കന്നഡ സൂപ്പര്‍സ്റ്റാര്‍ പദവി അലങ്കരിച്ചിരുന്ന നടനായിരുന്നെങ്കിലും രജിനി ചിത്രം ജയിലറിലൂടെയാണ് ശിവണ്ണ എന്ന ശിവ രാജ്കുമാര്‍ മലയാളികള്‍ക്ക് പ്രിയ താരമായി മാറിയത്.
ജയിലറിന് ശേഷം ശിവണ്ണ പ്രധാന വേഷത്തില്‍ എത്തുന്ന ഗോസ്റ്റിന് മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ ശിവണ്ണ എപ്പോഴാണ് മലയാളത്തില്‍ അഭിനയിക്കുക എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
തനിക്ക് മലയാള സിനിമ ഏറെ ഇഷ്ടമാണെന്നും അഭിനയിക്കാന്‍ അഗ്രഹമുണ്ടെന്നും ശിവണ്ണ പറയുന്നു. താന്‍ കൊവിഡിന് മുമ്പായി മലയാളത്തില്‍ നിന്ന് കഥ കേട്ടിരുന്നുവെന്നും അതിന് ശേഷം 6-7 മാസങ്ങള്‍ക്ക് മുമ്പ് വീണ്ടും മലയാളത്തില്‍ നിന്ന് കഥ കേട്ടുവെന്നും അദ്ദേഹം പറയുന്നു.
അവസാനം കേട്ട കഥ പൃഥ്വിരാജിനൊപ്പമുള്ള പ്രോജക്ട് ആണെന്നും അദ്ദേഹം വെളിപ്പെടുത്തി.
‘കൊവിഡിന് മുമ്പ് മലയാളത്തില്‍ നിന്ന് കഥകള്‍ കേട്ടിരുന്നു. എനിക്ക് മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. കൊവിഡിന് ശേഷം 6-7മാസങ്ങള്‍ക്ക് മുമ്പും പൃഥ്വിരാജ് ഉള്ള ഒരു കഥ കേട്ടു. ആ പ്രോജക്ടിനെ കുറിച്ച് ഇപ്പോഴും സംസാരിക്കുന്നുണ്ട്. തീര്‍ച്ചയായും മലയാളത്തില്‍ സിനിമ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ശിവ രാജ്കുമാര്‍ പറയുന്നു.
ഗോസ്റ്റിന്റെ പ്രൊമോഷന്റെ ഭാഗമായി 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ശിവ രാജ്കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. അതേസമയം ഗോസ്റ്റില്‍ ജയറാമും അനുപം ഖേറും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മസ്തിയും പ്രസന്നയും തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ കലാ സംവിധാനം കെ.ജി.എഫ് ഫെയിം ശിവ കുമാറാണ് നിര്‍വഹിക്കുന്നത്. അര്‍ജുന്‍ ജന്യയാണ് ഗോസ്റ്റിന്റെ സംഗീത സംവിധാനം. എം.ജി ശ്രീനിവാസ് ആണ് ഗോസ്റ്റ് സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് ചിത്രം.
Content Highlight: Shiva rajkumar about malayalam movie debut