കോഴിക്കോട്: ശിവ-പാര്‍വതി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. എസ്.കെ.എസ്.എഫിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ അരീക്കോട് കാവന്നൂരില്‍ വച്ചുനടന്ന ആദര്‍ശ സമ്മേളനത്തിലാണ് ഉമര്‍ ഫൈസി മുക്കം ഹിന്ദു ആരാധ്യവസ്തുക്കളെ കുറിച്ച് പരാമര്‍ശിച്ചത്.
തന്റെ പരാമര്‍ശത്തില്‍ ഹൈന്ദവ സഹോദരങ്ങള്‍ക്കിടയില്‍ വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മറ്റൊന്നും തന്നെ ഉദ്ദേശിച്ചിട്ടില്ലെന്നും ഉമര്‍ ഫൈസി മുക്കം സുപ്രഭാതം ഓണ്‍ലൈനിനോട് പറഞ്ഞു.
‘മുസ്‌ലിം ആരാധനാലയങ്ങള്‍ കയ്യേറ്റം ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് മുശാവറ യോഗത്തിലെ തീരുമാനത്തെ കുറിച്ച് പറയുന്ന അടിസ്ഥാനത്തില്‍ മഖ്ബറയും പള്ളികളുമെല്ലാം പിടിച്ചടക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നതിനെ കുറിച്ച് സമ്മേളനത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഹിന്ദുക്കളുടെ ആരാധ്യവസ്തുക്കളെ നിന്ദിക്കാനോ അവഹേളിക്കാനോ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ആ വസ്തുക്കളുടെ പേരു പറഞ്ഞിട്ടുണ്ട്. സര്‍വേ നടത്തുമ്പോള്‍ അത്തരം സാധനങ്ങള്‍ കണ്ടുകിട്ടുമ്പോള്‍ അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്ന പറയുന്നതിനെ കുറിച്ച് വിവരിച്ചപ്പോള്‍ രണ്ട് പദങ്ങള്‍ ഉപയോഗിച്ചിരുന്നു. ആ പദങ്ങളെ ആരാധ്യവസ്തുക്കള്‍ എന്നുമാത്രമേ ഉദ്ദേശിച്ചിരുന്നുള്ളു. അതല്ലാതെ താന്‍ മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും തനിക്കെതിരെ വര്‍ഗീയത പരത്താന്‍ ചില ചാനലുകള്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ദുരുദ്ദേശപരമാണ്. ഹൈന്ദവ സഹോദരങ്ങളെ വേദനിപ്പിക്കുന്ന തരത്തില്‍ ഒന്നും തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാവില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
ചിലര്‍ തെറ്റിധാരണ പരത്തിയതിന്റെ പേരില്‍ ഹൈന്ദവ സഹോദരങ്ങള്‍ക്ക് എന്തെങ്കിലും തരത്തില്‍ വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ താന്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
Content Highlight: Shiva-Parvati reference in Cavannur Controversial Speech’; Umar Faizi Mukkam expressed regret