| Sunday, 6th February 2022, 10:05 pm

ഇ.ഡിയ്ക്കും മറ്റ് ഏജന്‍സികള്‍ക്കും എന്ത് വിശ്വാസ്യതയാണുള്ളത്; മുന്‍ ഇ.ഡി ഉദ്യോഗസ്ഥന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആഞ്ഞടിച്ച് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിംഗിന്റെ ബി.ജെ.പി സഥാനാര്‍ത്ഥിത്വത്തിനെതിരെ ആഞ്ഞടിച്ച് ശിവസേനാ എം.പി സഞ്ജയ് റാവത്ത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ സ്വയം സ്ഥാനമൊഴിഞ്ഞ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുകയാണെന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് ഒരു വിശ്വാസ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘രാഷ്ട്രീയ എതിരാളികളുടെ ഓഫീസുകളും മറ്റും റെയ്ഡ് ചെയ്യാനും കുരുക്കിലാക്കാനും ബി.ജെ.പി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ഉപയോഗിക്കുകയാണ്. ഇതിന് പ്രതിഫലമായാണ് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നത്,’ റാവത്ത് പറഞ്ഞു. ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുമ്പോള്‍ എങ്ങനെയാണ് അവരെ വിശ്വസിക്കാന്‍ സാധിക്കുകയെന്നും റാവത്ത് ചോദിച്ചു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ശിവസേന അറുപതോളം സീറ്റുകളില്‍ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഉത്തര്‍പ്രദേശില്‍ 50-60 സീറ്റുകളില്‍ ഞങ്ങള്‍ മത്സരിക്കുന്നുണ്ട്. ഒരു വലിയ പാര്‍ട്ടിയായും സഖ്യമുണ്ടാക്കിയല്ല ഞങ്ങള്‍ മത്സരിക്കുന്നത്. എന്നാല്‍, ചെറിയ സംഘടനകളുമായി ഞങ്ങള്‍ ധാരണയിലെത്തിയിട്ടുണ്ട്. 15-20 ലോക്‌സഭാ സീറ്റുകളില്‍ ഞങ്ങള്‍ മത്സരിക്കും,’ റാവത്ത് പറഞ്ഞു.

ഭരണത്തിന്റെ അധികാരമുപയോഗിച്ച് ബി.ജെ.പി തങ്ങളുടെ പത്രികകള്‍ തള്ളിച്ചെന്നും അദ്ദേഹം പറഞ്ഞു. തോല്‍വിയെ ഭയന്ന് തങ്ങളുടെ 15 പത്രികകളാണ് ഇത്തരത്തില്‍ ബി.ജെ.പി തള്ളിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ ഇ.ഡി ഉദ്യോഗസ്ഥനായ രാജേശ്വര്‍ സിംഗ് ബി.ജെ.പി ടിക്കറ്റില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. സരോജിനി നഗര്‍ മണ്ഡലത്തില്‍ നിന്നുമാണ് സിംഗ് മത്സരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയായിരുന്നു രാജേശ്വര്‍ സിംഗ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ സ്ഥാനം സ്വമേധയാ ഒഴിഞ്ഞത്. സ്ഥാനമൊഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സിംഗിനെ പ്രഖ്യാപിക്കുകയായിരുന്നു.

’24 വര്‍ഷത്തെ യാത്രക്ക് വിരാമമിടുന്നു. ഈ അവസരത്തില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍, ഇ.ഡി ഡയറക്ടര്‍ എസ്.കെ. മിശ്ര എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നു,” രാജേശ്വര്‍ സിംഗ് ട്വീറ്റ് ചെയ്തു.

താന്‍ ഇതുവരെ നേടിയ അറിവുകള്‍ രാഷ്ട്രീയ പ്രവേശന വേളയില്‍ രാജ്യത്തിന് വേണ്ടിയും ജനങ്ങളെ സേവിക്കുന്നതിനായും വിനിയോഗിക്കുമെന്നും സിംഗ് ട്വീറ്റില്‍ പറഞ്ഞു.

ദേശീയവാദത്തിലൂന്നിയ രാഷ്ട്രീയമാണ് രാജ്യസേവനത്തിന് വേണ്ടതെന്നാണ് തന്റെ വിശ്വാസമെന്നും രാജേശ്വര്‍ സിംഗ് പറയുന്നു.

ഉത്തര്‍പ്രദേശ് പൊലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായിരുന്ന രാജേശ്വര്‍ സിംഗ് 2007ലാണ് ഇ.ഡിയില്‍ ജോയിന്‍ ചെയ്യുന്നത്.

2ജി സ്‌പെക്ട്രം അഴിമതി, സഹാറ കേസ്, ഐ.എന്‍.എക്‌സ് മീഡിയ കേസ് തുടങ്ങി നിരവധി ഹൈ പ്രൊഫൈല്‍ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥനാണ് രാജേശ്വര്‍ സിംഗ്

Content Highlight:  Shiv Sena’s Sanjay Raut questions credibility of agencies after BJP fields ex-ED officer in UP polls

Latest Stories

We use cookies to give you the best possible experience. Learn more