| Thursday, 5th December 2024, 8:02 am

രജിനി സാറിനെ ഇഷ്ടമാണ്, എന്നാല്‍ കൂടുതലിഷ്ടം മറ്റൊരു സൂപ്പര്‍സ്റ്റാറിനെ: ശിവ രാജ്കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രജിനികാന്തിന്റെ ബോക്സ് ഓഫീസ് പവര്‍ കാണിച്ചുതന്ന ചിത്രമായിരുന്നു ജയിലര്‍. ലോകമെമ്പാടും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം രജിനി ഫാന്‍സിനെ പോലെ തന്നെ മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ എന്നീ സൂപ്പര്‍സ്റ്റാറുകളുടെയും ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക നല്‍കിയിരുന്നു. നരസിംഹ എന്ന കഥാപാത്രത്തിലൂടെ കേരളത്തിലും തമിഴ്നാട്ടിലും വലിയ രീതിയിലുള്ള പ്രേക്ഷക സ്വീകാര്യത നേടിയെടുക്കാന്‍ കന്നഡ താരം ശിവ രാജ്കുമാറിന് സാധിച്ചിരുന്നു.

തന്റെ പ്രിയപ്പെട്ട അഭിനേതാവിനെ കുറിച്ച് സംസാരിക്കുകയാണ് ശിവ രാജ്കുമാര്‍. രജിനികാന്ത് തന്റെ കുടുംബ സുഹൃത്തും ഇഷ്ടമുള്ള നടനും ആണെങ്കിലും കൂടുതല്‍ ഇഷ്ടം കമല്‍ ഹാസനെയാണെന്ന് ശിവ രാജ്കുമാര്‍ പറയുന്നു. എല്ലാവര്‍ക്കും അവരവരുടെ ഫേവറിറ്റ് അഭിനേതാക്കള്‍ ഉണ്ടാകില്ലേയെന്നും അങ്ങനെ തനിക്കുള്ള ആളാണ് കമല്‍ ഹാസനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമല്‍ ഹാസനെ എപ്പോള്‍ സ്‌ക്രീനില്‍ കണ്ടാലും ഓ മൈ ഗോഡ് എന്ന ഫീലാണെന്നും കമല്‍ വളരെ ഹാന്‍സം ആണെന്നും ശിവ രാജ്കുമാര്‍ പറഞ്ഞു. കമലിന്റെ അഭിനയവും കണ്ണുകളും സ്വയം കൊണ്ടുനടക്കുന്ന വിധവും വളരെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ കമലിനെയാണോ രജിനികാന്തിനെയാണോ കൂടുതല്‍ ഇഷ്ടമെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ശിവ രാജ്കുമാര്‍.

‘ഞാന്‍ ഒരു പക്കാ കമല്‍ ഹാസന്‍ ഫാനാണ്. രജിനി സാറിനെ ഇഷ്ടമാണ്, എന്റെ കുടുംബ സുഹൃത്തുമാണ്. എന്നാലും കൂടുതലിഷ്ടം കമല്‍ സാറിനെയാണ്. എല്ലാവര്‍ക്കും ഓരോ നായകന്മാരെ ഇഷ്ടമുണ്ടാകില്ലേ, ചില ആളുകളക്ക് വിജയിയെ ആയിരിക്കും ഇഷ്ടം, അദ്ദേഹത്തിന്റെ സ്‌ക്രീന്‍ പ്രെസെന്‍സും സ്‌റ്റൈലും ഒക്കെ ആയിരിക്കും ഇഷ്ടം. മറ്റ് ചിലര്‍ക്കിഷ്ടം അജിത്, സൂര്യ തുടങ്ങിയവരെയൊക്കെ ആയിരിക്കുമല്ലോ.

അതുപോലെയാണ് എനിക്ക് കമല്‍ സാര്‍. കമല്‍ ഹാസനെ എപ്പോള്‍ സ്‌ക്രീനില്‍ കണ്ടാലും ഓ മൈ ഗോഡ് എന്ന ഫീലാണ്. അദ്ദേഹം വളരെ ഹാന്‍സം ആണ്. നല്ല കണ്ണുകളാണ്. അഭിനയം പിന്നെ പറയേണ്ട ആവശ്യം ഇല്ലാലോ. കമല്‍ ഹാസന്‍ അദ്ദേഹത്തെ കൊണ്ടുനടക്കുന്ന ഒരു വിധമുണ്ടല്ലോ അതും വളരെ ഇഷ്ടമാണ്,’ ശിവ രാജ്കുമാര്‍ പറയുന്നു.

Content highlight: Shiva Rajkumar Says His Favorite Actor Is Kamal Hassan

We use cookies to give you the best possible experience. Learn more