മുംബൈ: പ്രമുഖ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയുടെ അംഗത്വം റദ്ദ് ചെയ്ത് ഷിന്‍ഡെ വിഭാഗം ശിവസേന. ജനരോഷത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയാണ് വധക്കേസ് പ്രതിയായ ശ്രീകാന്ത് പങ്കാര്‍ക്കറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
കഴിഞ്ഞ ദിവസം മുന്‍മന്ത്രി അര്‍ജുന്‍ ഖോട്കറുടെ നേതൃത്വത്തിലാണ് ശ്രീകാന്തിന് ഷിന്‍ഡെ വിഭാഗം ശിവസേനയില്‍ അംഗത്വം നല്‍കുന്നത്. അംഗത്വത്തിന് പുറമെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജല്‍ന അസംബ്ലി മണ്ഡലത്തിന്റെ പ്രചാരണ ചുമതലയും ശ്രീകാന്തിനെ ഏല്‍പ്പിച്ചിരുന്നു.
2017 സെപ്റ്റംബര്‍ അഞ്ചിനാണ് മാധ്യമപ്രവ്രര്‍ത്തകയായ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിക്കുന്നത്. ബെംഗളൂരുവിലെ ഗൗരിയുടെ അപ്പാര്‍ട്ടമെന്റിന് സമീപമായിരുന്നു കൊലപാതകം നടന്നത്. കൊലപാതകത്തില്‍ സനാഥന്‍ സന്‍സ്തയുമായും മറ്റു സംഘടനകളുമായും ബന്ധമുള്ള 17 പേരെ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുറ്റകൃത്യം നടന്ന സ്ഥലത്ത് പംഗാര്‍ക്കര്‍ ഉണ്ടായിരുന്നില്ലെങ്കിലും ഇയാള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഗൗരി ലങ്കേഷിനെ വധിക്കാനുപയോഗിച്ച തോക്കുകള്‍ക്ക് പുറമെ പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ സംഘടിപ്പിച്ച് നല്‍കിയതും ശ്രീകാന്ത് പംഗാര്‍ക്കറായിരുന്നു.
കേസില്‍ കഴിഞ്ഞ ആഴ്ച്ചയാണ് ഇയാള്‍ക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഗൗരി ലങ്കേഷിനെ വധിക്കാനുപയോഗിച്ച തോക്കുകള്‍ സംഘടിപ്പിച്ചെന്നും ആയുധപരിശീലന ക്യാമ്പില്‍ പങ്കെടുത്തു എന്നുമായിരുന്നു ശ്രീകാന്ത് പംഗാര്‍ക്കര്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്‍.
കേസില്‍ 11 പേര്‍ക്ക് വിചാരണകാലയളവില്‍ തന്നെ ജാമ്യം ലഭിച്ചു. 2024 ഒക്ടോബര്‍ ആദ്യ വാരത്തില്‍ ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ചില പ്രതികള്‍ക്ക് ജയിലിന് പുറത്ത് ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത് വാര്‍ത്തയായിരുന്നു.
ഗൗരി ലങ്കേഷ് വധക്കേസിന് പുറമെ 2018ലെ നല്ലസോപാര ആയുധക്കേസിലും ശ്രീകാന്ത് പംഗാര്‍ക്കര്‍ പ്രതിയാണ്. ഈ കേസിലും ജാമ്യത്തിലിരിക്കെയാണ് ഇയാള്‍ ശിവസേനയില്‍ ചേര്‍ന്നത്.
നേരത്തെ അവിഭക്ത ശിവസേനയുടെ ഭാഗമായിരുന്ന ശ്രീകാന്ത് പംഗാര്‍ക്കര്‍ 2001-2006 കാലളവില്‍ ജല്‍ന മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു. എന്നാല്‍ 2011ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ ഹിന്ദു ജന്‍ ജാഗൃതി സമിതിയില്‍ ചേരുകയായിരുന്നു.
Content Highlight: Shiv Sena (Shinde) membership of accused in Gauri Lankesh murder case canceled following public outcry