| Tuesday, 7th January 2020, 1:20 pm

പൗരത്വഭേദഗതി നിയമത്തില്‍ ഹിന്ദു-മുസ്‌ലീം കലാപമുണ്ടാകുമെന്ന് അവര്‍ കരുതി; ജെ.എന്‍.യു ആക്രമണം ബി.ജെ.പിയുടെ പ്രതികാരമെന്നും ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ദല്‍ഹിയിലെ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ അക്രമത്തിലും പൗരത്വഭേദഗതി നിയമത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന.

ഇത്തരം ക്രൂരമായ ഒരു രാഷ്ട്രീയം രാജ്യം മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നായിരുന്നു ശിവസേന മുഖപത്രമായ സാമ്‌നയില്‍ കുറിച്ചത്.

പൗരത്വ ഭേദഗതി നിയമത്തെച്ചൊല്ലി ”ഹിന്ദു-മുസ്‌ലീം കലാപം” ഉണ്ടാകാന്‍ ബി.ജെ.പി ആഗ്രഹിച്ചെങ്കിലും അത് സംഭവിച്ചില്ലെന്ന് ശിവസേന എഡിറ്റോറിയലില്‍ പറയുന്നു.

സി.എ.എ വിഷയത്തില്‍ ബി.ജെ.പി പ്രതിക്കൂട്ടിലായ ഘട്ടത്തില്‍ അതിനുള്ള പ്രതികാരം മറ്റ് നിരവധി കാര്യങ്ങള്‍ ചെയ്ത് അവര്‍ നടപ്പിലാക്കുകയാണെന്നും ശിവസേന ആരോപിച്ചു.

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണത്തെ 26/11 ലെ മുംബൈ ഭീകരാക്രമണവുമായാണ് ശിവസേന താരതമ്യം ചെയ്തത്. ഇത്തരത്തിലുള്ള ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം രാജ്യത്തിന് അപകടകരമാണെന്നും ശിവസേന സാമ്‌ന എഡിറ്റോറിയലില്‍ കുറിച്ചു.

ജെ.എന്‍.യുവിലെ ”അജ്ഞാത” ആക്രമണകാരികള്‍ക്കെതിരെ കേസെടുക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം പരിഹാസ്യമാണെന്നും എഡിറ്റോറിയല്‍ പറയുന്നു. മാസ്‌കുകളുമായി ജെ.എന്‍.യുവില്‍ പ്രവേശിച്ചവര്‍ ഇപ്പോഴും അജ്ഞാതരായി തന്നെ തുടരുകയാണ്.

മോദിയും അമിത് ഷായും ആഗ്രഹിച്ചത് നടന്നു. രാജ്യം അപകടത്തിലാണ്. ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം രാജ്യത്തിന് അപകടകരമാണ്”,-സാമ്‌ന എഡിറ്റോറിയലില്‍ പറയുന്നു.

”സര്‍വകലാശാലകളിലും കോളേജുകളിലും രക്തക്കറകള്‍ വീഴ്ത്തുക, വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുക, അതില്‍ രാഷ്ട്രീയം കണ്ടെത്തുക, ഇത്തരം ക്രൂരമായ രാഷ്ട്രീയ കളികള്‍ ഇന്ത്യയില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ല.

അമിത് ഷാ ദല്‍ഹിയില്‍ തുടര്‍ന്ന് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള ലഘുലേഖകള്‍ വീടുകള്‍ തോറും കയറിയിറങ്ങി വിതരണം ചെയ്യുന്ന തിരക്കിലാണെന്നും എന്നാല്‍ പുതിയ പൗരത്വ നിയമത്തെക്കുറിച്ച് രാജ്യത്ത് ആശയക്കുഴപ്പവും അശാന്തിയും നിലനില്‍ക്കുന്നുണ്ടെന്നും സേന പറഞ്ഞു.

ഈ വിഷയത്തില്‍ ഹിന്ദു-മുസ്‌ലീം കലാപം കാണാന്‍ ബിജെപി ആഗ്രഹിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നത് മുസ്ലിംകള്‍ മാത്രമല്ല. ഹിന്ദുക്കള്‍ കൂടിയാണ്. പുതിയ നിയമം ഹിന്ദുക്കളെയും ബാധിക്കും -ശിവസേന പറഞ്ഞു.

ജെ.എന്‍.യു ആക്രമണം പോലും സി.എ.എ പ്രതിഷേധത്തിന്റെ പേരില്‍ ബി.ജെ.പി നടത്തിയ പ്രതികാരത്തിന്റെ ഭാഗമാണോയെന്ന് സംശയമുണ്ടെന്നും എഡിറ്റോറിയല്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അക്രമത്തെ അപലപിച്ച ബി.ജെ.പി സര്‍വകലാശാലകള്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആരാണ് സര്‍വകലാശാലകളില്‍ അക്രമരാഷ്ട്രീയം കൊണ്ടുവന്നത്?

നിങ്ങളുടെ പ്രത്യയശാസ്ത്രത്തോട് യോജിക്കാത്തവരെ അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന നയം ആരാണ് നടപ്പാക്കുന്നത്? സി.എ.എയെ എതിര്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ദേശവിരുദ്ധരെന്ന് വിളിക്കുന്നവര്‍ സ്വയം ദേശവിരുദ്ധരാണ്. ”-എഡിറ്റോറിയല്‍ പറയുന്നു.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെയും ശിവസേന രംഗത്തെത്തി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്രം കൊണ്ടുവന്ന നിയമത്തിനെതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ജനങ്ങളെ തെരുവിലിറക്കാനും ഗാന്ധി സഹോദരങ്ങള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ അവര്‍ക്ക് അത്രയും ശക്തിയുണ്ടെന്ന് അമിത് ഷാ തന്നെ സമ്മതിക്കുകയാണെന്നായിരുന്നു എഡിറ്റോറിയലില്‍ വ്യക്തമാക്കിയത്.

ഗാന്ധി സഹോദരങ്ങള്‍ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് ആര്‍ക്കും പറയാനാവില്ല, എന്നാല്‍ പുതിയ പൗരത്വ നിയമത്തെക്കുറിച്ച് വ്യക്തമാക്കുന്നതിനായി ലഘുലേഖകള്‍ വിതരണം ചെയ്യേണ്ട ഗതികേടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എത്തിയിരിക്കുന്നുവെന്ന് എല്ലാവര്‍ക്കും ഉറപ്പിച്ചു പറയാന്‍ സാധിക്കുമെന്നും ശിവസേന എഡിറ്റോറിയലില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more