ലഖ്‌നൗ: അതിഥി തൊഴിലാളികള്‍ക്ക് ബസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലായ ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിന്റെ മോചനത്തിന് വേണ്ടി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ശിവസേന. അജയ് കുമാര്‍ ലല്ലുവിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കുന്നുവെന്നും ഉടനെ തന്നെ അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ശിവസേന ഉത്തര്‍പ്രദേശ് ഘടകം പറഞ്ഞു.
യോഗി സര്‍ക്കാരിനെ നയിക്കുന്നത് അഹങ്കാരവും താന്‍പോരിമയും കൈകടത്തല്‍ സ്വഭാവവുമാണ്. വ്യാജ കേസുകളുണ്ടാക്കി പ്രതിപക്ഷ നേതാക്കളെ ജയിലുകളിലാക്കി ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്. മറ്റുള്ള സംഭവങ്ങളില്‍ ക്രമസമാധാനപാലനം പരാജയമാണ്. മഹാമാരിയെ പരാജയപ്പെടുത്തുന്നതിന് പകരം പ്രതിപക്ഷ നേക്കാള്‍ക്കെതിരെയാണ് സര്‍ക്കാരിന്റെ നീക്കമെന്ന് ശിവസേന ഉത്തര്‍പ്രദേശ് സെക്രട്ടറി വിശ്വജിത്ത് സിംഗ് പറഞ്ഞു.
അജയ് കുമാര്‍ ലല്ലുവിന്റെ മോചനം ആവശ്യപ്പെട്ട് ശിവസേന സംഘം ജൂണ്‍ 9ന് ഗവര്‍ണറെ കാണും. കൂടിക്കാഴ്ചക്ക് ശേഷം മാറ്റമൊന്നുമുണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസുമായി കൂടിയാലോചിച്ച് എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കുമെന്നും ശിവസേന പറഞ്ഞു.
കോണ്‍ഗ്രസിന് സംസ്ഥാനത്ത് നിലവില്‍ ഘടകകക്ഷികളാരുമില്ല. ഉത്തര്‍പ്രദേശില്‍ വലിയ സ്വാധീനമൊന്നുമില്ലാത്ത ശിവസേന പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുമായി സഖ്യത്തിലെത്താന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കൊവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവിനെ സര്‍ക്കാര്‍ ഉന്നംവെച്ച് തടവറയിലാക്കിയിരിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു. ലല്ലുവിനെ വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സേവാ സത്യാഗ്രഹം തുടങ്ങുമെന്നും പ്രിയങ്ക അറിയിച്ചു.
മെയ് 17നാണ് ലല്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബസുകളുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകളില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
‘നല്ല കാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്നും നമ്മുടെ എതിരാളികള്‍ നമ്മെ തടയാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുമെന്ന് മഹാത്മാ ഗാന്ധി നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ, സത്യാഗ്രഹത്തിന്റെ ഊര്‍ജ്ജം കൈക്കൊണ്ട് കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ നമ്മള്‍ പ്രവര്‍ത്തിക്കണം. ജനങ്ങളെ സേവിച്ചതിന്റെ പേരിലാണ് യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ ജയിലിലായത്. ജനങ്ങള്‍ക്ക് നിരന്തരം സേവനങ്ങള്‍ ചെയ്തുകൊണ്ട് ഇതിനെതിരെ പ്രതിഷേധിക്കണം’, പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക