ലഖ്‌നൗ: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി അടിത്തറ ശക്തമാക്കാനൊരുങ്ങി ശിവസേന. മഹാരാഷ്ട്രയിലെ നിലവിലെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബി.ജെപിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ശിവസേനയുടെ ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശില്‍ നിന്നാണ് ബി.ജെ.പി പരമാവധി ശക്തി സംഭരിക്കുന്നതെന്നതിനാല്‍, അവിടെ ബി.ജെ.പിക്ക് തുരങ്കം വെക്കുന്നതിലൂടെ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് ശിവസേനയുടെ പുതിയ നീക്കം.
മൊറാദാബാദ്, മീററ്റ്, ഗാസിയാബാദ്, മുസാഫര്‍നഗര്‍, ഫറൂഖാബാദ്, നോയിഡ, ബുലന്ദ്ഷഹര്‍, കാസ്ഗഞ്ച്, ഫിറോസാബാദ്, അമ്രോഹ, ബറേലി, പിലിഭിത്, മിര്‍സാപൂര്‍, അംബേദ്കര്‍ നഗര്‍, ലഖിംപൂര്‍ ഖേരി, കനൗജ്, ബഹ്‌റൈച്ച്, ബസ്തി, ചന്ദൗലി, പ്രതാപ്ഗഡ്, ബരാബങ്കി, ഫത്തേപൂര്‍, കൗശാംഭി, ബന്ദ, ചിത്രകൂട്, സോന്‍ഭദ്ര, പ്രയാഗ് രാജ്, ആഗ്ര തുടങ്ങി 30 ജില്ലകളിലെ ജില്ലാ തലവന്മാരെ സംസ്ഥാന ശിവസേന പ്രസിഡന്റ് അനില്‍ സിങ് പ്രഖ്യാപിച്ചു.
ഓരോ ജില്ലയിലും വ്യക്തിപരമായി സന്ദര്‍ശനം നടത്തുമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാവുന്ന ശക്തമായ സംഘടനാ സംവിധാനം ഉറപ്പാക്കുമെന്നും സംസ്ഥാന സേനാ മേധാവി പറഞ്ഞു.
ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നഗരസഭാ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ശിവസേന മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ഉന്നത നേതാക്കളും ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ അണിനിരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം, ആദര്‍ശപരമായും രാഷ്ട്രീയപരമായും വഞ്ചകനാണ് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ചതിയനായ ഉദ്ധവിന് ശിക്ഷ കിട്ടാതെ പോകരുതെന്നും അദ്ദേഹം നയിക്കുന്ന ശിവസേനയുടെ പരാജയം മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഉറപ്പാക്കണമെന്നും മുംബൈയില്‍ നടന്ന ബി.ജെ.പി നേതാക്കളുടെ യോഗത്തില്‍ അമിത് ഷാ പറഞ്ഞു.
‘ശിവസേന സ്ഥാപകന്‍ ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വ ആദര്‍ശത്തെ ഒറ്റുകൊടുത്തയാളാണ് ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേവേന്ദ്ര ഫഡ്‌നാവിസ്, 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സേന സഖ്യത്തിന് അനുകൂലമായി വോട്ടുചെയ്ത വോട്ടര്‍മാര്‍ എന്നിവരെയും ഉദ്ധവ് വഞ്ചിച്ചു. രാഷ്ട്രീയത്തില്‍ അപമാനം സഹിക്കാം, പക്ഷേ, വഞ്ചന സഹിക്കാന്‍ പറ്റില്ല. അതുകൊണ്ട് ആ വഞ്ചകനെ ശിക്ഷിക്കണം.
മുംബൈയിലെ തെരഞ്ഞെടുപ്പിലും ബി.ജെ.പി വിജയിക്കാന്‍ പോവുകയാണ്. ജനം മോദി നയിക്കുന്ന പാര്‍ട്ടിക്കൊപ്പമാണ്, ആദര്‍ശത്തെ ഒറ്റുകൊടുത്ത ഉദ്ധവിന്റെ പാര്‍ട്ടിക്കൊപ്പമല്ല. താക്കറെയുടെ പാര്‍ട്ടി പിളര്‍ന്നത് അയാളുടെ അത്യാഗ്രഹം കൊണ്ടാണ്. ബി.ജെ.പിക്ക് അതില്‍ ഒരു റോളുമില്ല. 2014ല്‍ ഉദ്ധവ് സഖ്യം തകര്‍ത്തത് കേവലം രണ്ടു സീറ്റിനുവേണ്ടിയായിരുന്നു,’ എന്നാണ് അമിത് ഷാ പറഞ്ഞത്.