മുംബൈ: ശബരിമലയില്‍ ആചാര സംരക്ഷണത്തിനു വേണ്ടി അയ്യപ്പജ്യോതി പ്രയാണം സംഘടിപ്പിക്കുമെന്ന് ശിവസേന. ശബരിമലയില്‍ ആചാര സംരക്ഷണം വേണമെന്ന ആവശ്യം മുന്‍നിര്‍ത്തി ഏഴു സംസ്ഥാനങ്ങളില്‍ അയ്യപ്പജ്യോതി പ്രയാണം സംഘടിപ്പിക്കുമെന്ന് ശിവസേന നേതാക്കള്‍ മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയെ കണ്ടശേഷമാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. സുപ്രീംകോടതി വിധി നടപ്പാക്കാനെന്ന വ്യാജേന പൊലീസ് പമ്പയിലും സന്നിധാനത്തും അയ്യപ്പഭക്തര്‍ക്കെതിരേ നടപടി സ്വീകരിക്കുകയാണെന്ന് ശിവസേന കേരള പ്രമുഖ് എം.എസ്. ഭുവനചന്ദ്രന്‍ കുറ്റപ്പെടുത്തി. തീര്‍ഥാടനകേന്ദ്രത്തിലെ നിരോധന ഉത്തരവ് പിന്‍വലിച്ച് സന്നിധാനത്ത്‌നിന്ന് പൊലീസിനെ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുംബൈയില്‍ ചേര്‍ന്ന യോഗത്തില്‍ ശിവസേന കര്‍ണാടക സംസ്ഥാന നേതാക്കളായ രാജുഭവാനി, മധുകര്‍ മുദ്രാടി, ഹൈദരാബാദ് ശിവസേന സിറ്റി അധ്യക്ഷന്‍ അര്‍ജുന്‍യാദവ്, അയ്യപ്പ രക്ഷാസമിതി മഹാരാഷ്ട്ര ഓര്‍ഗനൈസിങ് സെക്രട്ടറി ബാലന്‍ നായര്‍, ശിവസേന കേരള വക്താവ് അഡ്വ. ജി. ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
അതേസമയം, ശബരിമല യുദ്ധക്കളമാക്കിയതില്‍ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഹരജി നല്‍കിയവര്‍ക്കും പങ്കുണ്ടെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ശബരിമലയിലെ പൊലീസ് നടപടികളില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസില്‍ കേന്ദ്രസര്‍ക്കാരിനെയും കക്ഷി ചേര്‍ത്തിട്ടുണ്ട്.
എല്ലാവര്‍ക്കും അജണ്ടയുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി രാഷ്ട്രീയക്കാരുടേയും സമരക്കാരുടേയും കാര്യങ്ങളില്‍ ഇടപെടാനില്ലെന്നും വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ അറസ്റ്റല്ലാ പരിഗണനാ വിഷയമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
അതേസമയം, സന്നിധാനത്ത് പ്രശ്നമുണ്ടാക്കിയത് ആര്‍.എസ്.എസുകാരാണെന്ന് എ.ജി ഹൈക്കോടതിയെ അറിയിച്ചു. സന്നിധാനത്ത് ആളുകളെ എത്തിക്കാന്‍ ബി.ജെ.പി പുറത്തിറക്കിയ സര്‍ക്കുലര്‍ എ.ജി കോടതിയില്‍ ഹാജരാക്കി. ഇതോടെയാണ് അറസ്റ്റ് നടപടികളില്‍ ഇടപെടില്ലെന്ന് കോടതി അറിയിച്ചത്.