| Thursday, 7th January 2016, 9:30 am

'പരമശിവന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍';പേപ്പര്‍ അവതരിപ്പിക്കുന്നതില്‍ നിന്നും സസ്യശാസ്ത്രജ്ഞന്‍ പിന്മാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൈസൂര്‍: സയന്‍സ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട “പരമശിവന്‍ ലോകത്തിലെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍”, എന്ന പേപ്പര്‍ അവതരിപ്പിക്കുന്നതില്‍ നിന്നും സസ്യശാസ്ത്രജ്ഞന്‍ പിന്മാറി. ബുധനാഴ്ചയായിരുന്നു പേപ്പര്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. ഡോ. അഖിലേഷ് പാണ്ഡെയെന്ന സസ്യശാസ്ത്രജ്ഞനാണ് പരിസ്ഥിതി ശാസ്ത്രം എന്ന വിഭാഗത്തില്‍ അവതരിപ്പിക്കുന്നതിനായി ഇത്തരമൊരു വിഷയം തെരഞ്ഞെടുത്തത്.

രാഷ്ട്രീയ അജണ്ഡ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മൈസൂര്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ ശാസ്‌ത്രേതരമായ വിഷയങ്ങള്‍ പ്രചരിപ്പിക്കുന്ന എന്ന ആരോപണം ഉയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയം അവതരിപ്പിക്കുന്നതില്‍ നിന്നും അഖിലേഷ് പാണ്ഡെ വിട്ടുനിന്നത് വിവാദമായിരിക്കുകയാണ്.

പരുക്കു കാരണമാണ് സയന്‍സ് കോണ്‍ഗ്രസില്‍ നിന്നും വിട്ടുനിന്നതെന്നാണ് പാണ്ഡെയുടെ വിശദീകരണം. “ഞാന്‍ അസാന്നിധ്യം വിവാദമാക്കേണ്ട. എനിക്കു കാലിനു പരുക്കുപറ്റിയതിനാലാണ് പങ്കെടുക്കാതിരുന്നത്.” എന്നാണ് ബോട്ടണിയില്‍ പി.എച്ച്.ഡി യുള്ള പാണ്ഡെ പറയുന്നത്.

“എന്റെ പേപ്പറിന് സയന്‍സുമായി ബന്ധമില്ലെങ്കിലെന്താണ്. എന്താണ് സയന്‍സ്? ഇന്നത്തെ കെട്ടുകഥയാണ് നാളത്തെ സയന്‍സ്. കെട്ടുകഥയാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ്” അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതി സംരക്ഷണമാണ് തന്റെ പേപ്പറിന്റെ ലക്ഷ്യങ്ങളിലൊന്നെന്നും അദ്ദേഹം വാദിച്ചു. “സയന്‍സില്‍ നാം ഇന്ന് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും വേദങ്ങളിലും പുരാണങ്ങളിലുമുണ്ട്. ആരെങ്കിലും എന്നെ വിശ്വസിക്കുന്നില്ലെങ്കില്‍ അവര്‍ അവരുടെ ഭാഗം ശാസ്ത്രീയമായി വിശദീകരിക്കേണ്ടതുണ്ട്.” അദ്ദേഹം വ്യക്തമാക്കി.

“നമ്മളെല്ലാം ശിവനെ ആരാധിക്കുന്നില്ലേ? എന്തുകൊണ്ട് നമുക്ക് അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നുകൂടാ? പരിസ്ഥിതി സംരക്ഷണമായാലും മറ്റേതു കാര്യമായാലും സമൂഹം നിയമങ്ങളാല്‍ മാത്രം ഭരിക്കപ്പെട്ടാല്‍ പോരാ. നമുക്ക് വഴികാട്ടാന്‍ മതം ആവശ്യമാണ്.” അദ്ദേഹം പറഞ്ഞു.

ശിവന്‍ ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതിപ്രവര്‍ത്തകനാണെന്നു പറഞ്ഞുകൊണ്ടാണ് പാണ്ഡെയുടെ പേപ്പര്‍ ആരംഭിക്കുന്നതെങ്കിലും ഈ വാദത്തെ പിന്തുണയ്ക്കാനുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇതില്‍ ഇല്ല. ശിവന്റെ തലയില്‍ നിന്നും വെള്ളം പുറന്തള്ളുന്നുണ്ട്, അദ്ദേഹം എന്തിനാണ് കടുവത്തോലില്‍ ഇരിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് പേപ്പറില്‍ വിശദീകരിക്കുന്നത്.

വിവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കുന്ന സമീപനമാണ് മൈസൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ കെ.എസ് രംഗപ്പ സ്വീകരിച്ചത്. പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലെ പേപ്പര്‍ തെരഞ്ഞെടുത്തതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ഇനിയൊരിക്കലും ശാസ്ത്രകോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ വംശജനായ നോബല്‍ സമ്മാന ജേതാവ് വെങ്കിട്ടരാമന്‍ രാമകൃഷ്ന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ് സര്‍ക്കസ് പോലെയാണെന്നും അതുകൊണ്ടാണ് താന്‍ ഈ തീരുമാനമെടുത്തതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞവര്‍ഷത്തെ സയന്‍സ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ചില പേപ്പറുകളും ഏറെ വിവാദമായിരുന്നു. റൈറ്റ് സഹോദരന്‍മാര്‍ വിമാനം കണ്ടുപിടിക്കുന്നതിനു മുമ്പു തന്നെ പൗരാണിക ഇന്ത്യയില്‍ വിമാനം ഉപയോഗിച്ചിരുന്നെന്നു പറഞ്ഞുകൊണ്ടുള്ള പേപ്പറായിരുന്നു വിവാദമായത്.

We use cookies to give you the best possible experience. Learn more