| Wednesday, 30th October 2019, 1:38 pm

'കശ്മീര്‍ ഒരു അന്താരാഷ്ട്ര വിഷയമല്ല, പിന്നെ എന്തിന് വിദേശ പ്രതിനിധികളെ കയറ്റി'; ബി.ജെ.പിക്കെതിരെ ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന.

ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന് സംസ്ഥാനം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്യുന്നത്.

ജമ്മു കശ്മീരില്‍ എല്ലാം സാധാരണ നിലയിലായ അവസ്ഥയില്‍ എന്തിനാണ് വിദേശ പ്രതിനിധികളെ അവിടെ എത്തിച്ചത് എന്ന ചോദ്യമാണ് സാമ്‌ന ഉയര്‍ത്തിയത്. കശ്മീര്‍ ഒരു അന്താരാഷ്ട്ര വിഷയമല്ലല്ലോയെന്നും എഡിറ്റോറിയല്‍ പറഞ്ഞു.

കശ്മീര്‍ പ്രശ്നം അന്താരാഷ്ട്രവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്ന എതിരാളികളുടെ കൈകള്‍ക്ക് ബലം പകരാന്‍ മാത്രമേ ഈ നടപടിയെ കൊണ്ട് സാധിക്കുകയുള്ളൂവെന്നും ശിവസേന കുറ്റപ്പെടുത്തി.

കശ്മീരില്‍ യു.എന്‍ ഇടപെടലിനെ നിങ്ങള്‍ എതിര്‍ക്കുന്നുവെങ്കില്‍ പിന്നെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്റെ പരിശോധന നിങ്ങള്‍ക്ക് എങ്ങനെ സ്വീകാര്യമാകും? യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്റെ ഈ പരിശോധന ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമല്ലേയെന്നും സാമ്‌ന എഡിറ്റോറിയലില്‍ ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കുല്‍ഗാമിലെ കത്രാസൂ ഗ്രാമത്തില്‍ തീവ്രവാദികള്‍ ആറ് കശ്മീര്‍ ഇതര തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയായിരുന്നു യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനവും.

യൂറോപ്യന്‍ യൂണിയന്‍ സംഘത്തിന്റെ സന്ദര്‍ശനത്തിനെിതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ആളുകള്‍ സ്വയം ഉപരോധം തീര്‍ക്കുകയും കടകള്‍ അടച്ചുപൂട്ടിയുമായിരുന്നു പ്രതിഷേധിച്ചത്. പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.

ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഒരു അന്താരാഷ്ട്ര പ്രതിനിധി സംഘം ആദ്യമായാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നത്. 23 അംഗ സംഘമാണ് ചൊവ്വാഴ്ച താഴ്‌വരയിലെത്തിയത്.

We use cookies to give you the best possible experience. Learn more