മുംബൈ: നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ ശിവസേന ഷിന്‍ഡെ വിഭാഗം എം.എല്‍.എ വീടുവിട്ടിറങ്ങി. പാല്‍ഗണ്ഡ് എം.എല്‍.എ ശ്രീനിവാസ വാംഗെയാണ് വീടുവിട്ടിറങ്ങിയത്. ശിവസേന ഷിന്‍ഡെ വിഭാഗം എം.എല്‍.എയായ ശ്രീനിവാസയെ തിങ്കളാഴ്ച്ച മുതല്‍ കാണാനില്ലായിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് ശ്രീനിവാസയെ തഴഞ്ഞ് അടുത്തിടെ പാര്‍ട്ടിയിലെത്തിയ മുന്‍ ബി.ജെ.പി എം.പി രാജേന്ദ്ര ഗാവിതിനെ ശിവസേന പരിഗണിച്ചതില്‍ എം.എല്‍.എയ്ക്ക് അതൃപ്തി ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തുടര്‍ന്ന് പാല്‍ഗണ്ഡിന് പകരം ദഹാനു മണ്ഡലം, ശ്രീനിവാസ ആവശ്യപ്പെട്ടെങ്കിലും നിയമസഭ സമിതിയില്‍ സീറ്റ് നല്‍കാം എന്ന വാഗ്ദാനം മാത്രമാണ് പാര്‍ട്ടി നേതൃത്വം നല്‍കിയത്. എന്നാല്‍ ഈ തീരുമാനത്തില്‍ അതൃപ്തനായ അദ്ദേഹം തന്നെ മിഠായി കാണിച്ച് മയക്കേണ്ടെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ശിവസേനയിലെ പിളര്‍പ്പിന് പിന്നാലെ ഷിന്‍ഡെ വിഭാഗത്തിലേക്ക് കൂറുമാറിയ ആദ്യ എം.എല്‍.എ മാരില്‍ ഒരാളായിരുന്നു ശ്രീനിവാസ. എന്നാല്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ, ഷിന്‍ഡെയ്‌ക്കൊപ്പം ചേരാന്‍ ഉദ്ധവ് താക്കറയെ പോലൊരാളെ കൈയൊഴിഞ്ഞതില്‍ മാപ്പ് പറയുന്നതായി ശ്രീനിവാസ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്ത കാണാതായത്.
തിങ്കളാഴ്ച്ച താക്കറയെ കണ്ട് ക്ഷമ ചോദിക്കാനാണെന്ന് പറഞ്ഞാണ് ശ്രീനിവാസ വീട്ടില്‍ നിന്നിറങ്ങിയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. മണ്ഡലത്തില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തതില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നെന്നും ഭാര്യ വെളിപ്പെടുത്തിയിരുന്നു.
അതേസമയം നവംബര്‍ 20നാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയില്‍ 9.36 കോടി വോട്ടര്‍മാരാണുള്ളത്. 20 ലക്ഷം പുതിയ വോട്ടര്‍മാരുമുണ്ട്. ഒരു ലക്ഷത്തിലേറെ പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.
Content Highlight: Shiv Sena Shinde faction did not give seats; MLA left the country due to depression