national news
സവര്‍ക്കറെ അധിക്ഷേപിച്ച് സത്യത്തിന്റെ പോരാട്ടത്തില്‍ വിജയിക്കാന്‍ രാഹുലിന് കഴിയില്ല; 'ഉദ്ധവ് സേന'യുടെ എഡിറ്റോറിയല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 27, 06:29 pm
Monday, 27th March 2023, 11:59 pm

മുംബൈ: വി.ഡി. സവര്‍ക്കറിനെതിരെ അധിക്ഷേപകരമായ പരാമാര്‍ശം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സത്യത്തിന്റെ പോരാട്ടത്തില്‍ വിജയിക്കാന്‍ സാധിക്കില്ലെന്ന് ശിവസേന(യു.ബി.ടി)യുടെ മുഖപത്രമായ സാമ്‌നയില്‍ എഡിറ്റോറിയല്‍. അടിമത്തത്തിനും ബ്രിട്ടീഷ് ഭരണത്തിനുമെതിരെ പോരാടിയ വ്യക്തിയാണ് സവര്‍ക്കറെന്നും രാഹുല്‍ ഗാന്ധിയുടെ അപമാനം പാര്‍ട്ടിക്ക് സഹിക്കുന്നില്ലെന്നും എഡിറ്റോറിയല്‍ പറഞ്ഞു.

എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മാപ്പ് പറയാന്‍ തന്റെ പേര് സവര്‍ക്കര്‍ എന്നല്ല ഗാന്ധിയെന്നാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സാമ്‌നയുടെ എഡിറ്റോറിയല്‍.

‘എന്റെ പേര് സവര്‍ക്കറല്ല എന്ന തരത്തില്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് പ്രസ്താവനകള്‍ നടത്തുന്നുണ്ട്. എന്നാല്‍ അത്തരം പ്രസ്താവനകള്‍ നടത്തുന്നതിലൂടെ എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. എന്തൊക്കെയായാലും സവര്‍ക്കറിലുള്ള ജനങ്ങളുടെ വിശ്വാസം പോകില്ല,’ എഡിറ്റോറിയല്‍ പറഞ്ഞു.

വി.ഡി. സവര്‍ക്കര്‍ തങ്ങളുടെ ആരാധനാപാത്രമാണെന്നും അദ്ദേഹത്തെ അപമാനിക്കുന്നത് ക്ഷമിക്കാനാകില്ലെന്നും പറഞ്ഞ് ഉദ്ധവ് താക്കറെയും രംഗത്തെത്തിയിരുന്നു.

സേന (യു.ബി.ടി), കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) എന്നീ മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് മഹാ വികാസ് അഘാഡി(എം.വി.എ) സഖ്യം രൂപീകരിച്ചത് ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്നും അതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.