Advertisement
Citizenship (Amendment) Bill
പൗരത്വ ഭേദഗതി ബില്ലില്‍ ശിവസേനയുടെ നിലപാടില്‍ മാറ്റം? ബില്ലില്‍ ചര്‍ച്ച നടക്കവെ രാജ്യസഭയില്‍ സേന ചെയ്യുക ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 11, 06:07 am
Wednesday, 11th December 2019, 11:37 am

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെ ലോക്‌സഭയില്‍ അനുകൂലിച്ചെങ്കിലും രാജ്യസഭയില്‍ മറിച്ചൊരു നിലപാടെടുക്കാന്‍ ശിവസേന തയ്യാറായേക്കുമെന്ന് സൂചന. രാജ്യത്തു ഹിന്ദു-മുസ്‌ലിം ഭിന്നിപ്പുണ്ടാക്കാനാണു നിങ്ങള്‍ ശ്രമിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്റെയോ ബി.ജെ.പിയുടെയോ പേരെടുത്തു പറയാതെ ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

വോട്ടുബാങ്ക് രാഷ്ട്രീയം ശരിയല്ലെന്നും ശ്രീലങ്കയിലെ തമിഴ് ഹിന്ദുക്കള്‍ക്ക് ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ ശിവസേന രാജ്യസഭ ബഹിഷ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായില്ലെങ്കിലും ബഹിഷ്‌കരണമുണ്ടാകുമെന്ന് ശിവസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് 12 മണിക്കാണു രാജ്യസഭയില്‍ ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നത്. ലോക്‌സഭയില്‍ അനായാസം പാസ്സായ ബില്‍ രാജ്യസഭ കടക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

240 അംഗ രാജ്യസഭയില്‍ കുറഞ്ഞത് 121 വോട്ടാണ് ബില്‍ പാസാക്കാന്‍ വേണ്ടത്. 130 വോട്ടോടെ ബില്‍ പാസാക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എ.ഐ.എ.ഡി.എം.കെ, ജെ.ഡി.യു, അകാലി ദള്‍ എന്നീ കക്ഷികളുടെ 116ഉം 14സ്വതതന്ത്രരുമാണ് ഈ കണക്കുകൂട്ടലിന്റെ കാതല്‍.

അതേസമയം, യു.പി.എയുടെ 64 അംഗങ്ങളെക്കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി, ടി.ആര്‍.എസ്, സി.പി.ഐ.എം, സി.പി.ഐ എന്നിവരടങ്ങുന്ന 46 പേരും ബില്ലിനെ എതിര്‍ത്തേക്കും. ഇതോടെ ബില്ലിനെ എതിര്‍ക്കുന്നവരുടെ എണ്ണം 110 ആവും.

ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ എതിര്‍ത്തേക്കുമെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതീക്ഷ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യസഭയില്‍ ബില്‍ പരാജയപ്പെട്ടാല്‍ സംയുക്ത പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ജെ.ഡി.യു മുസ്ലിം വോട്ട് വാങ്ങി ജയിച്ചു കയറിയ ശേഷം ബി.ജെ.പിയുടെ മുസ്ലിം വിരുദ്ധ അജണ്ടയെ പിന്തുണക്കുന്നുവെന്ന് ആരോപണം ഉയരുന്നത് അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. സംഘടനയുടെ ദല്‍ഹി ഓഫീസിനു മുമ്പില്‍ ഇന്നലെ പ്രകടനം നടന്നിരുന്നു.

എ.ഐ.എ.ഡി.എം.കെ, ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ എന്നിവര്‍ പിന്തുണയ്ക്കുമെന്നാണ് എന്‍.ഡി.എയുടെ പ്രതീക്ഷയെങ്കിലും ബി.ജെ.പിക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ ഇവരുടെ തീരുമാനം നിര്‍ണായകമാവും.