| Tuesday, 11th June 2019, 11:25 pm

അമിത് ഷായുടെ 'സമ്മതം' ലഭിച്ചു; മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തിന് അടുത്ത അവകാശി തങ്ങളെന്ന് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥി ശിവസേനയുടേത് ആയിരിക്കുമെന്ന് പാര്‍ട്ടി. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അടുത്ത പാര്‍ട്ടിക്ക് ഭരണം കൈമാറും എന്ന ധാരണ ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ ഉണ്ടായിരുന്നതായും യുവ സേന നേതാവ് വരുണ്‍ സര്‍ദേസായി പറയുന്നു.

അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ബി.ജെ.പിയില്‍ നിന്നായിരിക്കുമെന്ന് മഹാരാഷ്ട്ര ധനകാര്യമന്ത്രി സുധീര്‍ മുന്‍ഗന്ദിവര്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇരു പാര്‍ട്ടികള്‍ക്കിടയിലേയും ധാരണയെക്കുറിച്ച് ഓര്‍മ്മിപ്പിച്ച് യുവ സേന നേതാവ് രംഗത്തെത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആരംഭിക്കാനിരിക്കെയാണ് ഇരു പാര്‍ട്ടികളും സഖ്യത്തിലേര്‍പ്പെടുന്നത്. ഇരു പാര്‍ട്ടികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സഖ്യത്തിന് വിള്ളലേല്‍പ്പിക്കാന്‍ കെല്‍പ്പുള്ളതാണ് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമെന്നാണ് വിലയിരുത്തല്‍.

ജൂണ്‍ 10ന് സുധീര്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് അവകാശപ്പെട്ടത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ‘അടുത്ത മുഖ്യമന്ത്രി ബി.ജെ.പിയില്‍ നിന്നായിരിക്കും. ബി.ജെ.പിയുടേയും ശിവസേനയുടേയും ഇടയില്‍ ഇതേ ചൊല്ലി തര്‍ക്കങ്ങളൊന്നും ഇല്ല. 288 അംഗങ്ങളുള്ള നിയമസഭയില്‍ ഞങ്ങള്‍ 220 സീറ്റുകളെങ്കിലും നേടിയിരിക്കും;- എന്നായിരുന്നു സുധീര്‍ നാഷികില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

എന്നാല്‍ ഇതിനെതിരെ വരുണ്‍ സര്‍ദേസായി രംഗത്തെത്തുകയായിരുന്നു. ഓരോ പാര്‍ട്ടിയും രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം അലങ്കരിക്കും എന്നായിരുന്നു വരുണ്‍ പറഞ്ഞത്.

ഇരു പാര്‍ട്ടികള്‍ക്കിടയിലുമായി മുഖ്യമന്ത്രി സ്ഥാനം കൈമാറുന്നത് ബി.ജെ.പി നേതാവ് അമിത് ഷാ അംഗീകരിച്ചതായും വരുണ്‍ തന്റെ ട്വീറ്റില്‍ പറയുന്നു. ‘ശിവസേന പ്രസിഡന്റ് ഉദ്ധവ് സാഹെബും ബി.ജെ.പി നേതാവ് അമിത്ജിയും മഹാരാഷ്ട്ര മുഖ്യമന്ത്രി പദം രണ്ടര വര്‍ഷത്തെ കാലയളവിന് ശേഷം പരസ്പരം കൈമാറുന്നതിനെക്കുറിച്ച് ധാരണയിലെത്തിയതാണ്. ഇവര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാത്തവര്‍ വ്യക്തിതാല്‍പര്യങ്ങള്‍ക്കായി സഖ്യം തകര്‍ക്കാന്‍ ശ്രമിക്കരുത്’- വരുണ്‍ ട്വീറ്റ് ചെയ്യുന്നു.

We use cookies to give you the best possible experience. Learn more