'അങ്ങനെ പറയുന്നത് മിസ്റ്റര്‍ ഷായെ അപമാനിക്കുന്നതിന് തുല്യം'; സഹകരണം അമിത് ഷായുടെ കയ്യില്‍ ഭദ്രമായിരിക്കുമെന്ന് ശിവസേന
national news
'അങ്ങനെ പറയുന്നത് മിസ്റ്റര്‍ ഷായെ അപമാനിക്കുന്നതിന് തുല്യം'; സഹകരണം അമിത് ഷായുടെ കയ്യില്‍ ഭദ്രമായിരിക്കുമെന്ന് ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th July 2021, 9:57 am

മുംബൈ: കേന്ദ്ര മന്ത്രിസഭയില്‍ സഹകരണവകുപ്പ് ഉള്‍പ്പെടുത്തിയ തീരുമാനത്തെ സ്വാഗതം ചെയ്ത് ശിവസേന.

പുതിയ വകുപ്പിന്റെ അധിക ചുമതല വഹിക്കുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നതിനാല്‍ നല്ല രീതിയില്‍ തന്നെ വകുപ്പ് കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ശിവസേന പറഞ്ഞു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് പ്രതികരണം.

സഹകരണ മേഖല വികസിപ്പിക്കാനും വിപുലീകരിക്കാനും അമിത് ഷാ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതില്‍ അസ്വസ്ഥരാകേണ്ട ആവശ്യമില്ലെന്നും സാമ്‌നയുടെ എഡിറ്റോറിയലില് പറയുന്നു.

 

കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും നേതാക്കളുടെ പഴയ കേസുകള്‍ അമിത് ഷാ കുത്തിപ്പൊക്കി അന്വേഷണം ആരംഭിക്കുകയും മഹാരാഷ്ട്രയില്‍ ”സഹകരണത്തിലൂടെ” ഒരു സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യുമെന്ന ഭയം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അങ്ങനെ പറയുന്നത് അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യമാണെന്നും സേന പറഞ്ഞു.

 

രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുന്‍പ് സഹകരണ ആക്ടിവിസ്റ്റ് ആയി പ്രവര്‍ത്തിച്ച അമിത് ഷാ മികച്ച പ്രവര്‍ത്തനം നടത്തുമെന്നാണ് കരുതുന്നതെന്നും ശിവസേന പറഞ്ഞു.

രണ്ടാം മോദി സര്‍ക്കാരിന്റെ പുനഃസംഘടനയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സഹകരണ വകുപ്പിന്റെ ചുമതല നല്‍കിയത്. പുതിയ വകുപ്പാണ് സഹകരണം. അമിത് ഷായ്ക്ക് സഹകരണ വകുപ്പിന്റെ ചുമതല നല്‍കിയതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ശിവസേനയുടെ പ്രതികരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

 

 

 

Content Highlights: Shivsena Supports Amit shah