ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ചിത്രത്തില്‍ ജയറാമിന് പുറമെ മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയും അഭിനയിച്ചിരുന്നു.
ചിത്രത്തില്‍ നിരവധി പുതുമുഖ താരങ്ങളുമുണ്ടായിരുന്നു. ഓസ്ലറിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് ശിവ ഹരിഹരന്‍. കുമരകം രഘുനാഥ് അവതരിപ്പിച്ച ശിവകുമാര്‍ എന്ന കഥാപാത്രത്തിന്റെ ചെറുപ്പമായാണ് ശിവ ഓസ്ലറില്‍ എത്തിയത്.
താരത്തിന്റെ രണ്ടാമത്തെ ചിത്രമാണ് ഓസ്ലര്‍. മുമ്പ് വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രത്തില്‍ ശിവ അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തില്‍ താനും അനശ്വരയും ഒരുമിച്ച് ലൈബ്രറിയില്‍ വെച്ച് ചിത്രീകരിച്ച ഒരു സീനിനെ കുറിച്ച് സംസാരിക്കുകയാണ് ശിവ. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ആ സീന്‍ തിയേറ്ററില്‍ വര്‍ക്ക് ആകുമെന്ന് തോന്നിയിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
ലൈബ്രറിയില്‍ വെച്ച് അനശ്വരയുടെ മുന്നില്‍ നിന്ന് താന്‍ ചൊല്ലുന്ന കവിത സംവിധായകന്‍ മിഥുന്‍ എഴുതിയതാണെന്നും ആദ്യം വലിയ ഒരു കവിതയായിരുന്നു ഉണ്ടായിരുന്നതെന്നുമാണ് ശിവ ഹരിഹരന്‍ പറയുന്നത്.
ആ സീന്‍ ഷൂട്ട് ചെയ്യുന്നതിന്റെ തൊട്ടുമുമ്പ് മിഥുന്‍ തന്നോട് ഒരു കവിത എഴുതി വരാന്‍ പറഞ്ഞതും താനും ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറും തട്ടിക്കൂട്ടി ഒരു കവിത ഉണ്ടാക്കി ചെന്ന കാര്യവും താരം പറഞ്ഞു.
‘എല്ലാം ആശാന്റെ (മിഥുന്‍) എഴുത്തായിരുന്നു. ശരിക്കും ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ കൂടെ വലിയ ഒരു കവിത ഉണ്ടായിരുന്നു. അത് ഷൂട്ടിന്റെ തൊട്ടുമുമ്പ് മിഥുന്‍ ചേട്ടന്‍ ‘എടാ നീ ഒരു കവിത എഴുതി വന്നേ’ എന്ന് പറഞ്ഞു. ഞാന്‍ ആ സമയത്ത് എവിടുന്ന് കവിത എഴുതി വരാനാണ്.
ഞാന്‍ പെട്ടെന്ന് അസിസ്റ്റന്റ് ഡയറക്ടറായ ബാസിലിനെയും കൊണ്ടുപോയി തട്ടിക്കൂട്ടി ഒരു കവിത ഉണ്ടാക്കി വന്നു. അതുമായി മിഥുന്‍ ചേട്ടന്റെ അടുത്ത് ചെന്നതും ചേട്ടന്‍ ‘ഇങ്ങനെ വേണ്ട’ എന്ന് പറഞ്ഞ് ഒരു കവിത എഴുതി.
ആ കൗണ്ടര്‍ ഒക്കെ ആശാന്റെ തന്നെയാണ്. പുള്ളി കൗണ്ടറടിച്ചു ഭയങ്കരമായി വര്‍ക്ക് ചെയ്യുന്ന ഒരാളാണ്,’ ശിവ ഹരിഹരന്‍ പറഞ്ഞു.
Content Highlight: Shiva Hariharan Talks About Library Scene In Abraham Ozler