കോണ്‍ഗ്രസ് കാണിച്ച ധൈര്യം നിങ്ങള്‍ക്കുണ്ടോ? രാഹുലിനെ പപ്പുവെന്ന് വിളിച്ചയാളെ പുറത്താക്കുമോ? ബി.ജെ.പിയെ വെല്ലുവിളിച്ച് ശിവസേന
India
കോണ്‍ഗ്രസ് കാണിച്ച ധൈര്യം നിങ്ങള്‍ക്കുണ്ടോ? രാഹുലിനെ പപ്പുവെന്ന് വിളിച്ചയാളെ പുറത്താക്കുമോ? ബി.ജെ.പിയെ വെല്ലുവിളിച്ച് ശിവസേന
എഡിറ്റര്‍
Saturday, 9th December 2017, 12:14 pm

അഹമ്മദാബാദ്: മണിശങ്കര്‍ അയ്യറെ പുറത്താക്കിക്കൊണ്ട് കോണ്‍ഗ്രസ് കാണിച്ച ധൈര്യം ബി.ജെ.പിക്കുണ്ടോയെന്ന് ശിവസേന. രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിളിച്ച നേതാക്കളെ പുത്താക്കാന്‍ നടപടി എടുക്കുമോ എന്നാണ് ശിവസേനാ വക്താവ് മനീഷ കയന്തെ ചോദിച്ചത്.

പ്രാധാനമന്ത്രി നരേന്ദ്ര മോദിയെ “നീചന്‍” എന്നു വിളിച്ചതിന്റെ പേരില്‍ മണിശങ്കര്‍ അയ്യര്‍ക്കെതിരെ നടപടി എടുക്കാന്‍ കോണ്‍ഗ്രസ്സ് കാണിച്ച ധൈര്യം ബി.ജെ.പിക്ക് ഉണ്ടാകുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

“മണി ശങ്കര്‍ അയ്യറിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ്സ് ധൈര്യം കാണിച്ചു. അതേ ധൈര്യത്തോടെ രാഹുല്‍ ഗാന്ധിയെ “പപ്പു” എന്നു വിളിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബി.ജെ.പിക്കാകുമോ?” മനീഷ കയന്തെ പറഞ്ഞു. ബി.ജെ.പി യുടെ സഖ്യ കക്ഷിയായ ശിവസേനയില്‍ നിന്നും അപ്രതീക്ഷിതമായി പിന്തുണ ലഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്സിന്.


Also Read: ഈ ക്രൂരതയുടെ രക്തസാക്ഷിയാണ് എന്റെ അച്ഛന്‍: സേവ് ഇന്ത്യാ കണ്‍വെന്‍ഷനില്‍ മുഹമ്മദ് അഖ്‌ലഖിന്റെ മകള്‍


ബി.ആര്‍. അംബേദ്കറുടെ പേരിലുള്ള സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മണിശങ്കര്‍ അയ്യര്‍ മോദിക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നത്. മോദി തരം താഴ്ന്ന, സംസ്‌കാരമില്ലാത്ത വ്യക്തിയാണ്. ഈ സമയത്ത് എന്തിനാണ് അദ്ദേഹം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് എന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ പ്രസ്താവന. ബി.ജെ.പിയും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ നിരവധി പ്രസ്താവനകളുമായി രംഗത്തെത്തിയപ്പോഴായിരുന്നു അയ്യരുടെ ഈ പ്രസ്താവന.

പ്രധാനമന്ത്രി പദവിയെ കോണ്‍ഗ്രസ്സ് പാര്‍ട്ടി ബഹുമാനിക്കുന്നു എന്നും പ്രധാനമന്ത്രി പദവിയെ അവഹേളിക്കാന്‍ കോണ്‍ഗ്രസ്സിനുള്ളിലെ ആരെയും അനുവദിക്കില്ല എന്നും അതിനാലാണ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ തങ്ങള്‍ ശക്തമായ നടപടി കൈക്കൊണ്ടതെന്നുമാണ് പുറത്താക്കല്‍ നടപടിയെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന്റെ നിയുക്ത ദേശീയ അധ്യക്ഷന്‍ പറഞ്ഞത്.

രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യാന്‍ മണിശങ്കര്‍ അയ്യര്‍ ഉപയോഗിച്ച വാക്കുകളും സംഭാഷണ രീതിയും ഒരിക്കലും അംഗീകരിക്കാനാവില്ല. ബി.ജെ.പിയും പ്രധാനമന്ത്രിയും കോണ്‍ഗ്രസിനെതിരെ മോഷമായ ഭാഷ ഉപയോഗിക്കാറുണ്ട്. എന്നാല്‍ വ്യത്യസ്തമായ സംസ്‌ക്കാരമാണ് കോണ്‍ഗ്രസിനുള്ളത്. ഈ വിഷയത്തില്‍ അദ്ദേഹം മാപ്പുപറയണമെന്നാണ് താനും പാര്‍ട്ടിയും ആഗ്രഹിക്കുന്നത്” എന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.