| Saturday, 2nd November 2019, 10:31 am

'രാഷ്ട്രപതി ഭരണമെന്ന ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട'; ഭരിക്കാന്‍ വേണ്ടി മാത്രം ജനിച്ചവരാണ് നിങ്ങള്‍ എന്ന് കരുതിയെങ്കില്‍ തെറ്റി; ബി.ജെ.പിക്കെതിരെ ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ തുടരവേ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകേണ്ടി വരുമെന്ന ധനമന്ത്രിയും ബി.ജെ.പി നേതാവുമായ സുധീര്‍ മുങ്കന്തിവാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ് എട്ട് ദിവസം പിന്നിട്ടിട്ടും മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപവത്കരണം നടന്നിട്ടില്ലെന്നും നവംബര്‍ 7 നകം സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് പോകണമെന്നുമായിരുന്നു സുധീര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയത്.

സുധീര്‍ മുങ്കന്തിവാറിന്റേത് ഭീഷണിപ്പെടുത്തല്‍ ആണന്നും ഇത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിന് എതിരുമാണെന്നും ശിവസേന പ്രതികരിച്ചു. രാഷ്ട്രപതി ഭരണമെന്ന ഉമ്മാക്കി കാണിച്ച് തങ്ങളെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും ശിവസേന പറഞ്ഞു.

മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്ന ബി.ജെ.പിയുടെ ഭീഷണി മുഗളന്മാരുടെ ഭീഷണിപോലെയാണെന്നും ശിവസേന സാമ്‌നയില്‍ എഴുതിയ എഡിറ്റോറിയലില്‍ പറഞ്ഞു.

”ഇത് മുകളന്മാരുടെ ആജ്ഞ പോലെയാണ് തോന്നുന്നത്. നിയമവും ഭരണഘടനയും ആരുടേയും അടിമകളല്ല. മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ല. അത് ഇവിടുത്തെ ജനങ്ങള്‍ക്ക് അറിയാം. നിയമവും ഭരണഘടനയും എന്താണെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം”- ശിവസേന പറഞ്ഞു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന പ്രക്രിയയില്‍ എന്തുകൊണ്ടാണ് വേഗത്തില്‍ നടക്കാത്തതെന്നും ശിവസേന ചോദിച്ചു. ഇപ്പോഴുണ്ടാകുന്ന ഈ കാലതാമസത്തിന് ബി.ജെ.പി മാത്രമാണ് കുറ്റക്കാരെന്നും ശിവസേന എഡിറ്റോറിയലില്‍ കുറിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”എന്തുകൊണ്ടാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം നടക്കാത്തത്? ബി.ജെ.പി നേതാവ് തന്നെ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ ആളുകള്‍, എന്തുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിക്കാത്തത്? മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഇതിന് ഉത്തരവാദികളാണോ?”-ശിവസേന ചോദിച്ചു.

ഭൂരിപക്ഷം നേടാന്‍ കഴിയാത്ത അതേ ആളുകള്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയാണ്.  ഭരിക്കാന്‍ വേണ്ടി മാത്രം ജനിച്ചവരാണെന്നാണ് ചിലര്‍ കരുതിയത്. ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സര്‍ക്കാരില്‍ തിരിച്ചെത്തുമെന്ന് കരുതിയ ആളുകളുടെ മനോഭാവം പരിഹാസ്യമാണ്. ഇവര്‍ തന്നെയാണ് ഇപ്പോള്‍ രാഷ്ട്രപതി ഭരണം നടപ്പാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും- ശിവസേന പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലവിലെ കാലാവധി നവംബര്‍ എട്ടിന് അവസാനിക്കാനിരിക്കെ ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള അധികാര പങ്കിടല്‍ തര്‍ക്കം ഇപ്പോഴും അവസാനിച്ചിട്ടില്ല.

105 സീറ്റുകള്‍ ആണ് ബി.ജെ.പി മഹാരാഷ്ട്രയില്‍ നേടിയത്. 56 സീറ്റുകളില്‍ ശിവസേനയും.

Latest Stories

We use cookies to give you the best possible experience. Learn more