'രാജ്യം ആരുടെയും സ്വന്തമല്ല, ഈ മണ്ണില്‍ എല്ലാവരുടെയും രക്തമുണ്ട്'; കേന്ദ്രത്തിനെതിരെ ശിവസേന
മുംബൈ: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ശിവസേന. രാജ്യം ആരുടെയും സ്വന്തമല്ലെന്നും എല്ലാവരുടെയും രക്തം ഇന്ത്യന്‍ മണ്ണിലുണ്ടെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ ബി.ജെ.പി ഹിന്ദു-മുസ്‌ലിം വിഭജനമുണ്ടാക്കാന്‍ നോക്കുകയാണെന്നായിരുന്നു അദ്ദേഹം നേരത്തേ ആരോപിച്ചിരുന്നത്.
‘നിയമവിരുദ്ധരായ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കണം. കുടിയേറ്റ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കണം, പക്ഷേ വോട്ട് ബാങ്ക് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണത്തിന് മറുപടി നല്‍കണം. അവര്‍ക്ക് വോട്ടവകാശം നല്‍കരുത്, കശ്മീരി പണ്ഡിറ്റുകളെ കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം അവര്‍ വീണ്ടും കശ്മീരിലേക്ക് പോയിട്ടുണ്ടോ?’, സഞ്ജയ് റാവത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ട്വിറ്ററില്‍ ചോദിച്ചിരുന്നു.
ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച ശിവസേന, രാജ്യസഭയില്‍ നിലപാട് മാറ്റിയിരുന്നു. എതിര്‍ത്ത് വോട്ട് ചെയ്തില്ലെങ്കിലും അവര്‍ സഭ ബഹിഷ്‌കരിക്കുകയായിരുന്നു. തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു മറുപടി ലഭിക്കാതെ ബില്ലിനെ പിന്തുണയ്ക്കില്ലെന്നായിരുന്നു സേനാ അധ്യക്ഷനും മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ നിലപാട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധം അലയടിക്കുകയാണ്. അതിനിടെ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വ്യാപക അക്രമമാണ് പ്രതിഷേധക്കാര്‍ക്കു നേരെ നടക്കുന്നത്.
ഇവിടെ ഇരുന്നൂറോളം വാഹനങ്ങളും രണ്ട് മുസ്ലിം പള്ളികളും നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
പൊലീസിനൊപ്പം ആര്‍.എസ്.എസ് പ്രവര്‍ത്തകരും ബി.ജെ.പി എം.പിയും അക്രമത്തിനു നേതൃത്വം കൊടുക്കുന്നതായി ആരോപണമുണ്ട്. കഴിഞ്ഞദിവസമുണ്ടായ പൊലീസ് വെടിവെപ്പില്‍ ഇവിടെ കൊല്ലപ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളാണ്. ഇവരുടെ തലയ്ക്കു വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ അന്വേഷണം വേണമെന്നും ബി.ജെ.പി എം.പി സഞ്ജീവ് ബലിയാന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. സഞ്ജീവ് ബലിയാന്‍ 2013-ലെ മുസാഫര്‍നഗര്‍ കലാപത്തില്‍ പ്രതിയായിരുന്നു.