| Monday, 28th May 2018, 1:31 pm

യു.പിയില്‍ 175ലേറെ ഇടങ്ങളില്‍ ഇ.വി.എം തകരാറ്: പിന്നില്‍ ബി.ജെ.പിയെന്ന് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: യു.പിയില്‍ 175ലേറെ ഇടങ്ങളില്‍ ഇ.വി.എം തകരാറ്. പലയിടങ്ങളിലും ഇ.വി.എം തകരാറിനെ തുടര്‍ന്ന് വോട്ടര്‍മാര്‍ മണിക്കൂറുകളോളം ക്യൂവില്‍ തന്നെ തുടരേണ്ട സ്ഥിതിയാണെന്നാണ് റിപ്പോര്‍ട്ട്.

ഇ.വി.എം തകരാറിനു പിന്നില്‍ ബി.ജെ.പിയാണെന്ന് ബി.ജെ.പി സഖ്യകക്ഷികൂടിയായിരുന്ന ശിവസേന കുറ്റപ്പെടുത്തി. പണം വിതരണം ചെയ്ത് ബി.ജെ.പി ഇ.വി.എമ്മില്‍ ക്രമക്കേട് കാട്ടുകയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു.

” നേരത്തെ ആളുകള്‍ ബൂത്ത് പിടിച്ചടക്കുകയായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് അവരുടെ പക്കല്‍ ഇ.വി.എമ്മുകളുടെ താക്കോലുണ്ട്. സര്‍ക്കാറില്‍ നിന്നുള്ള തുടര്‍ച്ചയായ സമ്മര്‍ദ്ദത്തിലാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍. ജോലി നഷ്ടപ്പെടുമെന്ന ഭയത്തിലാണ് റിട്ടേണിങ് ഓഫീസര്‍മാര്‍.” റൗട്ട് പറഞ്ഞു.

ഇ.വി.എം തകരാറിനു പിന്നില്‍ ബി.ജെ.പിയാണെന്ന് ആരോപിച്ച് ആര്‍.എല്‍.ഡിയും രംഗത്തുവന്നിരുന്നു. ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥിയായ തബസും ഹസന്‍ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.

കേടായ ഇ.വി.എമ്മുകള്‍ക്ക് പകരം ഇ.വി.എമ്മുകള്‍ എത്തിക്കാന്‍ വൈകുന്നതിനാല്‍ വോട്ടര്‍മാര്‍ മണിക്കൂറോളം കാത്തിരുന്നശേഷം രോഷാകുലരായി മടങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കനത്ത സുരക്ഷയാണ് വോട്ടെടുപ്പിന്റെ ഭാഗമായി കൈരാനയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2013ല്‍ 62 പേര്‍ കൊല്ലപ്പെടാനിടയാക്കിയ മുസാഫിര്‍ നഗര്‍ കലാപം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നായിരുന്നു ഇത്.

We use cookies to give you the best possible experience. Learn more