഭേദം രാജ്യത്ത് അടിയന്തരാവസ്ഥയാണെന്ന് മോദി പ്രഖ്യാപിക്കുന്നതായിരുന്നുവെന്നാണ് ശിവസേന നേതാവ് മനിഷ കായന്തെ പറഞ്ഞത്.

“ഇത്തരം നോട്ടിഫിക്കേഷനുകള്‍ ഇറക്കുന്നതിനു പകരം രാജ്യത്ത് അടിയന്തരാവസ്ഥയുണ്ടെന്ന് മോദിജി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതായിരിക്കുന്നു.” എന്നാണ് മനിഷ പറഞ്ഞത്.

രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും സി.ബി.ഐ, എന്‍.ഐ.എ. എന്നിവര്‍ക്കുമാണ് സ്വകാര്യ വ്യക്തികളുടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഐ.ടി. ആക്ടിലെ റൂള്‍ നാല് പ്രകാരമുള്ള ഉത്തരവാണ് സൈബര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന് സെക്യൂരിറ്റി വിഭാഗത്തിന് വേണ്ടി പുറത്തിറക്കിയത്.

Also read:മനോഹര്‍ പരീക്കര്‍ അട്ടയപ്പോലെ അധികാരത്തില്‍ തൂങ്ങിനില്‍ക്കുന്നു; മോദിയെ ബ്ലാക്ക്‌മെയില്‍ ചെയ്താണ് അധികാരം നിലനിര്‍ത്തുന്നതെന്നും കോണ്‍ഗ്രസ്

ഇവര്‍ക്ക് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാനും സ്വകാര്യ ഡാറ്റകള്‍ ചോര്‍ത്താനും കഴിയും. എതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമോ ആയാലോ മുന്‍കൂര്‍ അനുമതി വാങ്ങിയായിരുന്നു ഇത്രയും കാലം കമ്പ്യൂട്ടറുകളും മൊബൈലുകളും നിരീക്ഷിച്ചിരുന്നത്.

ഇനിമുതല്‍ പത്ത് ഏജന്‍സികള്‍ അനുവാദം കൂടാതെ പൗരന്റെ സ്വകാര്യതയിലേക്ക് കടന്നുചെല്ലാം. ആ തീരുമാനത്തിനെതിരെ ലോക്‌സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയിയിരുന്നു. എന്‍.കെ.പ്രേമചന്ദ്രനാണ് നോട്ടീസ് നല്‍കിയത്.

എന്നാല്‍ രാജ്യസുരക്ഷയ്ക്കായാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും യു.പി.എ സര്‍ക്കാരിന്റെ ഉത്തരവ് പിന്തുടരുകയാണ് ചെയ്തതെന്നും എല്ലാ കമ്പ്യൂട്ടറുകളും ചോര്‍ത്തുന്നില്ലെന്നുമായിരുന്നു അരുണ്‍ ജെയ്റ്റ്ലി നല്‍കിയ വിശദീകരണം.

ഇന്റലിജന്‍സ് ബ്യൂറോ, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്റര്‍ ബ്യൂറോ ഓഫ് ടാക്‌സ്, ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് സി.ബി.ഐ, എന്‍.ഐ.എ.,റോ, ജമ്മു കശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ്. ദല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് കമ്പ്യൂട്ടറുകളും ഡിവൈസുകളും നിരീക്ഷിക്കാനുള്ള ചുമതല.

നിയമത്തിലൂടെ പൗരന്‍മാര്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണം വഴി അവരെ നിരീക്ഷിക്കാനും ഡേറ്റ പിടിച്ചെടുക്കാനും കഴിയുമെന്ന് ഐ.ടി. വിദഗ്ധര്‍ വിലയിരുത്തുന്നു. പൗര സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന വിമര്‍ശനമുണ്ട്.