| Monday, 28th September 2020, 8:02 pm

മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം; ശിവസേന-ബി.ജെ.പി സഖ്യത്തിന് ഫോര്‍മുലയുമായി കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശിവസേന എന്‍.ഡി.എയിലേക്ക് തിരിച്ചുവരണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. ബി.ജെ.പി സഖ്യത്തിലേക്ക് തിരിച്ചുവരുന്നതിനായി ഫോര്‍മുലയും അത്തേവാല നിര്‍ദേശിച്ചു.

ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അടുത്ത ഒരു വര്‍ഷം കൂടി മുഖ്യമന്ത്രിയാകട്ടേയെന്നും പിന്നീടുള്ള മൂന്ന് വര്‍ഷം ബി.ജെ.പിയ്ക്ക് നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പേരാണ് ബി.ജെ.പിയ്ക്കായി അത്തേവാല നിര്‍ദേശിച്ചത്.

കേന്ദ്രസര്‍ക്കാരില്‍ ശിവസേനയ്ക്ക് പ്രാതിനിധ്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.സി.പിയേയും എന്‍.ഡി.എയിലേക്ക് അദ്ദേഹം ക്ഷണിച്ചു.

‘ശിവസേന വീണ്ടും ബി.ജെ.പിയുമായി കൈകോര്‍ക്കണം. ഇനി അവര്‍ തയ്യാറല്ലെങ്കില്‍ എന്‍.സി.പി വരണം. ശരദ് പവാറിന് വലിയ സ്ഥാനം ലഭിക്കും. ശിവസേനയ്‌ക്കൊപ്പം നിന്നിട്ട് ഒരു കാര്യവുമില്ല’, അത്തേവാല പറഞ്ഞു.

കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റാവത്ത്, ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ശിവസേന മുഖപത്രം സാമ്‌നയുടെ അഭിമുഖത്തിനായാണ് സഞ്ജയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ഫഡ്‌നാവിസ് വ്യക്തമാക്കിയിരുന്നു.

സാമ്‌നയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ് സഞ്ജയ് റാവത്ത്. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എന്‍.ഡി.എയില്‍ നിന്ന് ശിവസേന വിട്ടുപോന്നത്.

പിന്നീട് കോണ്‍ഗ്രസിനും എന്‍.സി.പിയ്ക്കുമൊപ്പം മഹാ വികാസ് അഘഡി രൂപീകരിച്ച് സംസ്ഥാനം ഭരിക്കുകയായിരുന്നു ശിവസേന.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shiv Sena should join hands with BJP again: Ramdas Athawale

We use cookies to give you the best possible experience. Learn more