മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറേയെ ഗവര്‍ണര്‍ ബി.എസ് കോഷിയാരി എം.എല്‍.സിയായി നാമനിര്‍ദേശം ചെയ്യാന്‍ വൈകുന്നതില്‍ കടുത്ത വിമര്‍ശനം രേഖപ്പെടുത്തി ശിവസേന. ഉദ്ദവ് താക്കറേയെ ഗവര്‍ണര്‍ക്ക് നാമനിര്‍ദേശം ചെയ്യാന്‍ കഴിയുന്ന എം.എല്‍.സി പട്ടികയില്‍ ഉള്‍പ്പെടുത്തി നാമനിര്‍ദേശം ചെയ്യണമെന്ന് മന്ത്രിസഭ യോഗം നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ മുന്‍ ബി.ജെ.പി നേതാവായ ഗവര്‍ണര്‍ മെല്ലെപോക്ക് നയമാണ് തുടരുന്നതെന്നാണ് ശിവസേനയുടെ വിമര്‍ശനം.
ഗവര്‍ണറുടെ ഭവനമായ രാജ്ഭവന്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ വേദിയാക്കരുത്. ഭരണഘടന വിരുദ്ധമായി പെരുമാറിയൊരാള്‍ ചരിത്രത്തില്‍ ഇടം നേടിയിട്ടില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
നവംബര്‍ 28നാണ് മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറേ അധികാരമേല്‍ക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എയാവാതെയാണ് ഉദ്ദവ് മുഖ്യമന്ത്രിയായത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 പ്രകാരം ഒരു മന്ത്രിയോ മുഖ്യമന്ത്രിയോ എം.എല്‍.എയല്ലാതെയാണ് സ്ഥാനം ഏറ്റെടുക്കുന്നതെങ്കില്‍ ആറ് മാസത്തിനകം എം.എല്‍.എയാവേണ്ടതുണ്ട്. അല്ലെങ്കില്‍ സ്ഥാനം നഷ്ടമാവും.
മെയ് 28നുള്ളില്‍ ആണ് ഉദ്ദവ് താക്കറേ എം.എല്‍.എയാവേണ്ടത്. മഹാരാഷ്ട്രയില്‍ രണ്ട് സംവിധാനങ്ങളാണുള്ളത്. നിയമസഭയും നിയമ കൗണ്‍സിലും. മാര്‍ച്ച് 26ന് രാജ്യസഭ തെരഞ്ഞെടുപ്പിനോടൊപ്പം നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലൂടെ എം.എല്‍.സിയായി മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാമെന്നായിരുന്നു ഉദ്ദവ് താക്കറേയും ശിവസേനയും കരുതിയിരുന്നത്.
എന്നാല്‍ രാജ്യത്ത് കൊവിഡ് 19 വ്യാപനം നടന്നതോടെ തെരഞ്ഞെടുപ്പുകളെല്ലാം നീട്ടിവെച്ചു. അതോടെ ഉദ്ദവും ശിവസേനയും കരുതിവെച്ചിരുന്ന വഴി അടഞ്ഞു.
ഇതിനെ തുടര്‍ന്നാണ് ഉദ്ദവ് താക്കറേയെ ഗവര്‍ണര്‍ക്ക് നാമനിര്‍ദേശം ചെയ്യാന്‍ കഴിയുന്ന എം.എല്‍.സി പട്ടികയില്‍ ഉള്‍പ്പെടുത്തി നാമനിര്‍ദേശം ചെയ്യാമെന്ന വഴിയിലേക്ക ശിവസേന എത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ മെല്ലെപോക്ക് നടത്തുകയാണെന്നാണ് ശിവസേന ഇപ്പോള്‍ ആരോപിക്കുന്നത്.
ഉദ്ദവിന്റെ അഭ്യര്‍ത്ഥന മാനിച്ച് മെയ് 28ന് മുമ്പ് എം.എല്‍.സിയായി നാമനിര്‍ദേശം ചെയ്താല്‍ മുഖ്യമന്ത്രിയായി തുടരാം. അതല്ല ജൂണ്‍ പകുതി ആവുമ്പോഴേക്കുമെ താന്‍ ആ ഒഴിവുകള്‍ നികത്തൂ എന്ന് ഗവര്‍ണര്‍ നിലപാടെടുത്താല്‍ ഉദ്ദവിന് രാജിവെക്കേണ്ടി വരും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.