ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശ് ബിഹാര്‍ തെരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തിന് പിന്നാലെ ബി.ജെ.പിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ആഞ്ഞടിച്ച് ശിവസേന. സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങള്‍ ശ്രദ്ധിക്കാതെ ലോക നേതാക്കളെ കാണുന്നതിനും അവരെ വിനോദ സഞ്ചാരത്തിന് കൊണ്ടു പോവുന്നതിനുമാണ് മോദി ഉത്സാഹം കാണിക്കുന്നതെന്ന് ശിവസേന മുഖപത്രമായ സാമ്‌ന കുറ്റപ്പെടുത്തി.
“തൊഴിലില്ലായ്മ, അഴിമതി, ദാരിദ്ര്യം, കര്‍ഷക ആത്മഹത്യ തുടങ്ങിയ നിരവധി വിഷയങ്ങള്‍ സാധാരണക്കാര്‍ അനുഭവിക്കുന്നു. പക്ഷേ പ്രധാനമന്ത്രിയെ ഇതൊന്നും ബാധിക്കുന്നതായി തോന്നുന്നില്ല. അദ്ദേഹം ലോക നേതാക്കളെ ഇന്ത്യയിലേക്ക് ക്ഷണിക്കാനും അവരോടൊപ്പം വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോവാനുമാണ് കൂടുതല്‍ ശ്രദ്ധ കാണിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ തന്നെ നേരിടട്ടെ എന്നാണ് അദ്ദേഹം കരുതുന്നത്.” – മുഖപത്രം പറയുന്നു.
ബിഹാറിലും ഉത്തര്‍പ്രദേശിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നേരിട്ട പരാജയം പ്രതിപക്ഷത്തിന് പുതിയ ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണെന്നും ബി.ജെ.പിയെ പിന്തുണച്ച് കെണിയില്‍ പെട്ടിരിക്കുകയാണെന്ന് ജനങ്ങള്‍ മനസിലാക്കുകയാണെന്നും ശിവസേന കുറ്റപ്പെടുത്തി.
പ്രതിപക്ഷ പാര്‍ട്ടിയുമൊന്നിച്ചുള്ള സോണിയ ഗാന്ധിയുടെ അത്താഴ വിരുന്നിനെയും ശിവസേന പരിഹസിച്ചു. അത്താഴ വിരുന്നിലൂടെ മാത്രം ബി.ജെ.പിക്കെതിരെ മുന്നോട്ട് പോവാന്‍ കോണ്‍ഗ്രസിന് കഴിയില്ല. കരുത്തനായ നേതാവും ശക്തമായ നിലപാടുമാണ് രാജ്യത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മുഖപത്രം പറഞ്ഞു.
Watch DoolNews Special : പൂനൂർ പുഴയിലെ വെള്ളമാണോ നിങ്ങൾ കുടിക്കുന്നത്?