| Friday, 8th November 2019, 5:06 pm

'ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കില്‍ അത് തെളിയിച്ച് കാണിക്കട്ടെ'; പരിഹസിച്ച് ശിവസേന; മഹാരാഷ്ട്രയില്‍ പോര് മുറുകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന ബി.ജെ.പിയുടെ വാദത്തെ പരിഹസിച്ച് ശിവസേന. ഇക്കാര്യം സാധ്യമാവുമെങ്കില്‍ പതിനഞ്ചല്ല, ഒരു മാസം സമയമെടുത്ത് ബി.ജെ.പി തെളിയിക്കട്ടെ എന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഫലപ്രഖ്യാപനം കഴിഞ്ഞ് 15 ദിവസമായിട്ടും ബി.ജെ.പി അനുനയത്തിന് തയ്യാറാവാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു റാവത്തിന്റെ പ്രതികരണം. ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന ബി.ജെ.പിയുടെ അവകാശവാദം അവര്‍ തെളിയിക്കട്ടെ എന്നും റാവത്ത് പറഞ്ഞു.

‘ഏറ്റവും വലിയ ഒറ്റകക്ഷിയായ ഒരു പാര്‍ട്ടിക്ക് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. അതാണ് ബി.ജെ.പി. അവര്‍ 15 ദിവസമല്ല, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഒരു മാസം സമയമെടുത്തോട്ടെ’, സഞ്ജയ് റാവത്ത് പരിഹസിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഗവര്‍ണര്‍ ആ വലിയ ഒറ്റകക്ഷിയോട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യപ്പെടുകയും അവരുടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുകയുമാണെങ്കില്‍ അവര്‍ക്ക് അവരുടെ ഭൂരിപക്ഷം നിയമസഭയില്‍ തെളിയിക്കാനാവും. അല്ലാത്ത പക്ഷം, മറ്റാര്‍ക്കുവേണമെങ്കിലും സര്‍ക്കാരുണ്ടാക്കാം. ശിവസേനയ്ക്കുപോലും. പക്ഷേ, ഏറ്റവും വലിയ ഒറ്റകക്ഷിക്ക് ആദ്യം അവസരം ലഭിച്ചെന്ന് ഉറപ്പുവരുത്തണം’, ബദല്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് റാവത്തിന്റെ മറുപടി ഇങ്ങനെ.

50:50 ഫോര്‍മുലക്കപ്പുറം മറ്റൊരു ചര്‍ച്ചയ്ക്കും ശിവസേനയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഒക്ടോബര്‍ 24ന് ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തിയതാണ്. തെരഞ്ഞെടുപ്പിന് മുമ്പേ 50:50 കരാറില്‍ എത്തിയിരുന്നതുമാണ്. പിന്നെ എങ്ങനെയാണ് പുതിയ ആലോചനകള്‍ വരുന്നതെന്നാണ് ചോദ്യം”.

“വളരെ പെട്ടന്ന് ബി.ജെ.പി പറയുകയാണ് അവര്‍ 50:50 ഫോല്‍മുലയുമായി മുന്നോട്ടുപോകാനില്ലെന്നും കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടെന്നും. മുഖ്യമന്ത്രിക്കസേരയിലിരുന്ന ഒരു ബി.ജെ.പി നേതാവ് തന്നെ അങ്ങനെ പറയുമ്പോള്‍ ഞങ്ങള്‍ക്ക് അതെങ്ങനെ അംഗീകരിക്കാനാവും?, റാവത്ത് ചോദിക്കുന്നു.

സര്‍ക്കാര്‍ രൂപീകരിക്കാനെടുക്കുന്ന കാലതാമസത്തിലെ നിയമപ്രശ്‌നങ്ങള്‍ ആരാഞ്ഞ് ബി.ജെ.പി വ്യാഴാഴ്ച ഗവര്‍ണറെ കണ്ടിരുന്നു.

അതേസമയം, ദേവേന്ദ്ര ഫഡ്നാവിസ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന നിലപാടിലാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുധിര്‍ മുന്‍ഗാന്തിവാര്‍. കുതിരക്കച്ചവടം ബി.ജെ.പിയുടെ സംസ്‌കാരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന കുതിരക്കച്ചവടാരോപണം പാര്‍ട്ടിയുടെ പ്രതിച്ഛായയെ താറടിച്ചു കാണിക്കാനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more